|    Dec 11 Tue, 2018 11:13 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഒരു കൊടിയ അനീതിയുടെ ഓര്‍മകള്‍

Published : 7th December 2018 | Posted By: kasim kzm

ഹിന്ദുത്വഭീകരര്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ടതിന്റെ 26ാം വാര്‍ഷികദിനമായിരുന്നു ഇന്നലെ. ഇന്ത്യയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തിനാണ് 1992 ഡിസംബര്‍ 6ന് അയോധ്യയില്‍ തുടക്കം കുറിച്ചത്. ഒരു കൊടിയ അനീതിയുടെ പാപഭാരം പേറി കാല്‍ നൂറ്റാണ്ടുകാലം നമ്മുടെ രാജ്യം മുന്നോട്ടുപോയിരിക്കുന്നു. ഈ ദീര്‍ഘയാത്രയ്ക്കിടയില്‍ രാജ്യത്തിനു സംഭവിച്ച ഗതിമാറ്റങ്ങള്‍ ഒരു ഗുണദോഷ വിചിന്തനത്തിനു വിധേയമാക്കുന്നത് നാം ഓരോരുത്തരും എവിടെ നില്‍ക്കുന്നുവെന്നു തിട്ടപ്പെടുത്താനും ആ നില്‍പ്പിന്റെ ന്യായങ്ങളും ബോധ്യങ്ങളും എന്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണെന്ന് ഒരു ആത്മപരിശോധനയ്ക്കു വിധേയമാക്കാനും ഉപകരിച്ചേക്കും.
ഇന്ത്യയിലെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്‌ലിം സമൂഹത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി തയ്യാറാക്കപ്പെട്ട നികൃഷ്ടമായ ഒരു രാഷ്ട്രീയ പദ്ധതിയാണ് ബാബരിയുടെ തകര്‍ച്ചയിലൂടെ നടപ്പാക്കപ്പെട്ടത് എന്നറിയാത്തവരല്ല രാജ്യത്തെ ജനങ്ങളില്‍ ബഹുഭൂരിഭാഗവും. എന്നിട്ടും എത്ര അനായാസമായാണു നമ്മുടെ രാജ്യത്ത് അതു സാധ്യമായത്? നാം ഏറെ അഭിമാനംകൊള്ളുന്ന നമ്മുടെ ജനാധിപത്യത്തിനോ സാംസ്‌കാരിക മികവുകള്‍ക്കോ പുരോഗമനവാദങ്ങള്‍ക്കോ സര്‍വോപരി, നമ്മുടെ നിയമ വ്യവസ്ഥയ്‌ക്കോ ബാബരി മസ്ജിദിനെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കാനായില്ല. ലോകം നോക്കിനില്‍ക്കെ, അതിശക്തമെന്ന് അതു വരെയും ലോകം കരുതിയിരുന്ന രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ബന്ദിയാക്കി നിര്‍ത്തി ഒരുകൂട്ടം ഹിന്ദുത്വ അക്രമികള്‍ ബാബരിയുടെ മിനാരങ്ങള്‍ തകര്‍ത്തിടുമ്പോള്‍ രാജ്യത്തിന് അപമാനഭാരത്താല്‍ തല കുനിക്കേണ്ടിവന്നു. അപ്പോഴും തെരുവുകളില്‍ വിജയോന്മത്തതയുടെ ആരവങ്ങള്‍ നാം കേട്ടിരുന്നു. രാജ്യം തോല്‍ക്കുമ്പോള്‍ ജയാരവം മുഴക്കുന്നവരെ തിരിച്ചറിയാന്‍ പക്ഷേ, അന്നും ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ല.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയ വാദമുഖങ്ങള്‍ ഒന്നുപോലും വസ്തുതാപരമായിരുന്നില്ല എന്നറിയാന്‍ സാമാന്യബുദ്ധി തന്നെ മതിയായിരുന്നു. നാലുതവണ അധികാരത്തിലിരുന്നിട്ടും നീതിപീഠങ്ങള്‍ പോലും തങ്ങളുടെ അധികാര മുഷ്‌ക്കിനു വിധേയമായിട്ടും ബാബരി ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ വീണ്ടും കൈയൂക്കും ഭീഷണിയുമായി ഹിന്ദുത്വര്‍ക്കു രംഗത്തുവരേണ്ടിവരുന്നത് നേരും നെറിയും തങ്ങളുടെ പക്ഷത്തില്ലെന്ന ഉറച്ച ബോധ്യംകൊണ്ടു തന്നെയാണ്.
എന്തുതന്നെയായാലും, അധികാരത്തിന്റെയോ ആള്‍ബലത്തിന്റെയോ അട്ടഹാസങ്ങള്‍ കണ്ട് അനീതികള്‍ക്കു കീഴൊതുങ്ങാന്‍ രാജ്യത്തെ മുസ്‌ലിംകള്‍ സന്നദ്ധരാവില്ല. കൊടിയ അനീതികളുടെ മുതുകിലേറി ഏറെദൂരം സഞ്ചരിക്കാനും ആര്‍ക്കുമാവില്ല. ബാബരി മസ്ജിദിനു വേണ്ടിയുള്ള മുറവിളികള്‍ രാജ്യത്തു ശക്തിപ്പെടുന്നതും ബാബരി മണ്ണില്‍ ക്ഷേത്രം പണിയാനുള്ള നീക്കങ്ങള്‍ക്കു ജനപിന്തുണ കുറയുന്നതും നീതിയുടെയും സത്യത്തിന്റെയും അപ്രമാദിത്വം തന്നെയാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മിതിയിലൂടെ മാത്രമേ രാജ്യത്തു നീതി സ്ഥാപിക്കപ്പെടുകയുള്ളൂ. നീതിയുടെ വഴിയിലൂടെയല്ലാതെ നമുക്ക് നമ്മുടെ രാജ്യത്തെ വീണ്ടെടുക്കാനാവില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss