|    Jan 25 Wed, 2017 5:11 am
FLASH NEWS

ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് അനാവശ്യം; അപ്രായോഗികം

Published : 10th June 2016 | Posted By: SMR

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന് സന്നദ്ധമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നു. ഇരു തിരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തണമെന്ന് പാര്‍ലമെന്ററി സ്ഥിരംസമിതി നല്‍കിയ റിപോര്‍ട്ടിനോട് കേന്ദ്രസര്‍ക്കാര്‍ മുമ്പ് അനുകൂലമായ സമീപനമാണു സ്വീകരിച്ചത്. തുടര്‍ന്ന് ഈ റിപോര്‍ട്ടിനെക്കുറിച്ച് നിയമമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭിപ്രായം തേടി. ഇതിനു മറുപടിയായാണ് തങ്ങളുടെ യോജിപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.
പാര്‍ലമെന്ററി സമിതിയില്‍നിന്ന് ഇത്തരമൊരു ശുപാര്‍ശ മുമ്പും ഉയര്‍ന്നിരുന്നു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തണമെന്ന നിര്‍ദേശം ബിജെപിയുടെ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്ന നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്രമോദിയും സമര്‍പ്പിച്ചിരുന്നു. രാഷ്ട്രീയ സമവായം ഉണ്ടാവുന്നപക്ഷം ഇരു തിരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തുന്ന കാര്യം പരിഗണിക്കാവുന്നതേയുള്ളൂവെന്നു പറഞ്ഞ കമ്മീഷന്‍ അതുസംബന്ധമായി നേരിടുന്ന സാമ്പത്തികവും പ്രായോഗികവുമായ പ്രയാസങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന നിയമസഭകളുടെ കാലാവധി വിവിധ സമയങ്ങളിലാണ് അവസാനിക്കുന്നത്. നിലവിലുള്ള അവസ്ഥയില്‍ തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുക അസാധ്യമാണ്. നിലവിലുള്ള ചില സഭകളുടെ കാലാവധി കൂട്ടുകയും ചിലത് കുറയ്ക്കുകയും ചെയ്തു മാത്രമേ ഒരുമിപ്പിക്കാനാവൂ. ഇതിന് ഭരണഘടനാ ഭേദഗതി വേണ്ടിവരും. രാജ്യത്തൊന്നാകെ പെരുമാറ്റച്ചട്ടം ബാധകമാക്കിയാല്‍ ഭരണസ്തംഭനത്തിന് തുല്യമാവുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
1951ല്‍ രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണു നടന്നത്. പിന്നീട് പല സഭകളും കാലാവധി പൂര്‍ത്തിയാവുന്നതിനു മുമ്പ് ഇല്ലാതായി. അതോടെയാണ് തിരഞ്ഞെടുപ്പ് പല സമയങ്ങളിലായി മാറിയത്. ഒരുമിച്ച് തിരഞ്ഞെടുപ്പു നടത്തിയാല്‍ വീണ്ടും ഇതേ അവസ്ഥ വരാനാണു സാധ്യത. സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ഭരണവും കേന്ദ്രത്തില്‍ പ്രസിഡന്റ് ഭരണവും ആശ്രയിക്കേണ്ടിവരും.
ഇത്തരമൊരു പരിഷ്‌കാരത്തിന് ബിജെപി എന്തുകൊണ്ട് പ്രകടനപത്രികയില്‍ സ്ഥാനം നല്‍കിയെന്ന ചിന്ത പ്രസക്തമാണ്. എല്ലാം കൈയിലെടുത്ത് വന്‍ പ്രചാരവേലയിലൂടെ വോട്ട് നേടുക എന്ന സൂത്രം ഇതിന്റെ പിന്നിലുണ്ടെന്നു സംശയിക്കാവുന്നതാണ്. അഖിലേന്ത്യാതലത്തില്‍ ബിജെപിക്കെതിരായ നിലപാട് സ്വീകരിക്കുന്ന പല കക്ഷികളും സംസ്ഥാനതലത്തില്‍ പരസ്പരം മല്‍സരിക്കുന്നവരാണ്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാവുന്നത് കൂട്ടായ നിലപാട് സ്വീകരിക്കുന്നതിന് ഈ കക്ഷികള്‍ക്ക് പ്രയാസമുണ്ടാക്കും. 2014ല്‍ നേടിയതുപോലെ ഒരു ഒഴുക്കില്‍ ജനവിധി സമാഹരിക്കാനായാല്‍ ഭരണഘടന തന്നെ മാറ്റിയെഴുതുന്നതിന് ആവശ്യമായ ഭൂരിപക്ഷത്തോടെ രാജ്യം കൈപ്പിടിയിലൊതുക്കാനാവും. ദുരുദ്ദേശ്യപരമായ നീക്കങ്ങള്‍ മുളയിലേ നുള്ളുന്നതിന് ജനാധിപത്യശക്തികള്‍ ജാഗ്രതപുലര്‍ത്തേണ്ട സമയമാണിത്. ജനാധിപത്യം ശക്തിപ്പെടുത്തേണ്ട മറ്റു പല വഴികളും രാജ്യത്തുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക