|    Nov 18 Sun, 2018 5:35 pm
FLASH NEWS
Home   >  Arts & Literature  >  Art  >  

ഒരു കാറ്റിലുമുലയാത്ത മണല്‍ശില്‍പങ്ങള്‍

Published : 20th March 2017 | Posted By: mi.ptk

ഷാനവാസ് പി പി
2ട്ടു വയസ്സുകാരനായ ഒരു കുട്ടി. കുടുംബം ദരിദ്രമായപ്പോള്‍ കുടുംബത്തോടൊപ്പം അവനും പണിയെടുക്കാന്‍ നിര്‍ബന്ധിതനായി. അയല്‍ഗ്രാമങ്ങളിലെ വീടുകളില്‍ വീട്ടുവേലയായിരുന്നു കണ്ടെത്തിയ തൊഴില്‍. അല്‍പം മുതിര്‍ന്നപ്പോള്‍ ഉള്ളതൊക്കെ പെറുക്കിക്കൂട്ടി ഒരു വെറ്റിലക്കട തുറന്നു. അതും നഷ്ടത്തിലായപ്പോള്‍ വെറ്റിലക്കടയെ ചായക്കടയാക്കി രൂപാന്തരപ്പെടുത്തി. എല്ലുമുറിയെ പണിയെടുത്തിട്ടും അവനും അവന്റെ അമ്മയ്ക്കും സഹോദരന്മാര്‍ക്കും പല രാത്രികളും പട്ടിണിയുടേതായിരുന്നു. അത്തരം രാത്രികളില്‍ അവന്‍ കടല്‍ത്തീരത്ത് നഗ്നപാദനായി എങ്ങോട്ടെന്നില്ലാതെ അലയും.  നടന്നുനടന്നു മടുക്കുമ്പോള്‍ മാനംനോക്കി കിടക്കും. ഒരുനാള്‍ അവന്‍ മണല്‍ അടിച്ചുകൂട്ടി ഒരു ശില്‍പമുണ്ടാക്കി. പിന്നെ അതു മായ്ച്ചുകളഞ്ഞു. പിന്നെയും ഉണ്ടാക്കി. വിശപ്പുമാറ്റാന്‍ ശില്‍പമുണ്ടാക്കുന്നതു നല്ലതാണെന്ന് അവനു മനസ്സിലായി. അങ്ങനെ അവന്‍ ഒരു മണല്‍കലാകാരനായി. സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്‌നായിക് തന്റെ ജീവിതം തുടങ്ങിയത് ഇങ്ങനെയായിരുന്നു.

 

6

കഴിഞ്ഞ ദിവസം മുപ്പത്തൊമ്പതുകാരനായ സുദര്‍ശന്‍ പുരിയിലെ കടല്‍ത്തീരത്ത് മനോഹരമായ ഒരു ശില്‍പം തീര്‍ത്തു. 48.08 അടി ഉയരമുള്ള ഒരു കൂറ്റന്‍ മണല്‍ക്കൊട്ടാരം. ഗിന്നസ് റെക്കോഡ് ബുക്ക് അധികാരികള്‍ ആ ശില്‍പം ലോകത്തിലെ ഏറ്റവും വലിയ മണല്‍ക്കൊട്ടാരമെന്ന് സാക്ഷ്യപ്പെടുത്തി. അമേരിക്കക്കാരനായ ടെഡ് സിബെര്‍ട്ടിന്റെ 45.10 അടിയുടെ ശില്‍പത്തെയാണ് സുദര്‍ശന്‍ മറികടന്നത്. വെറുമൊരു ശില്‍പമുണ്ടാക്കുകയായിരുന്നില്ല സുദര്‍ശന്റെ ലക്ഷ്യം. ലോകസമാധാനത്തിന്റെ പ്രതീകമായാണ് അദ്ദേഹം തന്റെ ശില്‍പം നിര്‍മിച്ചത്. കൊട്ടാരത്തിന്റെ വിവിധ വശങ്ങളില്‍ ലോകസമാധാനത്തിന്റെ പ്രതീകങ്ങളായ മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല തുടങ്ങിയവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുകയും ചെയ്തു. ഒരു സാന്‍ഡ് ആര്‍ട്ട് പാര്‍ക്ക് നിര്‍മിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം തുടര്‍ന്നു നടന്ന ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

4

ഇരുപത്തിരണ്ടാം വയസ്സിലാണ് സുദര്‍ശന്‍ പട്‌നായിക്കിന്റെ രാശി തെളിയുന്നത്. അദ്ദേഹത്തിന്റെ രചനകള്‍ ശ്രദ്ധയില്‍പ്പെട്ട ടൂറിസം ഡിപാര്‍ട്ട്‌മെന്റ് ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര സാന്‍ഡ് ആര്‍ട്ട് ഫെസ്റ്റിവലിലേക്കു ക്ഷണിച്ചു. 1997ല്‍ നടന്ന ആ മഹാമേള സുദര്‍ശനെ ഒരു മികച്ച സാന്‍ഡ് ആര്‍ട്ടിസ്റ്റായി അംഗീകരിച്ചു. അതിനുശേഷം സുദര്‍ശന്‍ അറുപതോളം വ്യത്യസ്ത ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തി ട്ടുണ്ട്. അതില്‍ 20 എണ്ണത്തിലെങ്കിലും അവാര്‍ഡുകളും കരസ്ഥമാക്കി. ‘ബീച്ചാണ് എന്റെ കാന്‍വാസ്, വിരലുകള്‍ എന്റെ ബ്രഷും വെള്ളം എന്റെ ശില്‍പത്തിനു ആകാരവും നല്‍കുന്നു, ആവശ്യമുളള ഏക നിറം മണലും’- മണല്‍ കലാകാരന്‍ സുദര്‍ശന്‍ പട്‌നായിക് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

1

ലോകസമാധാനമാണ് സുദര്‍ശന്റെ ഭൂരിഭാഗം ശില്‍പങ്ങളുടെയും പ്രമേയം. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഉല്‍സവങ്ങള്‍, ദേശീയോദ്ഗ്രഥനം എന്നിവയാണ് മറ്റു പ്രമേയങ്ങള്‍. വലിയൊരു കടല്‍ത്തീരം സ്വന്തമായുള്ള ഒഡീഷയിലാണ് സുദര്‍ശന്‍ തന്റെ കല അവതരിപ്പിക്കാറെങ്കിലും മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹം തല്‍പരനാണ്. സ്‌കൂളുകളിലും കോളജുകളിലും ഇതു പഠിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുന്നു. അതേസമയം, ഇന്ത്യയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ മേഖലയില്‍ വലിയ താല്‍പര്യം കാണുന്നില്ലെന്നും വിദേശങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു.

5

മോസ്‌കോയില്‍ 2016 മെയില്‍ നടന്ന സാന്‍ഡ് ആര്‍ട്ട് ഫെസ്റ്റിവലിലും സുദര്‍ശന്‍ മികച്ച വിജയം നേടിയിരുന്നു. 19 രാജ്യങ്ങളില്‍ നിന്നു പങ്കെടുത്ത കലാകാരന്മാരോടു മല്‍സരിച്ച് വിജയം നേടിയ സുദര്‍ശന്‍ ഗാന്ധിയുടെ ശില്‍പമായിരുന്നു അവിടെ നിര്‍മിച്ചത്. 2016 ഡിസംബറില്‍ പുരിയില്‍ 1000 മണല്‍ശില്‍പങ്ങള്‍ നിര്‍മിച്ചുകൊണ്ട് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി. നാലുദിവസംകൊണ്ട് നിര്‍മിച്ച ആ ശില്‍പസമുച്ചയത്തിന്റെ നിര്‍മാണത്തില്‍ അദ്ദേഹത്തിന്റെ 36 വിദ്യാര്‍ഥികളും സഹകരിച്ചിരുന്നു. 1000 ടണ്‍ മണലാണ് നിര്‍മാണത്തിനു വേണ്ടിവന്നത്. ലോകസമാധാനത്തിന്റെ സന്ദേശം ജനങ്ങള്‍ക്കെത്തിക്കുകയായിരുന്നു ആ പ്രദര്‍ശനത്തിന്റെയും ലക്ഷ്യം. അതൊരു റെക്കോഡായിരുന്നു. കഴിവുകള്‍ മാനിച്ചുകൊണ്ട് 2014ല്‍ രാഷ്ട്രം പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചു.

3.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss