|    Mar 23 Thu, 2017 8:00 am
FLASH NEWS

ഒരു കര്‍ഷകപ്പോരാളിയുടെ ജീവിതം

Published : 7th October 2016 | Posted By: SMR

കെ കെ സുരേന്ദ്രന്‍

കൊടുംകാടിനോടും കാട്ടുമൃഗങ്ങളോടും കാലാവസ്ഥയോടും മല്ലടിച്ച് പൊരുതിജയിച്ച പൂര്‍വപിതാക്കളെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ കുടിയേറ്റ ജൂബിലി ആഘോഷമെന്ന പേരില്‍ അരങ്ങുതകര്‍ക്കാറുണ്ട് വയനാട്ടില്‍. മേല്‍പ്പറഞ്ഞ ശത്രുപക്ഷത്തെ മൂന്നെണ്ണത്തിന്റെ കൂടെ ഒന്നുകൂടി ചേര്‍ത്തുപറയാവുന്നതാണ്: ആദിവാസി. ആദിവാസികളിലെ പണിയരും അടിയരുമൊക്കെ വയനാട്ടിലെ കുടിയേറ്റ കൃഷിക്കാരുടെ പാടത്തും പറമ്പിലും അടിമപ്പണിയെടുത്തവരാണ്. എന്നാലും വയനാട്ടിലെ കുടിയേറ്റ കര്‍ഷകര്‍ ആദിവാസികളെ വിരുദ്ധപക്ഷത്തു നിര്‍ത്തി പീഡിപ്പിക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും എന്തോ ഒരുതരം വംശീയവെറിയും വിരോധവും പുലര്‍ത്തുന്നതെന്തിനാണെന്നത് ഇനിയും ഒരു പ്രഹേളികയാണ്.
മേല്‍പ്പറഞ്ഞ നാലു വിഭാഗത്തെ- കാട്, കാട്ടാറ്, കാലാവസ്ഥ, മൃഗം- കര്‍ഷകര്‍ക്കൊപ്പം സ്‌നേഹിച്ച ഒരു മനുഷ്യനായിരുന്നു എ സി വര്‍ക്കി. ഇത് അദ്ദേഹത്തെ സാധാരണ വയനാടന്‍ കുടിയേറ്റ കര്‍ഷകനില്‍ നിന്നു വ്യത്യസ്തനാക്കുന്നു. മറയില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യാന്‍ കഴിവുള്ള സാധാരണ മനുഷ്യനായിരുന്നു വര്‍ക്കിച്ചേട്ടന്‍. സന്തോഷവും സന്താപവും ഒട്ടും ഉള്ളിലടക്കിവയ്ക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല. മുത്തങ്ങ സമരാനന്തരം പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന എന്നെ വന്നു കണ്ട് കണ്ണീരോടെ കെട്ടിപ്പിടിച്ച വര്‍ക്കിച്ചേട്ടന്റെ സ്‌നേഹവാല്‍സല്യങ്ങളുടെ ചൂട് ഇപ്പോഴും എന്റെ നെഞ്ചിലുണ്ട്. ‘ഇനിയിപ്പം ഭൂമി കിട്ടിയിട്ടാ ഇവമ്മാര് നന്നാവാന്‍ പോണേ’ എന്ന ആക്ഷേപവചനത്തിന്റെ മുഖത്തടി കൊടുക്കലായിരുന്നു വര്‍ക്കിച്ചേട്ടന്റെ മുത്തങ്ങ സമരഭൂമിയിലേക്കുള്ള യാത്ര. അരിയും പച്ചക്കറിയുമൊക്കെ സമാഹരിച്ച് മുത്തങ്ങക്കാട്ടിലെത്തി ജാനുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും എ സി വര്‍ക്കിയുടെ സമരപഥത്തിലെ നിതാന്തയാത്രയുടെ ഭാഗം തന്നെയായിരുന്നു.
കേരളത്തിന് കര്‍ഷകപ്രസ്ഥാനത്തിന്റെയും സമരങ്ങളുടെയും ഒരു വലിയ ചരിത്രമുണ്ട്. കര്‍ഷകരെ സംഘടിപ്പിക്കലും സമരങ്ങളുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു.
പാട്ടക്കുടിയാന്മാരുടെ അവകാശസംരക്ഷണത്തിനായി നടന്ന രക്തരൂഷിത സമരങ്ങളും അടിച്ചമര്‍ത്തലുമൊക്കെ മലബാറിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ക്ഷാത്രവീര്യമിയന്ന അധ്യായങ്ങളായിരുന്നു. അങ്ങനെ ഭൂഖണ്ഡങ്ങള്‍ മാറിമറിഞ്ഞു. കാരായ്മയും കുടിയായ്മയും ജന്മിത്തവുമൊക്കെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയപ്പെട്ടു. ചെറുകിട കൃഷിയെന്നത് ഉപജീവനോപാധിയും സംസ്‌കാരവുമൊക്കെയായി മാറി. ബാങ്ക് ലോണുകളും അതിലൂടെ വന്ന ഹരിതവിപ്ലവവുമൊക്കെ കൃഷിക്കാരന്റെ ജീവിതത്തെ ആദ്യം മെച്ചമാക്കുകയും പിന്നെ നശിപ്പിക്കുകയും ചെയ്തു. രാസവള-കീടനാശിനികളുടെ ഉപയോഗം മണ്ണും ശരീരവും രോഗാതുരമാക്കി. ബാങ്ക് ലോണുകള്‍ കടക്കെണിയിലേക്ക് നയിച്ചു. ആഗോളവല്‍ക്കരണത്തിന്റെ ദുഷ്ഫലങ്ങള്‍ കൂടി ആയതോടെ ചെറുകിട കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയംപ്രാപിക്കേണ്ട അവസ്ഥയുണ്ടായി.
ആദിവാസികള്‍ക്കും ദലിതര്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ കൃഷി തൊഴിലായിരുന്നു. എന്നാല്‍ കര്‍ഷകര്‍ യഥാര്‍ഥത്തില്‍ ഒരു സംരംഭകനായിരുന്നു എന്നു പറയാം. മേല്‍പറഞ്ഞ ദുര്യോഗങ്ങള്‍ ദലിതരെയും ആദിവാസികളെയും തൊഴില്‍രഹിതരാക്കിയപ്പോള്‍ കര്‍ഷകരാവട്ടെ പാപ്പരായി. ഇതിനെതിരേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നയിക്കുന്ന കര്‍ഷകസംഘടനകള്‍ക്ക് വാചാടോപങ്ങളല്ലാതെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അപ്പോഴാണ് ഫാര്‍മേഴ്‌സ് റിലീഫ് ഫോറവുമായി എ സി വര്‍ക്കി രംഗത്തുവരുന്നത്. ബാങ്കുകളുടെ ജപ്തിയും അനുബന്ധ നടപടികള്‍ക്കുമെതിരേ ഉശിരന്‍ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റു തന്നെ അദ്ദേഹം അഴിച്ചുവിട്ടു. കൊട്ടിയൂരും തിരുവമ്പാടിയിലും വയനാട്ടിലുമൊക്കെ ബാങ്കുകളെക്കൊണ്ട് കടാശ്വാസ നടപടികള്‍ സ്വീകരിപ്പിക്കാന്‍ ഈ പ്രക്ഷോഭത്തിന് കഴിഞ്ഞു. ജൈവകൃഷിയുടെയും നീര ഉല്‍പാദനത്തിന്റെയുമൊക്കെ വ്യത്യസ്ത രീതികളിലേക്ക് സാമ്പ്രദായിക കൃഷിയെ പരിവര്‍ത്തിപ്പിക്കാനുള്ള തീവ്രശ്രമങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കര്‍ണാടകയിലെ നഞ്ചുണ്ടസ്വാമിയുമായി ചേര്‍ന്ന് ലോകമെങ്ങും ആഗോളവല്‍ക്കരണത്തിന്റെ കാര്‍ഷികമേഖലയിലെ കടന്നുകയറ്റങ്ങള്‍ക്കും ദുഷ്‌ക്രിയകള്‍ക്കുമെതിരേ പ്രതിഷേധക്കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കി. വര്‍ക്കി നക്‌സലൈറ്റാണെന്നും ഫണ്ടിങ് ഏജന്‍സികളുടെ പിണിയാളാണെന്നുമൊക്കെ വ്യവസ്ഥാപിത രാഷ്ട്രീയക്കാരും കര്‍ഷകസംഘടനക്കാരുമൊക്കെ പ്രചരിപ്പിച്ചു. സ്വതസിദ്ധമായ ചിരിയോടെ താന്‍ ഒരു സാദാ കൃഷിക്കാരനാണെന്ന് എ സി വര്‍ക്കി അവരോട് പ്രഖ്യാപിച്ചു.
(കടപ്പാട്: ഉത്തരകാലം ഡോട്ട്‌കോം.)

(Visited 35 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക