|    Sep 19 Tue, 2017 5:10 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒരു കൊലയും കുറേ വിവാദങ്ങളും

Published : 23rd July 2016 | Posted By: SMR

വാസില്‍

കഴിഞ്ഞ ദിവസം കുറ്റിയാടി വേളത്തുണ്ടായ നിര്‍ഭാഗ്യകരമായ കൊലപാതകം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് എന്നു പറയുന്നതോടൊപ്പം പ്രസ്തുത സംഭവത്തെ മുഖ്യമന്ത്രി പിണറായി സമീപിച്ച രീതി ഒട്ടും ആശാസ്യമല്ലെന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്.
രക്തക്കറ പുരണ്ട കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെക്കുറിച്ച്, ആളുകളെ എളുപ്പത്തില്‍ കൊല്ലുന്നതിന് പരിശീലനം നല്‍കുന്നവര്‍ എന്നു പറയുക. വെറുമൊരു സിപിഎം നേതാവ് ഇങ്ങനെ പറഞ്ഞാല്‍ അത് പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിന്റെ സംസ്‌കാരമായി കാണാമായിരുന്നു. പിണറായി തന്നെ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ ഒരു പ്രകോപനവുമില്ലാതെ എസ്ഡിപിഐയെ ആക്രമിച്ചത് കണ്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ സഖാവ് മുഖ്യമന്ത്രിയാണ്. ആ പദവിക്കൊരു മാന്യതയുണ്ട്. രാഷ്ട്രീയവിദ്വേഷം ഒലിപ്പിച്ചുതീര്‍ക്കാനുള്ളതല്ല മുഖ്യമന്ത്രിപദം. സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തിയ കൊലകള്‍ മറച്ചുവയ്ക്കാന്‍ മറ്റുള്ളവരുടെ മേല്‍ കുറ്റം കെട്ടിവയ്ക്കുന്ന നികൃഷ്ടമായ പാരമ്പര്യമുള്ളവര്‍ക്ക് ഇതിലപ്പുറവും പറയാന്‍ കഴിയും. തലശ്ശേരിയില്‍ ഫസലിനെ കൊല ചെയ്ത് കുറ്റം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ച് സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരുടെ ഉപദേശിപ്രസംഗത്തിന് എന്തു വിലയാണുണ്ടാവുക. അരിയില്‍ ഷുക്കൂറെന്ന മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ മണിക്കൂറുകളോളം തടവില്‍ നിര്‍ത്തി, കെട്ടിയിട്ട് വിചാരണ ചെയ്ത് മുകളില്‍നിന്നുള്ള ഓര്‍ഡര്‍ വാങ്ങി കൊന്നവര്‍ക്ക് എന്തുതന്നെ പറഞ്ഞുകൂടാ. ടി പി വധക്കേസ് ഇന്നു സഖാവിന് തീരെ ഓര്‍മകാണില്ല. ടി പി വധം നടത്താന്‍ കൊണ്ടുപോയ ഇന്നോവ കാറില്‍ ‘മാശാ അല്ലാ’ എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് കുറ്റം ‘മുസ്‌ലിം തീവ്രവാദികളുടെ’ തലയില്‍ വച്ചുകെട്ടാനുള്ള പരിശീലനവും സിപിഎം നല്‍കിവരുന്നതാണ് എന്നു കരുതണം.
ചില എസ്ഡിപിഐ പ്രവര്‍ത്തകരും മുസ്‌ലിം ലീഗുകാരും തമ്മില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ സംഘര്‍ഷമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത് എന്ന് സംഭവം നടന്ന സ്ഥലത്തെ പോലിസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും നാട്ടുകാര്‍ക്കുമറിയാം. ആ കുറ്റകൃത്യത്തില്‍ പാര്‍ട്ടി എന്ന നിലയ്ക്ക് എസ്ഡിപിഐക്ക് ഒരു പങ്കുമില്ലെന്നും വ്യക്തം. അരിയില്‍ ഷുക്കൂറിന്റെയും ടിപി വധത്തിലെയും പ്രതികളെ സിപിഎം രക്ഷിക്കുന്നപോലെ എസ്ഡിപിഐ ചെയ്തിട്ടില്ല.
മാറാട് ആര്‍എസ്എസുകാരെ കൊന്ന കേസിലെ പല പ്രതികളും സിപിഎമ്മുകാരായിരുന്നിട്ടും അത് എന്‍ഡിഎഫുകാരാണെന്നു തട്ടിവിട്ട നേതാവാണ് പിണറായി സഖാവ്. കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച സിപിഎമ്മുകാരും മുസ്‌ലിം ലീഗുകാരും ഇപ്പോള്‍ കണ്ണൂര്‍ ജയിലിലുണ്ട്. അതുസംബന്ധിച്ച കേസ് സുപ്രിംകോടതിയില്‍ വിചാരണ നടക്കാന്‍ പോവുന്നു. അതിലൊന്നും എന്‍ഡിഎഫുകാരില്ല. വേളം പുത്തലത്ത് നടന്ന കൊലപാതകം ന്യായീകരിക്കപ്പെട്ടുകൂട. ലീഗും എസ്ഡിപിഐയുമായി തര്‍ക്കമോ സംഘര്‍ഷമോ ഇല്ലാത്ത വേളം പ്രദേശത്ത് ഇങ്ങനെയൊരു സംഭവം നടക്കാന്‍പാടില്ലാത്തതായിരുന്നു. അതില്‍ ദുഃഖിക്കാത്തവരുണ്ടാവുകയില്ല. എന്നാല്‍, പ്രതികളെ പിടികൂടിയിട്ടും അരുതാത്ത തരത്തില്‍ ഇതിനെ ദുര്‍വ്യാഖ്യാനിച്ച് നവസാമൂഹിക രാഷ്ട്രീയപ്രസ്ഥാനങ്ങളെ വകവരുത്താനുള്ള ഒളിയജണ്ടയ്ക്കു വടിയാക്കാന്‍ ഇരുമുന്നണികളും, അഥവാ പ്രതിപക്ഷവും ഭരണപക്ഷവും യോജിക്കുന്ന കാഴ്ചയാണു കാണുന്നത്. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ലീഗിനും ഇക്കാര്യത്തില്‍ ഒരേ സ്വരമാണുള്ളത്.
തികച്ചും രാഷ്ട്രീയമായി അരിയില്‍ ഷുക്കൂര്‍ എന്ന നിരപരാധിയായ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ മുസ്‌ലിം ലീഗിന് ഇപ്പോഴുണ്ടായതരത്തിലുള്ള വികാരാവേശങ്ങളൊന്നും കണ്ടില്ല എന്നതും ശ്രദ്ധേയമാണ്. തൂണേരിയില്‍ ഷിബിന്‍ എന്ന ഡിവൈഎഫ്‌ഐക്കാരനായ ചെറുപ്പക്കാരനെ കൊല്ലുമ്പോള്‍ പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഒരു അറപ്പും തോന്നിയിട്ടില്ല. പ്രസ്തുത കൊലപാതകം ലീഗിന്റെ മൊത്തം പരിപാടിയാണെന്ന മട്ടില്‍ ആ പാര്‍ട്ടിയുടെ തലയില്‍ വച്ചുകെട്ടിയാല്‍ എങ്ങനെയിരിക്കും? കുറ്റം ചെയ്ത വ്യക്തികളുടെ അതിക്രമങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുമ്പോള്‍ വലിയ സാമൂഹികപ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നതില്‍ തര്‍ക്കമില്ല. ലീഗിന്റെ പരമ്പരാഗത നേതാക്കള്‍ സൂക്ഷ്മതയോടെ പ്രതികരിക്കുന്നത് അതറിയാവുന്നതുകൊണ്ടാവണം. എന്നാല്‍, കന്നി എംഎല്‍എ പാറക്കല്‍ അബ്ദുല്ല പെട്ടെന്ന് നേതാവായതുകൊണ്ടാവണം പ്രതികരണങ്ങള്‍ അപക്വമാവുന്നത്. എംഎല്‍എയുടെ പ്രധാന ബിസിനസ് ഗള്‍ഫിലായതുകൊണ്ടായിരിക്കണം അസംബ്ലിയില്‍ കയറിയപ്പോള്‍ ഐഎസിനെ ഓര്‍മ വന്നത്. സ്വന്തം തട്ടകത്തില്‍ പാര്‍ട്ടിയുടെ അനുയായികള്‍ നാടന്‍ബോംബ് നിര്‍മിക്കുന്ന കലാപരിപാടിയില്‍ മുഴുകുന്നതും അബ്ദുല്ല അറിഞ്ഞുകൊള്ളണമെന്നില്ല. ബോംബ് നിര്‍മാണത്തിനിടെ അഞ്ച് ലീഗ് യുവാക്കളുടെ ദാരുണ അന്ത്യമുണ്ടായതും അദ്ദേഹം അറിഞ്ഞുകാണില്ല.
അബ്ദുല്ലയുടെ പുതിയ സഹപ്രവര്‍ത്തകനായ ലീഗ് എംഎല്‍എ പി കെ ബഷീര്‍ തന്റെ മണ്ഡലത്തിലുണ്ടായ ഒരു കൊലപാതകക്കേസില്‍ തങ്ങള്‍ക്കെതിരായി വല്ലവരും കോടതിയില്‍ സാക്ഷിപറയാന്‍ എത്തിയാല്‍ അവര്‍ വീട്ടിലേക്ക് തിരിച്ചുപോവില്ലെന്നു പരസ്യമായി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ യൂട്യൂബിലുണ്ട്.
റമദാനില്‍ മങ്കടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതികള്‍ പ്രാദേശിക ലീഗ് പ്രവര്‍ത്തകരാണ്. നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ വൈരാഗ്യമുണ്ടായിരുന്നവരുമാണ് ഇവര്‍. ഇവരൊക്കെ ഏത് തീവ്രവാദസംഘടനയില്‍പ്പെട്ടവരെന്നുകൂടി പാറക്കല്‍ വെളിപ്പെടുത്തേണ്ടതായിരുന്നു. എസ്ഡിപിഐയുടെ വോട്ട് ചോദിച്ചതിന്റെയും ചര്‍ച്ച നടത്തിയതിന്റെയും കഥകള്‍ ഖത്തറിലായിരുന്ന പാറക്കലിന് അറിയാതെ വരില്ല. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കുറ്റിയാടിയില്‍ പാറക്കല്‍ ജയിച്ചുകയറിയത് എസ്ഡിപിഐ വോട്ട് കൂടി കിട്ടിയതുകൊണ്ടാണെന്നു പാലം കടന്ന സ്ഥിതിക്ക് സമ്മതിക്കാന്‍ ചമ്മലുണ്ടാവും. പക്ഷേ, എസ്ഡിപിഐയുടെ വോട്ട് ചോദിച്ചത് മറക്കാന്‍ മാത്രം സമയമായിട്ടില്ല. മുസ്‌ലിം ലീഗിന്റെ തനതു രാഷ്ട്രീയത്തില്‍ വെള്ളം ചേര്‍ത്ത് പ്രവര്‍ത്തകരെ ഒരുതരം സംഘപരിവാര സഹചാരികളാക്കി മാറ്റാന്‍ ശ്രമിക്കുന്ന പ്രത്യേക ഗ്രൂപ്പിന്റെ കൈകളിലേക്ക് ചിലര്‍ വഴുതിവീഴുന്നതിന്റെ ലക്ഷണമാണിത്. മങ്കടയില്‍ കൊല്ലപ്പെട്ട ചെറുപ്പക്കാരന് വെള്ളം കൊടുക്കുന്നതുപോലും പ്രതികള്‍ തടയുകയായിരുന്നു. മാറാട് കൂട്ടക്കൊലക്കേസില്‍ എല്ലാ അന്വേഷണങ്ങളും വിരല്‍ചൂണ്ടിയത് കോഴിക്കോട്ടെ ഒരു ക്വാറിമുതലാളിയും പാര്‍ട്ടിയുടെ സമസ്ത സഹചാരിയുമായ പ്രമുഖ ലീഗ് നേതാവിന്റെ നേരെയായിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്ന 31 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 14 കേസിലെ പ്രതികള്‍ സിപിഎമ്മുകാരും 12 കേസുകളില്‍ ബിജെപിക്കാരും മൂന്ന് കേസില്‍ മുസ്‌ലിം ലീഗുകാരും ഓരോന്നില്‍ കോണ്‍ഗ്രസ്സുകാരുമാണെന്ന് ആഭ്യന്തരവകുപ്പിന്റെ കണക്കുപുസ്തകം പറയുന്നു. ചെന്നിത്തലയുടെ ഒരു പരിശീലനവും ലഭിക്കാത്ത ‘ശാന്തിദൂതന്മാര്‍’ ചാവക്കാട്ട് ഹനീഫയെന്ന സ്വന്തം പ്രവര്‍ത്തകനെ കൊന്ന് ആത്മസായൂജ്യമടഞ്ഞവരാണ്.
ഒരാഴ്ച മുമ്പ് പയ്യന്നൂരില്‍ ഡിവൈഎഫ്‌ഐക്കാരനായ ധനരാജിനെ 10 ബിജെപിക്കാര്‍ ചേര്‍ന്ന് വെട്ടിക്കൊന്ന് മണിക്കൂറുകള്‍ക്കകമാണ് സിപിഎമ്മുകാര്‍ ബിജെപിക്കാരനായ രാമചന്ദ്രനെ തട്ടിക്കളഞ്ഞത്. ഇങ്ങനെ പൊടുന്നനെ, ഗോളടിക്കും ക്രമത്തില്‍ കൊല്ലാക്കൊല നടത്താനുള്ള പരിശീലനം സിദ്ധിച്ചവരാണ് ഇരുകൂട്ടരുമെന്ന് അറിയാത്ത ആരുണ്ട് കേരളത്തില്‍.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 2005 മുതല്‍ 2015 വരെ 89 രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ നടക്കുകയുണ്ടായി. ഇതില്‍ 35 കേസുകളില്‍ പ്രതികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും 41 കേസുകളില്‍ സിപിഎമ്മുകാരുമായിരുന്നു. രണ്ടു കൊലക്കേസുകളില്‍ മുസ്‌ലിം ലീഗുകാരും പ്രതികളായിരുന്നു. കോണ്‍ഗ്രസ്സിന്റെ റോള്‍ ഒട്ടും മോശമല്ല. ആറു കേസുകളില്‍ കൊലയാളികള്‍ കോണ്‍ഗ്രസ്സുകാരായിരുന്നു. അഥവാ 10 വര്‍ഷത്തിനിടെ 41 കൊലകള്‍ സിപിഎം നടത്തിയെങ്കില്‍ വര്‍ഷത്തില്‍ ശരാശരി നാല് രാഷ്ട്രീയ എതിരാളികളെ അവര്‍ വകവരുത്തിക്കൊണ്ടിരിക്കുന്നു എന്നാണര്‍ഥം.
പുതിയ സര്‍ക്കാര്‍ 2016ല്‍ അധികാരമേറ്റ് മൂന്നുമാസം തികഞ്ഞിട്ടില്ല. 485 രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടായതില്‍ 384 സംഘട്ടനങ്ങളിലും പ്രതികള്‍ മുഖ്യമന്ത്രിയുടെ സ്വന്തം പാര്‍ട്ടിക്കാരാണെങ്കില്‍ കണ്ണൂര്‍ ഗ്രാമങ്ങളിലെ ഓണംകേറാമൂലകളിലും പാര്‍ട്ടിഗ്രാമങ്ങളിലും നടക്കുന്ന പരിശീലനങ്ങള്‍ അന്വേഷിക്കാന്‍ സഖാവ് മുന്നോട്ടുവരണം. 1,081 സിപിഎമ്മുകാര്‍ ഇതിന്റെ പേരില്‍ കഴിഞ്ഞ രണ്ടുമാസങ്ങളില്‍ അറസ്റ്റിലായിട്ടുണ്ട്. 221 സംഘട്ടനങ്ങളില്‍ ബിജെപിക്കാരും 244 ഏറ്റുമുട്ടലുകളില്‍ കോണ്‍ഗ്രസ്സുകാരും നിരവധി കേസുകളില്‍ മുസ്‌ലിം ലീഗുകാരും പ്രതികളാണ്. ഈ ആഴ്ചയും വടകരയില്‍ ലീഗ്-സിപിഎം സംഘട്ടനമുണ്ടായി. താനൂര്‍ ഭാഗത്ത് ഇത് സ്ഥിരം കലാപരിപാടിയാണ്. മലപ്പുറത്തെ 78 കേസുകളില്‍ 76ലും പ്രതികള്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണ്.
അതിനാല്‍ കൊലപാതകങ്ങളെ അപലപിക്കാന്‍ മാത്രമല്ല, അവസാനിപ്പിക്കാനും എല്ലാ ജനാധിപത്യ, മതേതര സംഘടനകളും ഒരുമിച്ചുനില്‍ക്കുകയും ഒന്നിച്ച് ചെറുക്കുകയുമാണു വേണ്ടത്. ഓരോ പാര്‍ട്ടിയിലെയും അപക്വമതികളായ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പ്രാദേശിക നേതാക്കള്‍ക്കു കഴിയേണ്ടതുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളെ ചെല്ലും ചെലവും കൊടുത്ത് പോറ്റുന്ന സിപിഎമ്മിനും ബിജെപിക്കും എന്തു ചികില്‍സയാണു നല്‍കേണ്ടതെന്ന് ജനം തീരുമാനിക്കട്ടെ. അവയിലെല്ലാം മരിച്ചുവീഴുന്നവരും പ്രതികളും പിന്നാക്ക, അധഃസ്ഥിത ജനവിഭാഗങ്ങളാണെന്ന വസ്തുതയും ജനങ്ങള്‍ തിരിച്ചറിയട്ടെ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക