|    Mar 26 Sun, 2017 12:58 pm
FLASH NEWS

ഒരുകോടി മുടക്കി ഹരിയാന മന്ത്രിയും പരിവാരങ്ങളും റിയോയിലേക്ക്

Published : 14th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: രാജ്യത്തിനു വേണ്ടി മല്‍സരിക്കാനിറങ്ങുന്ന കായികതാരങ്ങള്‍ക്കു പരിമിത സൗകര്യങ്ങള്‍ മാത്രം നല്‍കുമ്പോള്‍ ഒളിംപിക്‌സിന്റെ പേരിലുള്ള മന്ത്രിമാരുടെ ധൂര്‍ത്ത് തുടരുന്നു. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഹരിയാന താരങ്ങളെ പിന്തുണയ്ക്കാനായി ഒരു കോടി രൂപ ചെലവില്‍ സംസ്ഥാന കായികമന്ത്രിയും സംഘവും റിയോയിലേക്കു പറക്കാനൊരുങ്ങുകയാണ്.
മന്ത്രി അനില്‍ വിജ് ഉള്‍പ്പെടെ 9 അംഗ പ്രതിനിധിസംഘത്തില്‍ കായികമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, രണ്ട് ബിജെപി എംഎല്‍എമാര്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്, അഡീഷനല്‍ ചീഫ് സെക്രട്ടറി (കായികം) കെ കെ കണ്ഡേവല്‍, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, സ്‌പോര്‍ട്‌സ് ജോയിന്റ് ഡയറക്ടര്‍ ഒ പി ശര്‍മ എന്നിവരാണുള്ളത്.
മുന്‍ ദേശീയ ഹോക്കി താരമായിരുന്ന ശര്‍മ മാത്രമാണ് ഇതില്‍ കായികമേഖലയുമായി നേരിട്ടു ബന്ധമുള്ള ഏക വ്യക്തി.
ഹരിയാന സംഘത്തിന്റെ റിയോ സന്ദര്‍ശനം സംബന്ധിച്ച് കായികമന്ത്രി അനില്‍ വിജ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സ്ഥിരീകരിച്ചു.
ഇവരുടെ യാത്രയ്ക്ക് ഒരുകോടി രൂപയാണു ചെലവ് കണക്കാക്കുന്നത്. ഇന്നു പുറപ്പെടുന്ന സംഘത്തിലെ ജനപ്രതിനിധികളടക്കം 4 പേര്‍ ബിസിനസ് ക്ലാസിലും ബാക്കി 5 പേര്‍ എക്കണോമി ക്ലാസിലുമാണു യാത്രചെയ്യുക. ഒളിംപിക്‌സ് സമാപനച്ചടങ്ങിലടക്കം പങ്കെടുക്കുന്ന ഇവര്‍ക്കായി ഇതുവരെ കായികവകുപ്പ് 8 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. 119 അംഗ ഇന്ത്യന്‍ സംഘത്തില്‍ 20 പേരാണു ഹരിയാന സ്വദേശികള്‍.
ഒളിംപിക്‌സ് വേദികളുടെ നിരോധിത മേഖലയിലേക്കടക്കം പ്രവേശിച്ച ഇന്ത്യന്‍ കായികമന്ത്രി വിജയ് ഗോയലിന്റെ നടപടിയില്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിനു പിന്നാലെയാണു ഹരിയാന സംഘം സന്ദര്‍ശനത്തിനൊരുങ്ങുന്നത്.

(Visited 84 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക