|    Apr 19 Thu, 2018 3:37 pm
FLASH NEWS
Home   >  Fortnightly   >  

ഒരു കഠാരയുടെമരണം

Published : 13th February 2016 | Posted By: swapna en

സിറിയന്‍ കഥ–സക്കറിയാ താമര്‍

ഉമ്മ കോസ്മറ്റിക് സര്‍ജറിയുടെ പുരോഗതിയെക്കുറിച്ചുള്ള അതിവിചിത്രങ്ങളായ കഥകള്‍ പറയുന്നത് കേട്ട് ഖുദ്ര്‍ അല്‍വാന് മതിയായി. അയാള്‍ പരിഹാസസ്വരത്തില്‍ ചോദിച്ചു: ‘എന്താ, ഇനിയും ഇരുപത് വയസ്സുകാരി പെണ്‍കുട്ടിയായാല്‍ കൊള്ളാമെന്നുണ്ടോ?’
ഉമ്മ പറഞ്ഞു: ‘ഇതേമാതിരിയുള്ള ഓപറേഷനുകളെ കൊണ്ട് എന്നെപോലുള്ളോര്‍ക്കല്ല, അതുകൊണ്ടുള്ള പ്രയോജനം നിന്നെപോലുള്ളോര്‍ക്കാ. നൊസ്സുണ്ടായി ലെക്കുകേട് വന്നപ്പം നീ മുറിച്ച ചെവിക്ക് പകരം പുതിയൊരു ചെവി കിട്ടൂല്ലോ.’
ഖുദ്ര്‍ ഉമ്മയെ ഈര്‍ഷ്യത്തോടെ നോക്കി. അതുകണ്ട് ഉമ്മ പറഞ്ഞു: ‘വയസ്സ് നാല്‍പത് കഴിഞ്ഞു, ജീവിതകാലം മുഴുവന്‍ കല്ല്യാണം കഴിക്കാതെ കഴിച്ചുകൂട്ടാന്‍ പോകാണോ? ഒറ്റച്ചെവിയുമായി ഇരുന്നാല്‍ ആരാ നിന്നെ കെട്ടാന്‍ വരുന്നത്? ഈ പട്ടണഭാഗത്തുള്ള എല്ലാവര്‍ക്കും രണ്ട് ചെവിയാ, നിനക്കുമാത്രം ഒറ്റച്ചെവി.’
ഖുദ്ര്‍ ആത്മവിശ്വാസം നല്‍കിയ അഭിമാനത്തോടെ പറഞ്ഞു: ചെവി പോയതില്‍ എനിക്ക് കുറച്ചിലാണെന്നും അതൊരു പെരുമയല്ലെന്നും ആരാ നിങ്ങളോട് പറഞ്ഞത്?
‘അറിയാമോ നിനക്ക്,’ ഉമ്മ പറഞ്ഞു. നാട്ടിലെ പെണ്ണുങ്ങളൊക്കെ നിന്റെ പേര് മറന്നിരിക്കുന്നു. അവര് നിന്നെ  മുറിച്ചെവിയനെന്നാ വിളിക്കുന്നേ.’
‘ഞാനൊരു പുരുഷനാണ്,’ ഖുദ്ര്‍ പറഞ്ഞു. ഈ തലച്ചോറില്ലാത്ത പെണ്ണുങ്ങള്‍ പറയുന്നതൊന്നും ഞാന്‍ കാര്യമാക്കാറില്ല.’
രാവും പകലും അയാളെ രഹസ്യമായി അനുയാത്രചെയ്യാറുള്ള വീരസാഹസികനായ അറബ് ഐതിഹാസികന്‍ അന്‍തറ ബിന്‍ ശദ്ദാദ് അയാളോട് പറഞ്ഞു: നിന്റെ ഉമ്മയുടെ കഴമ്പില്ലാത്ത വര്‍ത്തമാനത്തിന് ചെവികൊടുക്കരുത്. ശത്രുക്കളെന്നെ തൊലി കറുപ്പാണെന്നു പറഞ്ഞ് അവമാനിച്ചിട്ടും ഞാന്‍ അബ്ലയുടെ പ്രേമത്തിന് പാത്രമായി. എല്ലാവരുടേയും ഭയഭക്തി നേടിയെടുത്തു.’
‘പടച്ചവന്‍ നിന്നോട് പ്രസാദിക്കട്ടെ, ഖുദ്ര്‍. ഒരു ഉമ്മയേയും ഉമ്മയുടെ മനസ്സും നിനക്ക് മനസ്സിലാവില്ല. മകന്‍ കുരങ്ങാണെങ്കിലും ഉമ്മയ്ക്കവന്‍ കാണാന്‍ ചേലുള്ള മാന്‍കുട്ടിയാ. നിനക്ക് നല്ലത് വരണമെന്നും ലോകത്തിലേക്കും യോഗ്യനായി കാണണമെന്നുമേ എനിക്കുള്ളു. എന്നാലും നീ കണ്ണാടിയിലൊന്ന് പോയിനോക്ക്. ഞാന്‍ നിന്നെ കളിപ്പിക്കുകയല്ലെന്ന് അപ്പം നിനക്ക് മനസ്സിലാകും. കാണാന്‍ ഒട്ടും കൊള്ളില്ല. നിനക്ക് നിന്നെപറ്റി ഒരുശ്രദ്ധയുമില്ല, ഒരു യത്തീമിനെപോലെ; തലമുഴുക്കെ മൊട്ടയടിച്ച് കണ്ടാല്‍ കഷണ്ടിപോലാക്കി വെച്ചിരിക്കുന്നു; മീശ തോന്നിയപോലെ വളര്‍ത്തി വലുതാക്കിയിരിക്കുന്നു; ഉടുപ്പിലും ശ്രദ്ധയില്ല; ഒരുചെവിയും പോയി.’
‘ഉമ്മയെ ഇങ്ങനെ പറയാന്‍വിട്ടാലുണ്ടല്ലോ,’ അന്‍തറ ബിനു ശദ്ദാദ് അയാളോട് പറഞ്ഞു. ‘പെണ്‍ബാര്‍ബറുടെ അടുത്തുചെന്ന് മുടിവെപ്പിക്കാന്‍ പറയും.’
ഖുദ്ര്‍ തന്റെ ഉമ്മയെ നോക്കി. അയാള്‍ക്ക് വിഷമം തോന്നി: അറുപത് വയസ്സായി, തൊണ്ണൂറുകാരിയെപോലെ മുഖമെല്ലാം ചുളിഞ്ഞിരിക്കുന്നു. എങ്ങാനുമൊരിക്കല്‍ ചിരിച്ചെങ്കിലായി. ഉമ്മ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു: ‘മരിക്കുന്നതിനുമുമ്പ് ഒരു സന്തോഷംതാ, ഖുദ്ര്‍. എനിക്ക് വയസ്സായി, കുഴിയിലേക്ക് കാലുംനീട്ടി ഇരിക്കുകയാ. എന്നാണിനി ഒരു മുത്തശ്ശിയായി നിന്റെ കുട്ടികളെ കാണാന്‍ വയ്ക്കാ?’
‘ഭേഷ്,കൊള്ളാം. ഖുദ്ര്‍ പറഞ്ഞു: പേരക്കുട്ടികളുടെ ഒരുപടതന്നെയുണ്ട് നിങ്ങള്‍ക്ക്. പെങ്ങളുടെ കല്ല്യാണംകഴിഞ്ഞ് അവള്‍ക്ക് അഞ്ച് കുട്ടിപിശാശുക്കളായി.’
‘എന്നാലും മോനേ,’ ഉമ്മ പറഞ്ഞു. ‘അവരെല്ലാം മറ്റൊരാളുടെ മക്കളല്ലേ. നിന്റേതല്ലല്ലോ.’
‘ആണ് പെണ്ണിനേയും പെണ്ണ് ആണിനേയും അനുകരിക്കുന്നതാണ് ഇപ്പഴത്തെ രീതി,’അന്‍തറ ബിനു ശദ്ദാദ് അയാളോട് പറഞ്ഞു: ആണുങ്ങള്‍ കുറഞ്ഞുവരികയാണ്, അവരുടെ സ്വഭാവമാണെങ്കില്‍  മനസ്സിലാകുന്നുമില്ല.’
മകന്‍ ചിരിക്കുന്നതു കണ്ട് ഉമ്മയ്ക്ക് അത്ഭുതമായി. നിമിഷങ്ങള്‍ക്ക് മുമ്പ് മുഖം കോപം വന്ന് പൊട്ടിത്തെറിക്കാനിരുന്നതാണ്. അക്ഷമമായ സ്വരത്തില്‍ അവര്‍ പറഞ്ഞു: ‘പടച്ചവന്‍ നിന്നെ തുണക്കട്ടെ, നിനക്ക് നല്ലബുദ്ധിയെ തരട്ടെ.’
ഖുദ്ര്‍ അല്‍വാന്‍ ഉമ്മയുടെ കൈയില്‍ ചുംബിച്ചശേഷം വീട്ടില്‍നിന്നിറങ്ങി ഖുവൈഖ് തെരുവിലെ മക്കാനിയിലേക്ക് നടന്നു. ഹുക്ക വലിക്കാനായി പതിവുസ്ഥലത്തിരുന്നു. അന്‍തറ ബിനു ശദ്ദാദ് അയാളോട് പറഞ്ഞു: ‘ചിരിക്കാതെ. ആണുങ്ങള്‍ അധികം ചിരിച്ചാല്‍ ശൃംഗാരിപെണ്ണുങ്ങളെപ്പോലാകും.’
അപ്പോള്‍ ഖുദ്ര്‍ അല്‍വാന്റെ മുഖം കൂടുതല്‍ കലിയിളകിയതു പോലെയായി. ചൂടുപിടിച്ച തര്‍ക്കം പൊട്ടിപ്പുറപ്പെടാന്‍ പോകയാണെന്ന് തൊട്ടടുത്ത മേശകള്‍ക്കടുത്ത് ഇരുന്നിരുന്നവര്‍ക്ക് ബോദ്ധ്യമായി. അവര്‍ അയാളില്‍നിന്ന് അകന്നുമാറിയിരിക്കാന്‍ നോക്കുകയായിരുന്നു, പക്ഷേ അപ്പോഴാണ് രണ്ടുപോലിസുകാര്‍ മക്കാനിയിലേക്ക് കടന്നുവന്നത്. അതിലൊരാള്‍ പതിവുകാരോട് ആയുധങ്ങള്‍ താഴെവെച്ച് എണീറ്റുനില്‍ക്കാന്‍ ആജ്ഞാപിച്ചു. അതുകഴിഞ്ഞ് ഓരോരുത്തരെയായി എല്ലാവരേയും പരിശോധന തുടങ്ങി. ഖുദ്ര്‍ അല്‍വാന്റെ സമീപമെത്തിയപ്പോള്‍ അയാളുടെ പക്കല്‍ വളഞ്ഞ അലകുള്ള ഒരു കഠാരയിരിക്കുന്നത് കണ്ടു. കഠാര ഉറയില്‍നിന്നൂരിയ പോലിസുകാരന്‍ ഖുദ്ര്‍ അല്‍വാനോട് നീരസത്തോടെ ചോദിച്ചു: ‘ആയുധങ്ങള്‍ കൈയില്‍ കൊണ്ടുനടക്കാന്‍ പാടില്ലെന്ന് തനിക്കറിയില്ലേ?’
ഖുദര്‍ അല്‍വാന്‍ വിക്കിവിക്കി എന്തോ പറഞ്ഞു, മനസ്സിലായില്ല. അതുകണ്ട ഒരു പോലിസുകാരന്‍ അയാള്‍ക്കൊരു ഇടികൊടുത്തു. ‘ഇങ്ങനെ മൂക്കുകൊണ്ട് സംസാരിക്കാതെടോ.’ അയാള്‍ പറഞ്ഞു: ‘ഓഫീസര്‍ ചോദിച്ചത് കേട്ടില്ലേ? അതിനുള്ള മറുപടി പറ. എന്തിനാ കഠാരയും കൈയില്‍വച്ചുകൊണ്ട് നടക്കുന്നത്?’
‘എനിക്ക് പഴങ്ങള്‍ ഇഷ്ടമാണ്,’ഖുദ്ര്‍ പറഞ്ഞു.
‘കുറ്റത്തേക്കാള്‍ വൃത്തികെട്ട ഒഴികഴിവ്.’
‘ഡോക്ടര്‍ പ്രത്യേകം പറഞ്ഞതാണ്,’ ഖുദ്ര്‍ പറഞ്ഞു. ‘തൊലികളഞ്ഞ പഴങ്ങളേ കഴിക്കാന്‍ പാടുള്ളെന്ന്.’
രണ്ടു പോലിസുകാരും പരിഹസിച്ചു ചിരിച്ചു. അവര്‍ ഖുദ്ര്‍ അല്‍വാനെ അറസ്റ്റു ചെയ്തില്ല, കഠാര പിടിച്ചെടുത്ത് തൃപ്തിപ്പെട്ടു. ഇനി മുതല്‍ പഴങ്ങള്‍ തൊലിയോടെ കഴിച്ചാല്‍മതിയെന്നും, എങ്കില്‍ ഭാവിയില്‍ കുഴപ്പങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാമെന്നും ഉപദേശിച്ചു. ഖുദ്ര്‍ അല്‍വാന്‍ തുണിയുരിഞ്ഞതുപോലെ അന്താളിച്ചും ലജ്ജിച്ചും കസേരയില്‍ ഇരുന്നു. അന്‍തറ ബിനു ശദ്ദാദ് അയാളോട് പറഞ്ഞു: ആയുധം അടിയറവ് വെക്കുന്നവന്‍ പുരുഷനല്ല, അവന്‍ സ്ത്രീകള്‍ക്കൊപ്പം ഇരിക്കേണ്ടവനാണ്.’
‘പക്ഷേ, എന്റെ കഠാര പോലീസുകാരന്‍ പിടിച്ചെടുത്തതല്ലേ?’ഖുദ്ര്‍ ചോദിച്ചു.
‘പോലിസുകാരും എന്നേയും നിന്നേയും പോലെത്തെ മനുഷ്യരാണ്, മറന്നുപോയോ? നമ്മള്‍ മരിക്കുന്നതുപോലെ അവരും മരിക്കും.’
ഖുദ്ര്‍ അന്‍തറയോട് പറഞ്ഞു: ‘കഠാരയില്ലെങ്കില്‍ എനിക്ക് ഞൊണ്ടിക്കിഴവിയേക്കാളും കഷ്ടമാണ്.’
‘ഇനി താനെങ്ങനെ കഠാര തിരിച്ചുവാങ്ങിക്കും?’അന്‍തറ ചോദിച്ചു.
ഖുദ്ര്‍ വിഷണ്ണനായി ചിന്തയിലാണ്ടു. പിന്നെ പെട്ടെന്ന് കസേരയില്‍ നിന്നെണീറ്റ് ഏറെക്കുറെ ഓടുന്നപോലെ മക്കാനിയില്‍നിന്ന് ഇറങ്ങിനടന്നു. അയാള്‍ക്ക് നജീബ് അല്‍ബക്കാറിന്റെ വീട്ടിലെത്താന്‍ തിടുക്കമായി. സ്ഥലത്തെ ഏറ്റവുമധികം സ്വത്തും സ്വാധീനവുമുള്ള ഒരാളാണ് നജീബ്. അയാള്‍ നജീബ് അല്‍ബക്കാറിയെ സമീപിച്ചു വിറയ്ക്കുന്ന സ്വരത്തില്‍ പറഞ്ഞു: ‘കേട്ടോ, നജീബേ. സ്ഥലത്തെ വലുതും ചെറുതുമായ ആളുകളൊക്കെ ആവശ്യങ്ങളുമായിട്ടാണ് താങ്കളെ സമീപിക്കാറുള്ളത്. ഒന്നും ആവശ്യപ്പെടാത്ത ഒരേയൊരാള്‍ ഞാന്‍ മാത്രമേയുള്ളു.’
‘അത് ശരിയാണ്,’നജീബ് പറഞ്ഞു. അതാ എനിക്ക് തന്നെപറ്റിയുള്ള ആക്ഷേപം, ഞാന്‍ വിചാരിച്ചത് തനിക്കെന്നെ ഇഷ്ടമില്ലെന്നാണ്.’
അതുകൊണ്ട് ഒരുകാര്യം ചോദിക്കാനായിട്ടാണ് ഞാനിപ്പോള്‍ വന്നിട്ടുള്ളത്. എന്നെ നിരാശപ്പെടുത്തരുത്.’
‘എന്തുവേണോ ചോദിച്ചോളൂ’ നജീബ് പറഞ്ഞു. പടച്ചവന്‍ സഹായിച്ച് തന്റെ ആവശ്യം തല്‍ക്ഷണം അനുവദിച്ചുകിട്ടും.’
നിരുദ്ധകണ്ഠമായ സ്വരത്തില്‍ ഖുദ്ര്‍ ആ രണ്ടു പോലിസുകാരുമായുണ്ടായ സംഭവം വിശദീകരിച്ചുകൊടുക്കുകയും കഠാരി തിരികെ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലിസ് ചീഫ് അദ്ദേഹത്തിന്റെ സ്‌നേഹിതനായതിനാല്‍ തള്ളിക്കളയില്ല. നജീബ് ഒരുനിമിഷം ആലോചിച്ചശേഷം ഖുദ്‌റിനോട് പറഞ്ഞു: തനിക്ക് വേറൊരു കഠാര വാങ്ങിച്ചാലെന്താ? നല്ലയൊന്നാന്തരമൊരു കഠാര എന്റെ വകയായി ഞാന്‍ തനിക്ക് തരാം. പാറപോലും മുറിക്കാവുന്ന ഒന്ന്.’
‘അങ്ങു തരുന്ന പാരിതോഷികം വാങ്ങാന്‍ എനിക്ക് അങ്ങേയറ്റം സന്തോഷമേയുള്ളു.’ ഖുദ്ര്‍ വഴങ്ങിയില്ല, ‘പക്ഷേ എന്റെ സ്വന്തംകഠാര കിട്ടിയാലേ എനിക്ക് തൃപ്തിയാകൂ. ജീവിതംമുഴുവന്‍ ഒപ്പംകൊണ്ടുനടന്നതാണത്.’
‘ഇന്നു വൈകുന്നേരംതന്നെ,’ നജീബ് പറഞ്ഞു. ‘ഞാന്‍ പോലീസ് തലവനോട് സംസാരിക്കുന്നുണ്ട്. തന്റെ ആഗ്രഹംപോലെതന്നെ എല്ലാം നടക്കും.’
അടുത്തദിവസം രാവിലെ ഖുദ്ര്‍ അല്‍വാന്‍ നജീബ് അല്‍ബഖാറിന്റെ വീട്ടിലേക്ക് ധൃതിപിടിച്ചു ചെന്നു. നജീബ് അല്‍ബഖാര്‍ അപ്പോഴും ഉറക്കവസ്ത്രത്തില്‍ തന്നെ ആയിരുന്നു, അയാള്‍ കൈയും കാലും നീട്ടി കോട്ടുവായിട്ടിരിക്കുന്നത് കണ്ടു. ഖുദ്ര്‍ ഉദ്വേഗത്തോടെ തിരക്കി, ‘എല്ലാം ശരിയായോ? മനസ്സിനൊരു സമാധാനം താ നജീബേ.’
പോലിസുകാരന്‍ പിടിച്ചെടുത്ത കഠാര പോലിസ് സ്റ്റേഷനില്‍ ഏല്‍പിക്കുന്നതിനുപകരം ഏതോ വിദേശിയായ ഒരു ടൂറിസ്റ്റ് വനിതയ്ക്ക് വിറ്റുകളഞ്ഞുവെന്ന് അയാള്‍ തികഞ്ഞ ഖേദത്തോടെ അറിയിച്ചു. ആ സ്ത്രീയുടെ പേരോ വിലാസമോ അറിയില്ല. അയാള്‍ക്ക് കടുത്തശിക്ഷ കിട്ടാന്‍പോകുകയാണെന്നും കഠാരയെപറ്റി മറന്നേക്കണമെന്നും നജീബ് ഖുദ്‌റിനോട് പറഞ്ഞു. ‘ഞാനെങ്ങനെയത് മറക്കും?’ ഖുദ്ര്‍ ബഹളംവെച്ചു. ‘പത്തുവയസ്സുതൊട്ട് വിട്ടുപിരിയാതെ കൂടെ കൊണ്ടുനടക്കുന്ന കഠാരയാണ്. രാത്രി ഉറങ്ങാന്‍കിടക്കുമ്പോള്‍ തലയിണയുടെ കീഴില്‍ വെക്കും, ജെയിലില്‍പോയപ്പോള്‍ അതെന്റെകൂടെ ഇല്ലല്ലോ എന്ന ഒരേയൊരു വിഷമമേ ഉണ്ടായിരുന്നുള്ളു.’
നജീബ് പറഞ്ഞു: ‘വലുതാണെന്ന് വിചാരിച്ചാല്‍ വലുതായിതോന്നും, ചെറുതാണെന്ന് വിചാരിച്ചാല്‍ ചെറുതായിതോന്നും. ഉറ്റസ്‌നേഹിതന്‍മാര്‍ പോലും മരിക്കുന്നു. അതുകൊണ്ട് കഠാര തന്റെ മരിച്ചുപോയ സ്‌നേഹിതനാണെന്ന് കരുതിയേക്കുക.’
‘ആരുവേണമെങ്കിലും പറഞ്ഞോട്ടെ,’ ഖുദ്ര്‍ കുറ്റപ്പെടുത്തുന്നപോലെ പറഞ്ഞു. ‘പക്ഷേ അങ്ങയില്‍നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല. മനുഷ്യരുടെ സ്വഭാവം മനസ്സിലാക്കാന്‍ കഴിവുള്ള വലിയആളല്ലേ.’
ഖുദ്ര്‍ ധാര്‍മികരോഷംപൂണ്ട് നജീബ് അല്‍ബഖാറിന്റെ വീട്ടില്‍നിന്നിറങ്ങി അസ്വസ്ഥമായ മനസ്സോടെ പട്ടണഭാഗത്തുകൂടെ നടന്നു. കഠാര തന്നെ മാടിവിളിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. അതിന്റെ അലകില്‍ സ്പര്‍ശിക്കുമ്പോഴും പിടിയില്‍ പിടിക്കുമ്പോഴും ഹര്‍ഷപുളകിതനായി വിറച്ചുപോകാറുള്ളത് ഓര്‍ത്തു. ആഴമുള്ളൊരു കിണറ്റിന്റെ ഗര്‍ത്തത്തിലേക്ക് വലിച്ചെറിഞ്ഞാലും അത് മലമുകളിലേക്ക് ചാടിവരുമെന്ന് ബോധ്യപ്പെട്ടു. അന്‍തറ ബിന്‍ ശദ്ദാദ് അയാളോട് പറഞ്ഞു: ‘അബ്ലായെ വേണോ വാളുവേണോ എന്ന് എന്നോട് ആരെങ്കിലും ചോദിച്ചെന്നിരിക്കട്ടെ, വാളുമതിയെന്ന് പറയാന്‍ ഞാന്‍ ഒരുനിമിഷം ശങ്കിച്ചുനില്‍ക്കില്ല. ആയുധമില്ലാത്ത പുരുഷന്‍ ബലാല്‍സംഗം ചെയ്യപ്പെടാതെ രക്ഷയില്ലാത്ത സ്ത്രീയെ പോലെയാണ്.’
ഖുദ്ര്‍ അല്‍വാന് ഇനി രക്ഷയില്ലെന്ന് തോന്നി, അയാള്‍ സംഭ്രമിച്ചു, നിസ്സഹായനായ ഒരു ഇരയെപോലെയായി. അയാള്‍ സാവധാനം പട്ടണഭാഗം വിട്ട് വിശാലമായൊരു റോഡില്‍ക്കൂടെ നടന്നു. ഇരുവശങ്ങളിലും പച്ചിച്ച വൃക്ഷങ്ങളും വെണ്ണക്കല്ലിന്റെ ഉയരംകൂടിയ കെട്ടിടങ്ങളും. പെട്ടെന്ന് അതിവേഗമൊരു കാര്‍ പാഞ്ഞുവന്നു, അയാളുടെ മേലേക്ക് കയറി. അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അടുത്തദിവസം രാവിലെ അയാള്‍ മരിച്ചു. അയാള്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ അന്‍തറ ബിന്‍ ശദ്ദാദ് അയാളോട് പറഞ്ഞു: ‘താങ്കള്‍ക്ക് യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല, അതുകൊണ്ട് ദുഃഖിക്കേണ്ട; ഒരു വിഷമവും കൂടാതെ മരിച്ചോളൂ.’
ഖുദ്ര്‍ അല്‍വാന്റെ ശവസംസ്‌കാരജാഥയില്‍ പങ്കെടുത്തുകൊണ്ട് ഖുവൈഖ് പ്രദേശത്തുള്ള  എല്ലാവരും സാവധാനം നടന്നുനീങ്ങി. ഏറ്റവും മുന്നില്‍ കുനിച്ചുപിടിച്ച ശിരസ്സുമായി അന്‍തറ ബിന്‍ ശദ്ദാദും ഉണ്ടായിരുന്നു. ജാഥയുടെ ഭാഗമായി അന്‍തറയും പങ്കെടുക്കുന്നുണ്ടെന്ന കാര്യത്തില്‍ ഖുദ്ര്‍ അല്‍വാന് അഭിമാനംതോന്നി. എങ്കിലും തന്റെ പട്ടണഭാഗത്തുള്ള ആര്‍ക്കുംതന്നെ ഇത് അറിഞ്ഞുകൂടാത്തതിലും, അന്‍തറ പ്രിയപ്പെട്ട സ്‌നേഹിതന്റെ കുഴിമാടത്തിനു മുകളില്‍ വാളുകൊണ്ട് മണല്‍കോരിയിടുന്നത് കാണാത്തതിലും ആയിരുന്നു അയാളുടെ വിഷമം.   ി

പരിഭാഷ: എസ് എ ഖുദ്‌സി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss