|    Mar 26 Sun, 2017 5:06 am
FLASH NEWS

ഒരു കീഴാള കേരളം ഉണരുകയാണ്

Published : 31st March 2016 | Posted By: G.A.G

keezhala

സിവിക് ചന്ദ്രന്‍

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡല്‍ഹി ജെഎന്‍യുവിലേക്ക് എത്തുമ്പോള്‍ ഏതു മുദ്രാവാക്യത്തെ കേന്ദ്രീകരിച്ചാണോ ഇന്ത്യയിലെ ക്യാംപസുകള്‍ ഒരു ധ്രുവീകരണത്തിന് ശ്രമിച്ചത് അത് ഹൈജാക്ക് ചെയ്യപ്പെട്ടു എന്നു കാണാം. പ്രധാനമായും ജാതി പ്രശ്‌നം (കാസ്റ്റ് ഫാക്ടര്‍) ആണ് രോഹിത് വെമുല വിഷയം ഉയര്‍ത്താന്‍ ശ്രമിച്ചത്. അത് ദളിത് പ്രശ്‌നം മാത്രമായിരുന്നില്ല. ദളിതത്വമുള്ള ഒരു വലിയ വിഭാഗത്തിന്റെ കൂട്ടായ്മയെ അടിസ്ഥാനമാക്കിയുള്ള ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ഗ്രാമീണര്‍, പരമ്പരാഗത തൊഴിലാളികള്‍ ഇവരെയൊക്കെ ഉള്‍കൊള്ളുന്ന വിശാലമായ ഒരു സമൂഹത്തിന്റെ ധ്രുവീകരണമാണ് നടക്കേണ്ടിയിരുന്നത്. ജെഎന്‍യുവിലേക്ക് കാര്യങ്ങള്‍ മാറിയപ്പോള്‍ അത് അപ്രധാനമായി. ബിജെപിക്ക് ക്യാംപസുകളിലെ പ്രവണതകളെ ഗതി മാറ്റി വിടണമായിരുന്നു. ഇടതുപക്ഷവും അതാഗ്രഹിച്ചിരുന്നു. രോഗി ഇച്ഛിച്ചതും പാല്‍, വൈദ്യന്‍ കല്‍പിച്ചതും പാല്‍ എന്ന രീതിയിലേക്ക് സംഭവങ്ങളെത്തി. അംബേദ്കറേറ്റുകള്‍ക്കും കാസ്റ്റ് ഫാക്ടറിനും മുന്‍കൈയുണ്ടാകരുതെന്ന് ഇടതുപക്ഷം ആഗ്രഹിച്ചു. ജെഎന്‍യുവിന്റെ രംഗപ്രവേശനത്തോടെ, പ്രത്യേകിച്ച്    എഐവൈഎഫിന്റെ നേതാവുകൂടിയായ കനയ്യ കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ സ്ഥിതിഗതികളാകെ മാറി. യഥാര്‍ഥത്തില്‍ പന്ത് ഇപ്പോള്‍ സംഘപരിവാറിന്റെ കോര്‍ട്ടിലാണ്. വിദ്യാര്‍ത്ഥികള്‍ ദേശീയവാദികളാണോ ദേശവിരുദ്ധരാണോ എന്ന് ചോദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി.
kezhala-blurbഇന്ത്യയിലെപ്പൊഴൊക്കെ കാസ്റ്റ് ഫാക്ടര്‍ ഉയര്‍ന്നുവന്നിട്ടുണ്ടോ അപ്പോഴെല്ലാം ഇത്തരം ഹൈജാക്ക് ചെയ്യപ്പെടല്‍ സംഭവിച്ചിട്ടുണ്ട്. 25 വര്‍ഷം മുമ്പ് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ധ്രുവീകരണം നടന്നുകൊണ്ടിരിക്കെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ജെഎന്‍യു സംഭവത്തിനു പിറകെ മറ്റൊരു ബാബരി മസ്ജിദ് സംഭവിക്കാനുണ്ടോ എന്നാണ് നാം ഇപ്പോള്‍ ആശങ്കയോടെ കാത്തിരിക്കേണ്ടത്. ജെഎന്‍യു വിഷയത്തെത്തുടര്‍ന്ന് ചില നേട്ടങ്ങളുണ്ടായി. ഇതുവരെ കാസ്റ്റ് ഫാക്ടര്‍ ഗൗരവമായി എടുക്കാത്തവര്‍ക്ക് ഇങ്ക്വിലാബിന്റെ കൂടെ ജയ്ഭീം എന്ന് വിളിക്കേണ്ടി വന്നു; ലാല്‍ സലാമിന്റെ കൂടെ നീല സലാം എന്നുകൂടി വിളിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായി.
സംഘപരിവാര്‍ എന്നത് ഹിന്ദുമതത്തിലെ വലതുപക്ഷമാണ്. വലതുപക്ഷ ഹിന്ദുവിനെ ഒരു ഇടതുപക്ഷ ഹിന്ദുവിനെ കൊണ്ടുമാത്രമേ നേരിടാന്‍ കഴിയൂ. ഗാന്ധി മുതല്‍ അനന്തമൂര്‍ത്തി വരെ ഈ നിലപാടെടുത്തവരാണ്. ഗാന്ധി തന്റെ പ്രസിദ്ധമായ ഹിന്ദ് സ്വരാജ് എഴുതിയതുതന്നെ ഒരു വലതുപക്ഷ ഹിന്ദുവിന് മറുപടിയായിട്ടാണ്. അതുകൊണ്ടാണ് ഗോദ്‌സെയുടെ ഇരയായി ഗാന്ധി മാറുന്നത്. അനന്തമൂര്‍ത്തി അവസാനം എഴുതിയത് ഹിന്ദ് സ്വരാജ് വെഴ്‌സസ് ഹിന്ദുത്വ എന്ന പുസ്തകമാണ്. ഹിന്ദുത്വയെ നേരിടാന്‍ ഹിന്ദു സ്വരാജ് കൊണ്ടുമാത്രമേ കഴിയൂ. വലതുപക്ഷ ഹിന്ദുത്വത്തെ ഇടതുപക്ഷ ഹിന്ദുത്വം കൊണ്ടുനേരിടണം. ഹിന്ദു വിരുദ്ധതക്കോ ബ്രാഹ്മിന്‍ വിരുദ്ധതക്കോ പഴയ അംബേദ്കറേറ്റുകള്‍ക്കോ അതില്‍ പങ്കില്ല. ഗാന്ധിയന്മാരും അംബേദ്കറേറ്റുകളും ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കണം. അംബേദ്കറും ഗാന്ധിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് അവയുടേതായ കാരണങ്ങളും പശ്ചാത്തലങ്ങളുമുണ്ടായിരുന്നു. അവര്‍ പരസ്പരം ബഹുമാനിച്ചിരുന്നു. പുതിയ അംബേദ്കറേറ്റുകള്‍ക്കും ഗാന്ധിയന്മാര്‍ക്കും പരസ്പര ബഹുമാനമില്ല. അംബേദ്കര്‍ ഹിന്ദുമതത്തിന് പുറത്ത് നിന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഗാന്ധി ഹിന്ദു മതത്തിന് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിച്ചു. മുസ്‌ലിംകള്‍ ഒരു പ്രബല സമുദായമാണ്. അവര്‍ ഗാന്ധിക്കെതിരെ സംസാരിക്കുന്നത് ചരിത്രപരമായ അസംബന്ധമാണ്. മുസ്‌ലിംകള്‍ അത് ചെയ്യരുത്. ഗോദ്‌സെ ഗാന്ധിയെ വധിച്ചതിന് 28 കാരണങ്ങള്‍ പറയുന്നുണ്ട്. അവയില്‍ 27 ഉം മുസ്‌ലിംകള്‍ക്ക് അനുകൂലമായി ഗാന്ധിജി നിലപാടുകളെടുത്തു എന്നുള്ളതാണ്.
നവസാമൂഹിക പ്രസ്ഥാനങ്ങള്‍
ആപിനെ ഇടതുപക്ഷ ഹിന്ദു മുന്നേറ്റമായി കാണാന്‍ കഴിയില്ല. ആപ് കാസ്റ്റ് ഫാക്ടര്‍ ഗൗരവത്തില്‍ എടുക്കുന്നില്ല. കേരളത്തില്‍ ചില സാംസ്‌കാരിക നായകന്മാരാണ് ആപിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. പഴയ തീവ്രവാദികളോട് എനിക്ക് സോഫ്റ്റ് കോര്‍ണറില്ല. ഞാന്‍ പുതിയ തീവ്രവാദികളോടൊപ്പമാണ്. മാവോയിസ്റ്റുകള്‍ പഴയ തീവ്രവാദികളാണ്. നവ സാമൂഹിക പ്രസ്ഥാനങ്ങളാണ് പുതിയ തീവ്രവാദികള്‍. അംബേദ്കറേറ്റുകള്‍ക്കും ഗാന്ധിയന്മാര്‍ക്കുമെല്ലാം ഇടമുള്ളതാണ് ഈ നവ സാമൂഹിക പ്രസ്ഥാനങ്ങള്‍. പോസ്റ്റ് മാര്‍ക്‌സിയന്‍ രാഷ്ട്രീയമാണ് ഈ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. രാഷ്ട്രീയവും സാംസ്‌കാരികവുമായ പഴയ കാലത്തെ നിര്‍വീര്യമാക്കണമെന്ന് കരുതുന്ന ഒരു സമീപനമാണത്.   ദളിതരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയമാണത്. പ്രത്യേക പ്രത്യയശാസ്ത്രമോ പ്രസ്ഥാനമോ സംഘടനയോ ഇല്ലാതെ തന്നെ രൂപപ്പെട്ടുവരുന്ന, സ്വയംഭൂവാകുന്ന പ്രസ്ഥാനങ്ങളാണത്.
കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി എന്‍ഡോസല്‍ഫാന്‍ ഇരകള്‍ മുതല്‍ വിളപ്പില്‍ശാലയിലെ വീട്ടമ്മമാര്‍ വരെ പ്രതിനിധീകരിക്കുന്നത് ഈ നവ സാമൂഹിക പ്രസ്ഥാനങ്ങളെയാണ്. ഇതാണ് പുതിയ കേരളത്തെ നിര്‍ണയിക്കാന്‍ പോകുന്നത്. ഇത്തരം സമരങ്ങളില്‍ അണിനിരക്കുന്നത് വികസനത്തിന്റെ ഇരകളോ, വികസനത്തിന്റെ വിഹിതം കിട്ടാത്തവരോ ആണ്. അത് നമ്മുടെ മുഴുവന്‍ രാഷ്ട്രീയക്കാരും പ്രതിനിധീകരിക്കുന്ന ആധുനികതക്കെതിരെയുള്ള കുറ്റപത്രമാണ്. ഇവിടെ പഴയ കേരളം റദ്ദാവുകയാണ്. നവസാമൂഹിക പ്രസ്ഥാനങ്ങളുമായി സംവാദത്തിലേര്‍പ്പെടാന്‍ രാഷ്ട്രീയക്കാര്‍ നിര്‍ബ്ബന്ധിതരാവുന്നു. കേരളത്തില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഈ പ്രസ്ഥാനങ്ങള്‍ നിര്‍ണായകമായ ശക്തിയായി മാറും. ഒരു കീഴാള കേരളം (സബാള്‍ട്ടന്‍ കേരള) ഉയരുകതന്നെ ചെയ്യും.

(തയ്യാറാക്കിയത്: വിഎം ഫഹദ്)

(Visited 124 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക