|    Oct 19 Thu, 2017 4:38 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഒരു ഒളിംപിക്‌സ് മല്‍സരം കൂടി

Published : 6th August 2016 | Posted By: SMR

ഈ  മുഖക്കുറിപ്പ് അച്ചടിച്ചു വരുമ്പോഴേക്കും റിയോ ഒളിംപിക്‌സ് ഔപചാരികമായി ഉദ്ഘാടനം ചെയ്തുകഴിഞ്ഞിട്ടുണ്ടാവും. 31ാമത് ഒളിംപിക്‌സ് മല്‍സരങ്ങള്‍ 16 ദിവസമാണ് നീണ്ടുനില്‍ക്കുക. 207 രാജ്യങ്ങളില്‍ നിന്ന് 11,239 കായികതാരങ്ങളാണ് ബ്രസീലില്‍ ഇത്തവണ നടക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. അവര്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തുകയും പുതിയ ദൂരങ്ങള്‍ താണ്ടുകയും എകലോകം എന്ന ആശയത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്യും. വെറുമൊരു കായികമല്‍സരം എന്ന നിലയിലല്ല ഒളിംപിക് മല്‍സരങ്ങള്‍ക്കുള്ള പ്രസക്തി. ലോകത്തെ ഏകോപിപ്പിക്കുന്ന ദൗത്യം കൂടി അതു നിറവേറ്റുന്നു.
ലോകത്ത് ദുരിതവും വറുതിയും വര്‍ധിച്ചുവരുകയും മനുഷ്യജീവിതം ദുസ്സഹമാവുകയും ചെയ്യുമ്പോള്‍ കളിക്കു വേണ്ടി ഇത്രയും ഭീമമായ തുക ചെലവഴിക്കണോ എന്ന ചോദ്യം പലരും ഉയര്‍ത്താറുണ്ട്. കായികരംഗത്തു നടക്കുന്ന അഴിമതിയും ധൂര്‍ത്തും ചൂണ്ടിക്കാട്ടി കായിക മാമാങ്കങ്ങളെ എതിര്‍ക്കുന്നവരും ഏറെയാണ്. കളികള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടി വന്‍തോതില്‍ പരിസ്ഥിതി മലിനീകരണം നടക്കുന്നതായും നമ്മുടെ ആവാസവ്യവസ്ഥയെത്തന്നെ അതു പരിക്കേല്‍പിക്കുന്നതായുമുള്ള പരാതികള്‍ വേറെ. പതിനായിരക്കണക്കിന്ന് ആളുകള്‍ കുടിവെള്ളം കിട്ടാതെ നരകിക്കുമ്പോള്‍ കളിമൈതാനങ്ങള്‍ നനയ്ക്കാന്‍ ജലം പാഴാക്കാമോ എന്നു ചോദിക്കുന്നതു പ്രസക്തമാണെന്ന കാര്യത്തിലും തര്‍ക്കമില്ല. ഇത്തരം എതിര്‍വാദങ്ങളുന്നയിച്ച് ഒളിംപിക്‌സ്, ലോകഫുട്‌ബോള്‍ തുടങ്ങിയ മേളകളെ എതിര്‍ക്കുന്ന ചിന്ത പല രാജ്യങ്ങളിലും പ്രബലമാണുതാനും.
ഒളിംപിക് മല്‍സരങ്ങള്‍ മനുഷ്യകുലത്തെ കൂടുതല്‍ ഒരുമയിലേക്കു നയിക്കുന്നതിലും തുല്യത ഊട്ടിയുറപ്പിക്കുന്നതിലും വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്ക് വളരെയധികമാണ് എന്നുള്ളതത്രേ ഈ എതിര്‍വാദങ്ങള്‍ക്കുള്ള മറുപടി. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് 1936ല്‍ നാസി വാഴ്ചക്കാലത്ത് നടന്ന ബെര്‍ലിന്‍ ഒളിംപിക്‌സ്. ലസ് ലോങ് എന്ന താരത്തിന്റെ വിജയത്തിലൂടെ ആര്യവര്‍ഗ മേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ വെമ്പിയ ഹിറ്റ്‌ലറെ ഞെട്ടിപ്പിച്ചുകൊണ്ട് ജെസ്സി ഓവന്‍സ് നേടിയ ലോങ് ജംബ് വിജയം വംശീയതയ്‌ക്കെതിരായുള്ള മനുഷ്യരാശിയുടെ പോരാട്ടത്തിലെ മഹത്തായ വിജയമായി ഭവിച്ചു. രാഷ്ട്രീയവല്‍ക്കരിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളെയും തോല്‍പിച്ച പാരമ്പര്യമാണ് ഒളിംപിക്‌സിന്റെത്. വംശീയതയ്ക്കും ഭീകരതയ്ക്കും ഭേദചിന്തകള്‍ക്കുമതീതമായ ലോകം എന്ന ആശയം പ്രസരിപ്പിക്കുന്നു എന്നതു തന്നെയാണ് അതിന്റെ മേന്മ.
ജയിക്കുകയല്ല പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് ഒളിംപിക്‌സ് പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സ്‌പോര്‍ട്‌സ്മാന്‍ ഷിപ്പിന്റെ നല്ല പാഠങ്ങള്‍ എല്ലാ ജീവിതമണ്ഡലങ്ങളിലേക്കും വ്യാപിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഒളിംപിക്‌സ് മല്‍സരങ്ങളുടെ ഏറ്റവും വലിയ നേട്ടം. അതില്ലെങ്കില്‍ കായികരംഗത്ത് എത്ര മഹത്തായ വിജയങ്ങളുണ്ടാക്കിയാലും അതൊരു വെറും മല്‍സര പരമ്പരയായി ചുരുങ്ങിപ്പോവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക