|    Dec 15 Sat, 2018 12:30 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒരു കമ്പനിയുടെ ഭീകര മുഖം

Published : 8th June 2018 | Posted By: kasim kzm

ടി ജി  ജേക്കബ്
ചെമ്പയിര് സംസ്‌കരിച്ച് ചെമ്പ് ഉല്‍പാദിപ്പിക്കുന്ന തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ഫാക്ടറി തുടങ്ങിയ നാള്‍ തൊട്ട് തീക്ഷ്ണമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. 1995ല്‍ തുടങ്ങിയ ഈ ഫാക്ടറിയുടെ തുടക്കം തന്നെ നിയമവിരുദ്ധമായിരുന്നു. പാരിസ്ഥിതികാഘാത പഠനങ്ങളോ പൊതുജനാഭിപ്രായം തേടാന്‍ പബ്ലിക് ഹിയറിങോ നടത്താതെയാണ് ഇതു തുടങ്ങിയത്. അതു വ്യക്തമായ നിയമലംഘനമാണ്. 1993ല്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിത ഫാക്ടറിക്കു തറക്കല്ലിട്ടതും സ്വാഭാവികമായും നിയമലംഘനം തന്നെ.
മാത്രമല്ല, തൂത്തുക്കുടി തുറമുഖ പട്ടണത്തിനു വളരെ സമീപത്തായി പവിഴപ്പുറ്റ് തുരുത്തുകളുണ്ട്. ഇവ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലോകത്തെ അഞ്ച് മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വുകളില്‍ ഒന്നായ മാന്നാര്‍ ഉള്‍ക്കടല്‍ ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമാണ്. ഈ പ്രദേശത്തു നിന്നു കുറഞ്ഞത് 25 കിലോമീറ്റര്‍ അകലം പാലിച്ചേ മലിനീകരണ സാധ്യതയുള്ള ഏതു ഫാക്ടറിയും തുടങ്ങാവൂ. സ്റ്റെര്‍ലൈറ്റ് ഈ പവിഴപ്പുറ്റുകളില്‍ നിന്നു 15 കിലോമീറ്റര്‍ പോലും അകലത്തല്ല. ഇത് മറ്റൊരു നഗ്നമായ നിയമലംഘനം.
14 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷം 2010ല്‍ മദ്രാസ് ഹൈക്കോടതി സ്‌റ്റെര്‍ലൈറ്റ് പൂട്ടാന്‍ ഉത്തരവിട്ടു. പക്ഷേ, രണ്ടു ദിവസങ്ങള്‍ക്കകം സുപ്രിംകോടതി ഈ ഉത്തരവിനെ അസാധുവാക്കി. ആവശ്യമുള്ളപ്പോള്‍ നിയമപീഠങ്ങള്‍ എത്ര ചടുലമാണെന്നതിന് ഉത്തമ തെളിവ്! ഹൈക്കോടതി 14 വര്‍ഷങ്ങളെടുത്തു വിധി പറയാന്‍. സുപ്രിംകോടതിയാകട്ടെ, കേവലം രണ്ടു നാള്‍ക്കകം ആ വിധിയെ അട്ടിമറിച്ചു.
സ്‌റ്റെര്‍ലൈറ്റ് പൂര്‍വാധികം വീറോടെ ഫാക്ടറി വിപുലീകരിച്ചു. രണ്ടാമതൊരു യൂനിറ്റ് കൂടി തുടങ്ങാനുള്ള നീക്കങ്ങള്‍ തുടങ്ങി. തമിഴ്‌നാട് സര്‍ക്കാര്‍ അതിനു വേണ്ടി 350 ഏക്കര്‍ സ്ഥലം ഏറ്റെടുത്തുകൊടുക്കാനുള്ള ശ്രമം തുടങ്ങി. അത് കൊടുക്കുകയും ചെയ്തു. ഉല്‍പാദനം അനുവദിക്കപ്പെട്ടിരുന്ന അളവില്‍ നിന്ന് ആരോടും ചോദിക്കാതെ കുത്തനെ ഉയര്‍ത്തി. വീണ്ടും നഗ്നമായ നിയമലംഘനം. നിയമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ല എന്നായിരുന്നു വേദാന്തയുടെ എക്കാലത്തുമുള്ള നിലപാട്.
ഈ ഫാക്ടറി എന്താണ് ചെയ്യുന്നത്? ചെമ്പ് ഉണ്ടാക്കുന്നു. ഇതിനു സ്വര്‍ണം ഉണ്ടാക്കുന്ന പ്രക്രിയയുമായി വളരെയേറെ സാമ്യമുണ്ട്. ഒരു ടണ്‍ അയിരില്‍ നിന്നു വളരെ കുറച്ച്, 20-25 ഗ്രാം ശുദ്ധ ചെമ്പേ കിട്ടുകയുള്ളൂ. ഈ ഫാക്ടറിയുടെ പരിസരപ്രദേശം ചെമ്പ് എടുത്തുകഴിഞ്ഞ വേസ്റ്റിന്റെ കുന്നുകളാണ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിലും ഇതുതന്നെ സ്ഥിതി. സയനൈഡ് കുന്നുകള്‍ എന്നാണ് കോലാറിലെ കുന്നുകള്‍ അറിയപ്പെടുന്നത്. ഈ പ്രദേശത്ത് പുല്ല് മുളയ്ക്കില്ല. വെള്ളത്തില്‍ ഒരു ജീവജാലങ്ങളും ഉണ്ടാവില്ല. ആ വെള്ളം കുടിച്ചാല്‍ കന്നുകാലികള്‍ ചത്തുവീഴും. അതായത് ഫാക്ടറി മാത്രമല്ല, സമീപപ്രദേശമൊട്ടാകെ മാരകമാണ്.
അവിടെയൊന്നും കൃഷി നടക്കില്ല. ഈ ഫാക്ടറി അടച്ചുപൂട്ടണമെന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തിയ ജനങ്ങളുടെ നേരെയാണ് പോലിസ് വെടിവയ്പ് നടത്തിയത്. തലേന്നു രാത്രി 144ാം വകുപ്പ് പ്രഖ്യാപിച്ചിട്ട് ലാത്തികളോ ടിയര്‍ഗ്യാസോ പ്രയോഗിക്കാതെ ജനങ്ങളുടെ അരയ്ക്കു മുകളിലേക്ക് ഉന്നംപിടിച്ച് കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള വെടിവയ്പ്. 12 പേര്‍ തല്‍ക്ഷണം മരിച്ചു. 100ല്‍പരം പേര്‍ക്ക് ഗുരുതരമായി മുറിവേറ്റു. അടുത്ത നാള്‍ പിന്നെയും വെടിവയ്പ് നടന്നു. വളരെ പ്രകടമായും ജനങ്ങളുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ആസൂത്രിത ശ്രമമായിരുന്നു തൂത്തുക്കുടിയില്‍ നടന്നത്. അത് സ്ഥാപിച്ചെടുക്കാന്‍ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ല എന്നാണ് സാക്ഷികള്‍ പറയുന്നത്.
അയിരില്‍ നിന്നു ചെമ്പ് വേര്‍തിരിക്കുന്നതിന് സയനൈഡ്, പലവിധ ആസിഡുകള്‍, മറ്റു മാരക വിഷങ്ങള്‍ ഒക്കെയാണ് ഉപയോഗിക്കുന്നത്. അയിര് അരച്ച് അതില്‍ ഈ വിഷങ്ങള്‍ ചാലിക്കുമ്പോഴാണ് ചെമ്പ് തെളിഞ്ഞുകിട്ടുന്നത്. സ്റ്റെര്‍ലൈറ്റ് ഉല്‍പാദിപ്പിക്കുന്ന ചെമ്പ് ഉയര്‍ന്ന നിലവാരമുള്ളതാണ്. അതിന്റെ പ്രധാന ഉപഭോക്താക്കള്‍ ആഗോള ഇലക്ട്രോണിക്‌സ് വ്യവസായമാണ്. സര്‍ക്യൂട്ട് ബോര്‍ഡുകള്‍ നിര്‍മിക്കാനാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്. ലാഭം വളരെ ഉയര്‍ന്ന തോതിലാണെന്നു സാരം.
സ്‌റ്റെര്‍ലൈറ്റ് മാതിരിയുള്ള ഫാക്ടറികള്‍ മലിനീകരണ പ്രശ്‌നങ്ങള്‍ കൊണ്ട് പല വികസിത രാജ്യങ്ങളിലും അനുവദനീയമല്ല. അവിടെയുള്ളവര്‍ക്ക് ഈ ഫാക്ടറികളുടെ ഉടമസ്ഥരാകാം. പക്ഷേ, ഫാക്ടറികള്‍ മറ്റെവിടെങ്കിലും സ്ഥാപിച്ചുകൊള്ളണം. ഇങ്ങനെയുള്ള വ്യവസായങ്ങള്‍ ‘ഡേര്‍ട്ടി ഇന്‍ഡസ്ട്രി’ (വൃത്തികെട്ട വ്യവസായം) എന്ന ചെല്ലപ്പേരിലാണ് അവിടെയൊക്കെ അറിയപ്പെടുന്നത്. പക്ഷേ, അതൊക്കെ ഇന്ത്യ മാതിരിയുള്ള രാജ്യങ്ങളില്‍ നടത്തി കൊള്ളലാഭം കൊയ്യുന്നതിനോട് യാതൊരു ധാര്‍മിക അമര്‍ഷവും ഇല്ല താനും. മാത്രമല്ല, അതൊക്കെ വൃത്തിയുള്ള വ്യവസായങ്ങള്‍ക്ക് വളരെ ആവശ്യമാണുതാനും.
സ്‌റ്റെര്‍ലൈറ്റ് ലണ്ടന്‍ ആസ്ഥാനമായുള്ള 10 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബഹുരാഷ്ട്ര ഖനന കുത്തകയായ വേദാന്ത റിസോഴ്‌സസിന്റെ സബ്‌സിഡിയറി ആണ്, ബ്രാഞ്ചല്ല. സബ്‌സിഡിയറി ആകുമ്പോള്‍ പല മെച്ചങ്ങളുമുണ്ട്. നികുതിവെട്ടിപ്പിനു പറ്റിയത് സബ്‌സിഡിയറി ആണ്. ലാഭം കടത്തുന്നതിനും സൗകര്യമാണ്. സ്വന്തം മൂലകമ്പനിക്ക് ഉല്‍പന്നങ്ങളുടെ വില കുറച്ച് കൈമാറ്റം ചെയ്യുന്നതുവഴി ഇവിടെ കൊടുക്കേണ്ട കയറ്റുമതിത്തീരുവ തുച്ഛമാകും. അതുപോലെത്തന്നെ മൂലകമ്പനിയില്‍ നിന്നോ മറ്റ് സബ്‌സിഡിയറികളില്‍ നിന്നോ വില കുറച്ച് കാണിച്ച് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതുവഴി ഇറക്കുമതിത്തീരുവയും വളരെ തുച്ഛമാക്കാം. ഇതൊക്കെ ബഹുരാഷ്ട്ര കുത്തകകള്‍ നിയമങ്ങളെ മറികടക്കാന്‍ വേണ്ടി സ്ഥിരമായി ചെയ്യുന്ന പണികളാണ്. സ്റ്റെര്‍ലൈറ്റ് ആ ഗണത്തില്‍ വരുന്ന കമ്പനിയാണ്. ഇങ്ങനെയുള്ള കമ്പനികള്‍ എല്ലാ തരത്തിലും വൃത്തികെട്ടവയാണ്.
സ്റ്റെര്‍ലൈറ്റ് ഫാക്ടറി ചുറ്റുമുള്ള ഗ്രാമീണരെ തീരാവ്യാധികള്‍ക്ക് അടിമകളാക്കി കൊല്ലുക മാത്രമല്ല, സ്വന്തം തൊഴിലാളികളെയും സ്ഥിരമായി കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്യുന്നുണ്ട്. 1996നും 2004നും ഇടയ്ക്ക് 13 തൊഴിലാളികള്‍ കൊല്ലപ്പെടുകയും 140 പേര്‍ക്ക് ഗുരുതര അംഗഭംഗം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ മൊത്തത്തില്‍ പലവിധ ശ്വാസകോശ രോഗങ്ങള്‍ക്ക് അടിമകളാണ്. 1997ല്‍ നടന്ന ഒരു സ്‌ഫോടനത്തില്‍ മൂന്നു തൊഴിലാളികളുടെ കരിഞ്ഞ എല്ലുകള്‍ മാത്രമാണ് കിട്ടിയത്. ഈ ഫാക്ടറി സുരക്ഷിതത്വം ഉറപ്പാക്കാനോ ഉയര്‍ത്താനോ ഒരു രൂപ പോലും ചെലവാക്കാന്‍ തയ്യാറല്ലെന്നാണ് ഇതു കാണിക്കുന്നത്. ഭോപാലിലെ യൂനിയന്‍ കാര്‍ബൈഡിനെ ഓര്‍ക്കുക. ആ ജനുസ്സില്‍ പെട്ടതാണ് സ്റ്റെര്‍ലൈറ്റും.
സ്റ്റെര്‍ലൈറ്റ് 1996ല്‍ തുടങ്ങിക്കഴിഞ്ഞ് ഇത് നാലാം തവണയാണ് പൂട്ടുന്നത്. മൂന്നു തവണയും ദിവസങ്ങള്‍ക്കകം തുറക്കുക മാത്രമല്ല, വിപുലീകരണങ്ങളും നടന്നു. അതോടൊപ്പം തന്നെ ജനദ്രോഹം വര്‍ധിച്ചും വന്നു. ഗ്രാമങ്ങളിലെ കുടിവെള്ളത്തിന് ചുവപ്പ്, മഞ്ഞ തുടങ്ങിയ ബഹുവര്‍ണങ്ങളായി. വ്യാപകമായി ജനങ്ങള്‍ക്ക് തീരാവ്യാധികള്‍ പിടിപെടുന്നു. ഗ്രാസിം ഫാക്ടറിയെ ഓര്‍ക്കുക. ശ്വാസകോശ അര്‍ബുദം, വിട്ടുമാറാത്ത പനിയും ചുമയും, ജനിതക വൈകല്യം ബാധിച്ച നവജാതശിശുക്കള്‍, നിര്‍ത്താന്‍ കഴിയാത്ത ചൊറിച്ചിലും മറ്റു പല ത്വഗ്‌രോഗങ്ങളും ഒക്കെ സര്‍വസാധാരണമാണിവിടെ. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ സംഘടിച്ച് ഫാക്ടറി പൂട്ടിക്കാന്‍ വേണ്ടി സമരമുഖം തുറന്നത്. സമരത്തിന്റെ നൂറാം ദിനത്തില്‍ ജില്ലാ ഭരണാധികാരിയോട് പരാതി ബോധിപ്പിക്കാന്‍ വേണ്ടി ജാഥയായി പോയ ജനങ്ങളെയാണ് കൊന്നത്. ജനങ്ങള്‍ അതിക്രമങ്ങള്‍ കാണിച്ചു എന്നു വിളമ്പുന്നത് ഒരു സാധാരണ കള്ളം. സമരത്തെ തുടച്ചുമാറ്റാന്‍ വേണ്ടി സ്റ്റെര്‍ലൈറ്റ് കാശു മുടക്കി ചെയ്യിച്ച കൊലയാണിത് എന്നതില്‍ നാട്ടുകാര്‍ക്ക് യാതൊരു സംശയവുമില്ല.
സ്റ്റെര്‍ലൈറ്റ് മാത്രമല്ല ഈ അവസ്ഥയ്ക്ക് ഉത്തരവാദി. തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേന്ദ്ര-സംസ്ഥാന പരിസ്ഥിതി മന്ത്രാലയങ്ങള്‍, നീരി (നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്), സുപ്രിംകോടതി തുടങ്ങിയ ഉന്നത സ്ഥാപനങ്ങള്‍ക്കൊക്കെ ഇതില്‍ പങ്കുണ്ട്. നീരി ഒരു റിപോര്‍ട്ട് കൊടുത്ത് മാസങ്ങള്‍ക്കകം ആദ്യ റിപോര്‍ട്ടിനു കടകവിരുദ്ധമായി രണ്ടാമത്തെ റിപോര്‍ട്ട് കൊടുത്ത വീരന്മാരാണ്. പരിസര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിരമായി ഫാക്ടറി ഉടമകളോട് തികഞ്ഞ വിധേയത്വം പുലര്‍ത്തിയ വളര്‍ത്തു നായയാണ്. സുപ്രിംകോടതിയാണെങ്കില്‍ രണ്ടു ദിവസം കൊണ്ട് ഫാക്ടറിക്ക് സംശുദ്ധത വിധിച്ച അതിവേഗ കോടതി. ഇപ്പോള്‍ വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഫാക്ടറി പൂട്ടാന്‍ ഉത്തരവിട്ടത് സംശയത്തോടെയാണ് തൂത്തുക്കുടിക്കാര്‍ വീക്ഷിക്കുന്നത്. ഈ സംശയത്തിനു സമൃദ്ധമായ ന്യായീകരണം തീര്‍ച്ചയായുമുണ്ട്.
നീരിയുടെ കാര്യം പ്രത്യേകം എടുത്തുപറയണം. നാഗ്പൂര്‍ കേന്ദ്രമായുള്ള ദേശീയ പരിസ്ഥിതി ഗവേഷണ സ്ഥാപനമാണിത്. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സര്‍ക്കാരുകളെ ഉപദേശിക്കാനും മലിനീകരണ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരാനും ഉത്തരവാദിത്തമുള്ള സ്ഥാപനം. ജനങ്ങളുടെ പണം കൊണ്ട് പഞ്ചനക്ഷത്ര ജീവിതം നയിക്കുന്ന ശാസ്ത്രജ്ഞര്‍. ഇവര്‍ നടത്തിയ ആദ്യ പഠനത്തില്‍ സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കുള്ളിലും പുറത്തും പരിസര മലിനീകരണം നിര്‍ബാധം നടത്തുന്നു എന്നായിരുന്നു ചൂണ്ടിക്കാണിച്ചത്.
എന്നാല്‍, സുപ്രിംകോടതി ആവശ്യപ്പെട്ടതനുസരിച്ച് നടത്തിയ രണ്ടാമത്തെ പഠനം പറഞ്ഞത്, അവിശ്വസനീയമായ സമയത്തിനുള്ളില്‍ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചുവെന്നാണ്. വിവരാവകാശ നിയമം ഉപയോഗിച്ച് ഒരു സന്നദ്ധ സംഘടനയ്ക്ക് കിട്ടിയ വിവരം അനുസരിച്ച് നീരിക്ക് ഒന്നിനു പിറകെ ഒന്നായി കോടികള്‍ കൈമാറുന്ന 13 കണ്‍സള്‍ട്ടന്‍സി പ്രോജക്ടുകള്‍ സ്‌റ്റെര്‍ലൈറ്റ് കൊടുത്തു എന്നാണ് (ടെഹല്‍ക, 16 ഒക്ടോബര്‍ 2010). ചുരുക്കത്തില്‍, സ്റ്റെര്‍ലൈറ്റ് നീരിയെ കാശു കൊടുത്തു വാങ്ങി എന്നര്‍ഥം. കാര്യങ്ങള്‍ വളരെ വളരെ ലളിതം. തമിഴ്‌നാട് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കാര്യത്തില്‍ ഇത്ര വ്യക്തമായ തെളിവില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തികേന്ദ്രീകൃതമായ അഴിമതി പുറത്തുവരാന്‍ പ്രയാസമായതുകൊണ്ടാണ്.
വെടിവയ്പ് നടത്തിയതിന്റെ നാലാം നാള്‍ സ്റ്റെര്‍ലൈറ്റിന്റെ  ഇന്ത്യാ ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് തലവനായ ബ്രിട്ടിഷ് പൗരനായ ഇന്ത്യക്കാരന്‍ പറഞ്ഞത്, വെടിവയ്പില്‍ കമ്പനി ദുഃഖിക്കുന്നുവെന്നും ജനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകും എന്നുമാണ്. അതിനടുത്ത നാള്‍ ലണ്ടനിലെ വേദാന്ത തലവന്‍ പറഞ്ഞത്, ഫാക്ടറി പുതിയ യൂനിറ്റിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കും എന്നാണ്. 13ാം നാള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ‘ഉത്തരവ്’ വന്നു, പൊതുജനങ്ങളുടെ വികാരം മാനിച്ച് ഫാക്ടറി പൂട്ടാന്‍ ഉത്തരവിടുന്നു എന്ന്. വേദാന്ത കോടതിയില്‍ പോകുമ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ അവരെ നേരിടുമെന്നും. ഈ പൂട്ടല്‍ ഉത്തരവിനെ തൂത്തുക്കുടിക്കാര്‍ രണ്ടു രീതിയിലാണ് കാണുന്നത്. ഒന്ന്: വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന പണിയാണെന്ന്. രണ്ട്: സ്റ്റെര്‍ലൈറ്റിനെ രക്ഷിക്കാനുള്ള നീക്കമാണിതെന്ന്. രണ്ടും ശരിയാവാനാണ് സാധ്യത.
ഒരു കാര്യം വളരെ വ്യക്തമാണ്: തൂത്തുക്കുടിക്കാര്‍ക്ക് സ്റ്റെര്‍ലൈറ്റ് വേണ്ട. അതിനെ അടിച്ചുപൊളിച്ച് ഉന്മൂലനം നടത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ‘അപകടം’ നടക്കാതിരിക്കണമെങ്കില്‍ ഫാക്ടറി താല്‍ക്കാലികമായെങ്കിലും പൂട്ടിയിടണം. സര്‍ക്കാരിന്റെ പൂട്ടല്‍ നടപടിക്കു പിന്നില്‍ ഈ പേടിയാണെന്ന അഭിപ്രായം വ്യാപകമാണ്.
യഥാര്‍ഥത്തില്‍ ഡയറക്ട് ആക്ഷനില്‍ നിന്നു ജനങ്ങളെ പിന്തിരിപ്പിക്കുന്നത് അതിനുള്ളില്‍ ശേഖരിച്ചിട്ടുള്ള മാരക വിഷങ്ങളാണ്. ഒരിക്കല്‍ ഇതില്‍ നിന്നു വിഷവാതകം പുറത്തുകടന്ന് ആള്‍ക്കാരെ കൊന്ന ചരിത്രമുണ്ട്. ഫാക്ടറി ആക്രമിച്ച് തവിടുപൊടിയാക്കിയാല്‍ ചിലപ്പോള്‍ എന്തെങ്കിലും വന്‍ അത്യാഹിതം നടക്കാനുള്ള സാധ്യത ജനങ്ങള്‍ ഒരു യാഥാര്‍ഥ്യമായാണ് കാണുന്നത്. അതുകൊണ്ടാണ് ജനങ്ങളുടെ സമരസമിതി ഫാക്ടറി പൂട്ടിയാല്‍ പോരാ, ഫാക്ടറി ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യണമെന്ന നിലപാട് മുന്നോട്ടുവയ്ക്കുന്നത്. പൂട്ടുന്നത് ഒരു പരിഹാരമല്ല, ഫാക്ടറി പൂര്‍ണമായും ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത് എന്നാണീ നിലപാട്. പ്രദേശം വൃത്തിയാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതായത്, ചുറ്റും സൃഷ്ടിച്ചിട്ടുള്ള വിഷക്കുന്നുകളും മാറ്റണമെന്ന്. തികച്ചും ന്യായമായ ആവശ്യമാണിത്.
തൂത്തുക്കുടി മനോഹരമായ തീരപ്രദേശ തുറമുഖ പട്ടണവും നല്ല രീതിയില്‍ കൃഷിയും മത്സ്യബന്ധനവും നടക്കുന്ന സ്ഥലവുമാണ്. പവിഴപ്പുറ്റുകള്‍ മാത്രമല്ല, ഒരുകാലത്ത് ആ കടലില്‍ മുത്തുകൃഷിയും ഉണ്ടായിരുന്നു. നാശത്തിന്റെ ഉത്തരവാദിത്തം വേദാന്തയ്ക്കാണ്. തിരിച്ചുപിടിക്കാന്‍ സമയമെടുക്കും. പക്ഷേ, അത് സാധ്യമാണ്. അതില്‍ തൂത്തുക്കുടിക്കാര്‍ക്ക് വിശ്വാസമുണ്ട്.
വേദാന്ത ഇനി പറയാന്‍ പോകുന്നത് നമുക്ക് ആലോചിക്കാന്‍ വലിയ വിഷമമില്ല. ബഹുരാഷ്ട്ര കുത്തകയ്‌ക്കെതിരായ എന്തു നിലപാടും വിദേശ മൂലധന വരവിനെ പ്രതികൂലമായി ബാധിക്കും. സാമ്പത്തിക അതികായനാകാന്‍ നോമ്പുനോറ്റിരിക്കുന്ന ഭരണവര്‍ഗത്തോടാണ് ഇതു പറയുന്നത്. അതിനു വേണ്ടി കൂടുതല്‍ കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കാന്‍ അഹോരാത്രം പണിപ്പെടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണിവിടെ. പ്രധാനമന്ത്രി തൊട്ടുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ തൊഴുകൈയോടെ വിദേശ മൂലധനം ക്ഷണിക്കുന്നവരാണ്.
ഈ അവസ്ഥയില്‍ ഒരു ബഹുരാഷ്ട്ര കുത്തകയെ തൊട്ടുകളിക്കുന്നത് ബുദ്ധിമോശമാണ്. ഇതാണ് അവരുടെ നിലപാട്. യൂനിയന്‍ കാര്‍ബൈഡ് തലവന്‍ വാറന്‍ ആന്‍ഡേഴ്‌സന്‍ ഭോപാല്‍ കൂട്ടക്കുരുതിക്കു ശേഷം രാജ്യത്തു വന്നപ്പോള്‍ അറസ്റ്റ് ചെയ്യുന്നതിനു പകരം ബഹുമാനപുരസ്സരം സ്വീകരിച്ച് യാത്രയയച്ചതാണ് ഇവിടത്തെ ഭരണകര്‍ത്താക്കള്‍. കുത്തകകള്‍ ചിന്തിക്കുന്നതില്‍ യാഥാര്‍ഥ്യബോധമുണ്ട്.             ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss