|    Dec 12 Wed, 2018 8:41 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒരു ഇടയബാലന്റെ ഓര്‍മക്കുറിപ്പുകള്‍

Published : 12th November 2018 | Posted By: kasim kzm

കാഞ്ച ഐലയ്യ ഷെഫേഡ്

‘ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല’, ‘ഹിന്ദുവിനു ശേഷമുള്ള ഇന്ത്യ’ എന്ന എന്റെ രണ്ടു ഗ്രന്ഥങ്ങള്‍ ബ്രാഹ്മണ-ബനിയ വിഭാഗത്തില്‍പ്പെട്ട വായനക്കാര്‍ക്കിടയില്‍ വലിയ വിവാദം സൃഷ്ടിച്ചെങ്കിലും അതു ദലിത്-ബഹുജന്‍ പശ്ചാത്തലമുള്ള അനേകായിരം യുവതീയുവാക്കള്‍ക്ക് വലിയ പ്രചോദനമായി മാറി. ഈ രണ്ടു കൃതികളും രാജ്യത്ത് ഉല്‍പാദിപ്പിക്കുകയും ഒന്നും ഉല്‍പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ജാതികളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ഭാവിയില്‍ ഇന്ത്യ ഏതു വഴിയിലൂടെ സഞ്ചരിക്കണം എന്നതിനെക്കുറിച്ച ആശയപരമായ സംവാദത്തിനും അതു വഴിവച്ചു. തെലുഗു മേഖലയില്‍ എനിക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ ഓര്‍മക്കുറിപ്പുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു ഞാന്‍ കരുതുന്നു. എക്കാലത്തും ദലിത്-ബഹുജന്‍ വിഭാഗത്തിനു വേണ്ടിയായിരുന്നു ഞാന്‍ നിലകൊണ്ടിരുന്നത്.
ഇന്ത്യയിലെ ജാതിവ്യവസ്ഥയും ഉല്‍പാദനശക്തികളും പുനഃപരിശോധനയ്ക്കു വിധേയമാക്കുന്നതിന് എന്റെ രണ്ടു കൃതികള്‍ കാരണമായി. അതിനെതിരേ ബഹളം വച്ച രണ്ടു ജാതികളാണ് ബ്രാഹ്മണരും ബനിയകളും. കമ്മ്യൂണിസ്റ്റുകാരെയും എന്റെ കൃതികള്‍ അലോസരപ്പെടുത്തിയിരുന്നു. ബിജെപിക്കു ചുറ്റുമുള്ള വലതുപക്ഷ രാഷ്ട്രീയ വിഭാഗങ്ങളാണ് ഹിന്ദുമതത്തെക്കുറിച്ച എന്റെ ചരിത്രപരമായ അപഗ്രഥനത്തില്‍ കൂടുതല്‍ കുപിതരായത്. എന്നെ പിന്തുണയ്ക്കുന്നതിനായി ധാരാളം ദലിത്-ബഹുജന്‍ പ്രവര്‍ത്തകരും പുരോഗമനസ്വഭാവമുള്ള സാമൂഹിക ശക്തികളും രംഗത്തുവന്നു. കോടതികളില്‍ എനിക്കെതിരേ ധാരാളം കേസുകള്‍ ഉണ്ടായി. 2015ല്‍ ആന്ധ്രാ ജ്യോതി പത്രത്തില്‍ ‘ദൈവം ജനാധിപത്യവാദിയോ അല്ലയോ’ എന്ന ശീര്‍ഷകത്തില്‍ ഞാന്‍ എഴുതിയ ലേഖനം ഒരു കേസിനു പ്രേരകമായി. ഈ കുറിപ്പ് എഴുതുന്നതിനിടയില്‍ പല കോടതികളിലും എനിക്ക് ഹാജരാവേണ്ടിവന്നു. എല്ലാറ്റിനു പിന്നിലും ബ്രാഹ്മണ-ബനിയ വിഭാഗമായിരുന്നു.
തെലുഗു മേഖലയിലെ ബ്രാഹ്മണ സംഘടനകള്‍ എന്നെ വ്യക്തിപരമായി ആക്രമിക്കുകയും എന്റെ പേരിനെയും ജാതിയെയും അപഹസിക്കുകയും ചെയ്തു. കാഞ്ച ഐലയ്യ എന്ന പേരിന്റെ കൂടെ ഷെഫേഡ് എന്നു ചേര്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അത്തരം നീക്കങ്ങളാണ്. തൊഴില്‍പരമായി ഞങ്ങള്‍ ഇടയന്‍മാരായിരുന്നു. ലോകാടിസ്ഥാനത്തില്‍ വലിയ ആദരവുള്ള ജോലിയാണത്. പിന്നാക്കവിഭാഗത്തില്‍ പെട്ടവര്‍ ആത്മാഭിമാനം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മര്‍ദനത്തിനും അപമാനത്തിനും ചൂഷണത്തിനും എതിരായി പോരാടിയവര്‍ അവയെപ്പറ്റിയൊക്കെ എഴുതണം. എഴുത്ത് നല്ല ആയുധമാണ്. ബ്രാഹ്മണ-ബനിയ വിഭാഗത്തില്‍പ്പെട്ട പലരും സ്വയം പൊക്കുന്ന ആത്മകഥകള്‍ എഴുതുന്നു. എന്നാല്‍, ഇടയന്‍മാരുടെ ജാതിയില്‍പ്പെട്ട ഒരാളും ആത്മകഥ എഴുതിയത് ഞാന്‍ കണ്ടിട്ടില്ല.
2017ല്‍ ‘ഹിന്ദുവിനു ശേഷമുള്ള ഇന്ത്യ’ എന്ന എന്റെ കൃതി സംബന്ധിച്ച് ആര്യ-വൈശ്യ സംഘം കൊടുത്ത കേസ് സുപ്രിംകോടതി വരെയെത്തി. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച്, ഒരാള്‍ ഒരു ഗ്രന്ഥം രചിക്കുന്നത് ആവിഷ്‌കാരാവകാശമാണെന്നു ചൂണ്ടിക്കാട്ടി ഹരജി തള്ളി. വിമര്‍ശനമോ ബഹിഷ്‌കരണമോ ഭയക്കാതെ ഒരാള്‍ക്ക് തന്റെ അഭിപ്രായം പ്രകടിപ്പിക്കാമെന്നാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്. എഴുത്താണ് ദലിത്-ബഹുജന്‍ വിഭാഗത്തിന്റെ പതിതാവസ്ഥ മാറ്റിയെടുക്കാനുള്ള ഒരു വഴി. അംബേദ്കര്‍ അതാണ് തെളിയിച്ചത്. തലമുറകളായി നടക്കേണ്ട ഒരു ജോലിയാണത്. മര്‍ദക ജാതികള്‍ക്കിടയില്‍ അതു ഭയം സൃഷ്ടിക്കും എന്നതില്‍ സംശയമില്ല.
ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങളാണ്, അല്ലാതെ വര്‍ഗത്തിന്റെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങളല്ല വലിയ എതിര്‍പ്പിനു വഴിവയ്ക്കുന്നത്. കാരണം, ജാതിമേല്‍ക്കോയ്മ ‘ഉന്നത’ജാതികളുടെ രക്തത്തിലുണ്ട്. വര്‍ഗപരമായ അപകര്‍ഷബോധത്തെ എളുപ്പം മറികടക്കാന്‍ പറ്റും; ജാതീയമായ കീഴാളബോധം അങ്ങനെയല്ല. അതുകൊണ്ടാണ് ജാതിക്കെതിരേയുള്ള സമരം കൂടുതല്‍ ദുഷ്‌കരമാവുന്നത്. ജാതി ഒരേസമയം സാമ്പത്തികവും സാംസ്‌കാരികവുമാണ്. ജാതിഘടനയില്‍ വരുന്ന മാറ്റം മേല്‍ക്കോയ്മയുള്ള ജാതികളില്‍ കൂടുതല്‍ പരിഭ്രമം ഉണ്ടാക്കുന്നു. അധ്വാനം അന്തസ്സില്ലാത്തതാണ് എന്ന ധാരണ നിര്‍മിച്ചത് അവരാണ്.
മാറ്റങ്ങള്‍ സാമൂഹികമായും ആത്മീയമായും അവര്‍ക്ക് സഹിക്കാനാവില്ല. അതുകൊണ്ടാണ് രാഷ്ട്രീയപരമായും ആശയപരമായും വ്യത്യസ്ത ജീവിതം നയിക്കുന്ന ബ്രാഹ്മണ-ബനിയ സമുദായങ്ങളില്‍ പെട്ടവര്‍ തന്നെ എന്റെ രചനകള്‍ കാണുമ്പോള്‍ ക്ഷുഭിതരാവുന്നത്. എന്റെ കൃതികള്‍ പ്രചരിപ്പിക്കുമ്പോള്‍ അവ എല്ലാ തരം സാമൂഹിക ശക്തികളെയും സ്വാധീനിക്കുമെന്നും അതോടെ ഉല്‍പാദന മേഖലയിലില്ലാത്ത ജാതികള്‍ തങ്ങളുടെ മേധാവിത്വം തകരുമെന്നും കരുതുന്നു. ഞാന്‍ പിന്നാക്കവിഭാഗത്തില്‍ പെട്ടവനാണെന്നതും പ്രധാനമാണ്.
മറ്റു പിന്നാക്കജാതികളാണ് ഹിന്ദുമതത്തിന്റെ പ്രധാന ശക്തി. അവരാണ് ബ്രാഹ്മണ-ബനിയ ജാതികളെ നിലനിര്‍ത്തുന്ന സാമ്പത്തിക വൃത്തിയുടെയും സേവനത്തിന്റെയും നെടുംതൂണുകള്‍. ഇന്ത്യയിലെ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം ദലിതുകള്‍ തന്നെ. എന്നാല്‍, എണ്ണക്കൂടുതലുള്ള മറ്റു പിന്നാക്ക ജാതികള്‍ ബ്രാഹ്മണിസം, എന്തും വിശ്വസിക്കുന്ന അനുയായികളാണ്. അവര്‍ ഒരിക്കലും ഹിന്ദു വ്യവസ്ഥയെ ചോദ്യം ചെയ്തിട്ടില്ല. ദലിതുകള്‍ അംബേദ്കര്‍ ആവശ്യപ്പെട്ട പോലെ മറ്റൊരു രാഷ്ട്രമായി മാറിയിരുന്നെങ്കില്‍ പോലും ബ്രാഹ്മണ-ബനിയ വിഭാഗത്തിനു മറ്റു പിന്നാക്കജാതികളുടെ അധ്വാനത്തെ ആശ്രയിച്ചു കഴിയാമായിരുന്നു. എന്നാല്‍ അവര്‍, ചില പ്രദേശങ്ങളില്‍ ദലിതുകള്‍ ചെയ്യുന്നപോലെ, ഹിന്ദുമതത്തില്‍ നിന്നു വിട്ടുപോയിരുന്നുവെങ്കില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഘടന തന്നെ മാറിയേനെ. അതോടെ മര്‍ദക വിഭാഗത്തിന്റെ ശുഭപ്രതീക്ഷകള്‍ക്കൊക്കെ അന്ത്യമായേനെ!
ഞാന്‍ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തവനാണെന്നു ചില വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണത്രേ ഞാന്‍ ഇതൊക്കെ എഴുതുന്നത്. അതു തെറ്റാണെന്നു വ്യക്തമാക്കാന്‍ കൂടിയാണ് ഞാന്‍ ഇതെഴുതുന്നത്. മറ്റു പിന്നാക്കജാതിയില്‍പ്പെട്ട ഒരാളെന്ന നിലയ്ക്കാണ് ഞാന്‍ ഹിന്ദുമതത്തെയും ബ്രാഹ്മണിസത്തെയും വിമര്‍ശനവിധേയമാക്കുന്നത്. സഹസ്രാബ്ദമായി ഹിന്ദുമതത്തില്‍ ഒരു സ്ഥാനവുമില്ലാത്ത ഒരു വലിയ സമുദായത്തിന്റെ പ്രതിനിധിയാണ് ഞാന്‍. അതു മേല്‍ജാതികള്‍ മുന്നോട്ടുവയ്ക്കുന്ന ദേശീയതയേക്കാള്‍ കൂടുതല്‍ ഇന്ത്യനാണ്. ചരിത്രപരമായി ദലിത്-ബഹുജനങ്ങളാണ് കൂടുതല്‍ വലിയ ദേശീയവാദികള്‍. കാരണം, അവരാണ് രാഷ്ട്രത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി അധ്വാനിക്കുന്നവര്‍.
എന്റെ ഓര്‍മക്കുറിപ്പുകള്‍ വ്യക്തികളെയും ജാതികളെയും സമുദായങ്ങളെയും സ്പര്‍ശിക്കുന്നു. മറ്റുള്ളവരുമായുള്ള എന്റെ ഇടപഴകലുകള്‍ അധികവും വ്യക്തികള്‍ എന്ന നിലയ്ക്കല്ല, ജാതിയില്‍ പെട്ടവര്‍ എന്ന രീതിയിലായിരുന്നു. കാരണം, ഇന്ത്യയില്‍ വ്യക്തി എന്ന സങ്കല്‍പത്തിനു പേരെടുക്കാന്‍ പറ്റിയിട്ടില്ല. ചെറുപ്പത്തില്‍ തന്നെ നമുക്ക് ജാതിയുടെ അടിസ്ഥാനത്തിലുള്ള ശിക്ഷണമാണ് ലഭിച്ചിട്ടുള്ളത്. സമത്വം നിലനില്‍ക്കുകയും ജാതി-മതഭേദമെന്യേ പ്രതിഭകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നതിനുള്ള സാഹചര്യമാണ് ഒരു രാജ്യത്തെ വളര്‍ത്തുന്നത്. അപ്പോള്‍ മാത്രമേ ആഗോളതലത്തില്‍ മേല്‍ക്കോയ്മ സ്ഥാപിച്ച രാഷ്ട്രങ്ങളെ അതിനു വെല്ലുവിളിക്കാന്‍ പറ്റൂ.
ഹിന്ദുമതത്തെക്കുറിച്ച എന്റെ വിമര്‍ശനം സമത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹം ഉണ്ടാക്കാനും അങ്ങനെ ഇന്ത്യയെ ഒരു മഹത്തായ രാഷ്ട്രമാക്കാനും ഉദ്ദേശിച്ചുള്ളതാണ്. ജനാധിപത്യപരമായ വ്യക്തിസ്വത്വം വികസിപ്പിക്കാന്‍ അപ്പോള്‍ നമുക്കു കഴിയും. ബ്രാഹ്മണ-ബനിയ ജാതികളുടെ പെരുമാറ്റം സര്‍വേന്ത്യാതലത്തില്‍ ഒരുപോലെയല്ലെന്ന് എന്റെ ചില വിമര്‍ശകര്‍ അവകാശപ്പെടാറുണ്ട്. പക്ഷേ, എന്റെ ഈ സാമാന്യവല്‍ക്കരണം അനുഭവത്തിന്റെയും ഇടപെടലിന്റെയും അടിസ്ഥാനത്തില്‍ ഉള്ളതാണ്. എന്നാല്‍, ഇത് സമുദായങ്ങളെപ്പറ്റിയുള്ള ഒരു ഗവേഷണ കൃതിയല്ല. ഒരു ഗവേഷണ ഗ്രന്ഥത്തിനും ഒരു സമുദായത്തിലെ എല്ലാ അംഗങ്ങളുടെയും പെരുമാറ്റത്തെപ്പറ്റി പഠിച്ചുകൊണ്ട് ഒരു സമുദായത്തിന്റെ സംസ്‌കാരം, സ്വഭാവം, പെരുമാറ്റം, സമീപനം തുടങ്ങിയ വിഷയങ്ങളെപ്പറ്റി അഭിപ്രായം പറയാന്‍ പറ്റില്ല.
വ്യക്തിനിഷ്ഠമായ നിഷേധഭാവം മര്‍ദിത ജാതികളിലെ അംഗങ്ങളില്‍ വികസിച്ചുവരും എന്നതു ശരിയാണ്. അത് അപ്രതീക്ഷിതവുമല്ല. എന്നാല്‍, മര്‍ദക ജാതികള്‍ക്ക് മര്‍ദിത വിഭാഗങ്ങളോടുള്ള സമീപനത്തിലും ഈ വ്യക്തിനിഷ്ഠത ഉണ്ടാവും. എന്റെ സാമാന്യവല്‍ക്കരണങ്ങള്‍ ബോധപൂര്‍വമുള്ളതാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാന സാമ്പത്തിക വ്യവസ്ഥ രൂപപ്പെടുത്തിയ വിഭാഗത്തോട് അവ ചായ്‌വു കാണിക്കുന്നു. അതുകൊണ്ടുതന്നെ ഈ കൃതി തിയ്യതികളും കാലാനുക്രമണികയും സംഭവങ്ങളും ജീവിതഘട്ടങ്ങളും വിവരിക്കുന്ന ഒരു പരമ്പരാഗത ആത്മകഥയല്ല. വരമൊഴിയില്‍ പ്രത്യക്ഷപ്പെടാത്ത, മറ്റു ജാതികളെ എണ്ണത്തില്‍ മറികടക്കുന്ന ശൂദ്രജാതിയില്‍പ്പെട്ട ഒരുവന്റെ ഓര്‍മക്കുറിപ്പുകളാണിത്.
വളരെ നിര്‍ഭാഗ്യകരമായ കാര്യം, ശൂദ്രന്‍മാരായ ദേശീയ നേതാക്കളാരും ആത്മകഥ എഴുതിയില്ല എന്നതാണ്. മഹാരാഷ്ട്രയിലെ മഹാത്മാ ഫൂലെ, തമിഴ്‌നാട്ടിലെ പെരിയോര്‍, കേരളത്തിലെ നാരായണഗുരു തുടങ്ങി ആരും എഴുതിയില്ല. സമീപകാലത്ത് പല ദലിത് എഴുത്തുകാരും ആത്മകഥ എഴുതുന്നുണ്ട്. ഇംഗ്ലീഷില്‍ എഴുതിയ എന്റെ ഈ കഥ ഗാന്ധിയന്‍ സത്യത്തെയും ബ്രാഹ്മണ സത്യത്തെയും തലതിരിച്ചുള്ള സത്യനിരീക്ഷണമാണ്. അതുകൊണ്ടുതന്നെ എന്റെ കുറിപ്പുകളുടെ ഒരധ്യായത്തിന്റെ തലക്കെട്ട് ‘എന്റെ അസത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്നാണ്. ദലിത്-ബഹുജനത്തിനും ബ്രാഹ്മണ-ബനിയ വിഭാഗത്തിനും സത്യം, അസത്യം എന്നിവയെപ്പറ്റി രണ്ടു വീക്ഷണങ്ങളാണുള്ളത്.
ഈ കൃതി ശൂദ്രന്‍മാര്‍ക്ക് ഓര്‍മക്കുറിപ്പുകള്‍ എഴുതാന്‍ പ്രചോദനമാവുമെന്നു പ്രതീക്ഷിക്കുന്നു. ി

(ഗ്രന്ഥകാരന്റെ ‘ഫ്രം എ ഷെഫേഡ്
ബോയ് ടു ആന്‍ ഇന്റലക്ച്വല്‍’ എന്ന
ഓര്‍മക്കുറിപ്പുകള്‍ക്ക് എഴുതിയ മുഖവുര.)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss