|    Jan 22 Sun, 2017 9:22 am
FLASH NEWS

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍

Published : 19th May 2016 | Posted By: SMR

പാലക്കാട്: സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തുടങ്ങുക. റിട്ടേണിങ് ഓഫിസറുടെ ടേബിളിലാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുവാന്‍ വയ്ക്കുന്നത്. 8.30നാണ് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണാന്‍ തുടങ്ങും.
മൂന്ന് തരം സുരക്ഷാപരിശോധനകള്‍ക്ക് ശേഷമായിരിക്കും ഉദ്യോഗസ്ഥരെയും കൗണ്ടിങ് ഏജന്റിനെയും വോട്ടെണ്ണല്‍ ഹാളിലേക്ക് കയറുവാന്‍ അനുവദിക്കുക.
ഒരോ ടേബിളിലേക്കും എത്തിക്കുന്ന കണ്‍ട്രോള്‍ യൂനിറ്റില്‍ പ്രിസൈഡിങ് ഓഫിസര്‍ തയ്യാറാക്കിയിട്ടുള്ള ഫോറം-17 ഉണ്ടാവും. ഫോറം -17 സിയുടെ അഡീഷണല്‍ ഷീറ്റിന്റെ രണ്ട് കോപ്പികള്‍ തയ്യാറാക്കി അതില്‍ എല്ലാ കൗണ്ടിങ് ഏജന്റുമാരെക്കൊണ്ടും ഒപ്പിടുവിക്കുകയും കൗണ്ടിങ് സൂപ്പര്‍വൈസറും ഒപ്പിടേണ്ടതാണ്.
ഓരോ വോട്ടിങ് മിഷ്യനുകള്‍ എണ്ണുമ്പോഴും ഈ ഫോമുകള്‍ പ്രത്യേകം പൂരിപ്പിക്കണം. ഒരു റൗണ്ട് വോട്ട് എണ്ണല്‍ പൂര്‍ത്തിയായ ശേഷം മാത്രമായിരിക്കും അടുത്ത റൗണ്ടിനായുള്ള വോട്ടിങ് യന്ത്രം അനുവദിക്കുക. കണ്‍ട്രോള്‍ യൂനിറ്റിലെ അഡ്രസ്സ് ടാഗ് പരിശോധിക്കുകയും അതത് ടേബിളിലേക്ക് അനുവദിച്ചതാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുകയും വേണം. ഈ പരിശോധനയിലെല്ലാം കൗണ്ടിങ് ഏജന്റിന്റെ സാന്നിധ്യം ഉറപ്പ് വരുത്തണം.
പരിശോധന തൃപ്തികരമാണെങ്കില്‍ പുറകിലെ പവര്‍ സ്വിച്ച് ഓണാക്കി മിഷ്യന്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പിക്കേണ്ടതാണ്. പിന്നീട് ആദ്യം ടോട്ടല്‍ ബട്ടണ്‍ അമര്‍ത്തി നോക്കേണ്ടതുമാണ്. ടോട്ടല്‍ കൃത്യമാണെങ്കില്‍ വോട്ട് എണ്ണാനുള്ള നടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്.
അതേ സമയം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്കും വാഹനങ്ങള്‍ക്കും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. വോട്ടണ്ണല്‍ കേന്ദ്രങ്ങളായ ഗവ. വിക്‌ടോറിയാ കോളജ്, ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം എച്ച് എസ് എസ്, ഒറ്റപ്പാലം എല്‍ എസ് എന്‍ ജി എച്ച് എസ് എസ് എന്നിവയുടെ കോംപൗണ്ടിലേക്ക് പാസുള്ള വാഹനങ്ങള്‍ക്കു മാത്രമാകും പ്രവേശനം. വാഹനങ്ങള്‍ക്ക് മുന്നില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും വേണം.12 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഹാളില്‍ നിരീക്ഷകന് മാത്രമായിരിക്കും ഫോണ്‍ ഉപയോഗിക്കുക. പോളിങ് ഓഫിസര്‍, മൈക്രോ ഓബ്‌സര്‍വര്‍മാര്‍, മറ്റ് കൗണ്ടിങ് ജീവനക്കാര്‍, സ്ഥാനാര്‍ഥികള്‍, ബൂത്ത് ഏജന്റുമാര്‍ എന്നിവര്‍ക്കും മൊബൈല്‍ ഫോണ്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്ത് കൊണ്ടുപോകാനോ ഉപയോഗിക്കുവാനോ പാടില്ലെന്നുമുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. രാവിലെ എട്ടുമുതല്‍ ജില്ലയിലെ നാലുകേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ ആരംഭിക്കും.
റിട്ടേണിങ് ഓഫിസര്‍, മൈക്രോ ഓബ്‌സര്‍വര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റുമാര്‍ എന്നിവര്‍ രാവിലെ ആറുമണിക്ക് മുമ്പ് അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഹാജരാകണം.
കൗണ്ടിങ് ഏജന്റുമാര്‍ രാവിലെ ഏഴുമണിക്ക് മുമ്പും എത്തിച്ചേരണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സൗകര്യമനുസരിച്ച് മാക്‌സിമം 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും റിട്ടേണിങ് ഓഫിസറുടെ മേശയില്‍ പോസ്റ്റല്‍ വോട്ടുകളുമാണ് എണ്ണുകയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക