|    Jan 22 Sun, 2017 7:08 am
FLASH NEWS

ഒരാഴ്ചയ്ക്കിടെ പതിച്ചുനല്‍കിയത് ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമി

Published : 26th March 2016 | Posted By: sdq

land_mafia

പി  എച്ച്  അഫ്‌സല്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ച്ചയായി നടന്ന മന്ത്രിസഭാ യോഗങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് പതിച്ചുനല്‍കിയത് ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമി. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നു കണ്ടതോടെ ഇതില്‍ വിവാദമായ ഉത്തരവുകള്‍ മാത്രമാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
ഭൂരിഭാഗം ഉത്തരവുകളും പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ആയിരത്തിലധികം ഏക്കര്‍ ഭൂമി മാഫിയകള്‍ക്ക് സ്വന്തമാവും. 2544.4 ഏക്കര്‍ ഭൂമിയാണ് ഫെബ്രുവരി 26 മുതല്‍ തുടര്‍ച്ചയായി ചേര്‍ന്ന നാലു മന്ത്രിസഭായോഗങ്ങളില്‍ കോര്‍പറേറ്റുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ദാനം നല്‍കിയത്. യോഗങ്ങളില്‍ പരിഗണനയ്ക്കുവന്ന 400 ഫയലുകളില്‍ 220ല്‍പ്പരം തീര്‍പ്പാക്കി. ഇതില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താതെ മന്ത്രിസഭ പരിഗണിച്ച 90 ഫയലുകളും സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കുന്നതിനും നിലംനികത്തുന്നതിനും വേണ്ടിയുള്ളതു മാത്രമായിരുന്നു. റവന്യൂവകുപ്പുമായി ബന്ധപ്പെട്ടു മാത്രം ഇതുള്‍പ്പെടെ എടുത്തത് 182 തീരുമാനങ്ങള്‍.
ഇതില്‍ എട്ടു തീരുമാനങ്ങള്‍ പ്രകാരമാണ് 2,544 ഏക്കര്‍ ഭൂമി മാഫിയകള്‍ക്ക് വിട്ടുനല്‍കിയത്. ശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ ലഭ്യമാവുന്നതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭൂമികുംഭകോണം പുറത്താവും.
പീരുമേട്ടിലെ 1,303 ഏക്കറോളം വരുന്ന ഹോപ്പ് പ്ലാന്റേഷന്‍ ഭൂമിയുടെ കാര്യത്തില്‍ എസ്‌റ്റേറ്റിന് അനുകൂലമായി തീരുമാനമെടുത്തത്, മെത്രാന്‍ കായല്‍ (378 ഏക്കര്‍), കടമക്കുടി പാടംനികത്തല്‍ (47 ഏക്കര്‍), വൈക്കം ചെമ്പില്‍ വയല്‍ നികത്താന്‍ (150 ഏക്കര്‍), കരുണ എസ്‌റ്റേറ്റ് (883 ഏക്കര്‍) തുടങ്ങിയവ ഇക്കാലയളവിലെടുത്ത തീരുമാനങ്ങളാണ്. തോട്ടം ആവശ്യങ്ങള്‍ക്കല്ലാതെ 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കാന്‍ പാടില്ലെന്ന നിയമം മറികടക്കാനാണ് കമ്പനികളുടെ പേരിലുള്ള ഭൂമിദാനം. ഇവയില്‍ പലതും വിവാദമായതോടെ സര്‍ക്കാരിന് പിന്‍വലിക്കേണ്ട അവസ്ഥയുണ്ടായി. അതിനാല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ സ്വാധീനിച്ച് ഉത്തരവുകള്‍ രഹസ്യമാക്കിവയ്ക്കാനും നിര്‍ദേശമുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം നടപ്പായത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ഒരാഴ്ചയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഴ്ചയില്‍ ഒരു മന്ത്രിസഭായോഗമെന്ന പതിവിനു വിപരീതമായി ഫെബ്രുവരി 26 മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാലു മന്ത്രിസഭായോഗങ്ങളാണു ചേര്‍ന്നത്. യോഗസമയവും എടുത്ത തീരുമാനങ്ങളുടെ സമയവും നോക്കിയാല്‍ ഒരു ഫയല്‍ ചര്‍ച്ചചെയ്യാന്‍ മൂന്നു മിനിറ്റ് പോലും എടുത്തിട്ടില്ലെന്ന് മനസ്സിലാവും. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട 90 തീരുമാനങ്ങള്‍ക്ക് ധനവകുപ്പിന്റെ അനുമതിയും ലഭിച്ചിട്ടില്ല. ഒരുമാസത്തിനിടെ ചേര്‍ന്ന യോഗങ്ങളില്‍ 822 ഫയലുകള്‍ തീര്‍പ്പാക്കുക എന്ന ചരിത്രവും ഈ മന്ത്രിസഭ സൃഷ്ടിച്ചു. വിവാദ സന്ന്യാസി സന്തോഷ് മാധവനു വേണ്ടി ഉള്‍പ്പെടെ നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനമെടുത്തത് ഈ മന്ത്രിസഭായോഗങ്ങളില്‍ ഒന്നിലാണ്. എല്ലാ ഉത്തരവും തിരഞ്ഞെടുപ്പിനു മുമ്പ് നടപ്പാക്കണമെന്ന പ്രത്യേക നിര്‍ദേശവുമുണ്ട്. തീരുമാനം നടപ്പായാല്‍ ഇനിവരുന്ന സര്‍ക്കാരിന് അതു റദ്ദാക്കാന്‍ കഴിയാത്തവിധത്തിലാണു കാര്യങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 170 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക