|    Jul 18 Wed, 2018 12:40 pm
FLASH NEWS

ഒരാഴ്ചയ്ക്കകം ഇരിട്ടി സപ്ലൈ ഓഫിസിലെത്തിയത് 677 അപേക്ഷകര്‍

Published : 3rd August 2017 | Posted By: fsq

 

ഇരിട്ടി: റേഷന്‍ മുന്‍ഗണന വിഭാഗത്തില്‍ നിന്നു ഒഴിവാക്കാനായി വിടുതല്‍ അപേക്ഷയുമായി ഒരാഴ്ചയ്ക്കകം ഇരിട്ടി സപ്ലൈ ഓഫിസിലെത്തിയത് 677 പേര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ റേഷന്‍ കാര്‍ഡ് ശമ്പളം വാങ്ങുമ്പോള്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്നും മറ്റു സ്ഥിതിവിവര കണക്കുകള്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ശേഖരിക്കുമെന്നുമുള്ള സര്‍ക്കാര്‍ അറിയിപ്പ് വന്നതോടെയാണ് സപ്ലൈ ഓഫിസില്‍ വന്‍തിരക്ക് അനുഭവപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ പെന്‍ഷന്‍കാര്‍, അധ്യാപകര്‍, സഹകരണ ജീവനക്കാര്‍ എന്നിവരാണ് വിടുതല്‍ അപേക്ഷയുമായി എത്തുന്നത്. നാലുചക്ര വാഹനമുള്ളവരും കൂടുതല്‍ സ്ഥലമുള്ളവരും വിദേശത്ത് ജോലിചെയ്യുന്നവരുള്ള റേഷന്‍ കാര്‍ഡുടമകളും വിടുതല്‍ ഹര്‍ജിയുമായി എത്തുന്നുണ്ട്. ഇരിട്ടിയില്‍ അന്ത്യോദയ-അന്നയോജന(എഎവൈ)-മുന്‍ഗണനാ വിഭാഗത്തില്‍ നിന്നു 491 ആളുകള്‍ പൊതുവിഭാഗത്തിലേക്ക് മാറാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 124 അപേക്ഷകര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. പൊതുവിഭാഗം(സബ്്‌സിഡി-നീല കാര്‍ഡ്) വിഭാഗത്തില്‍ നിന്നു പൊതുവിഭാഗത്തിലേക്ക് മാറാനായി 186 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 20 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. പല സര്‍ക്കാര്‍ ജീവനക്കാരും ഗൃഹഭരണമെന്നും സ്ഥിരജോലിയില്ലെന്നുമുള്ള തെറ്റായ വിവരം നല്‍കിയാണ് റേഷന്‍ ആനുകൂല്യം നേടിയെടുത്തത്. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ക്ക് സ്വമേധയാ ഒഴിവാകാനുള്ള സമയപരിധി ഈമാസം 10 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതിനുശേഷം ശക്തമായ നടപടിയുമായി മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ തീരുമാനം. നാലുചക്ര വാഹനമുള്ളവരുടെയും 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരുടെയും വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും റവന്യുവകുപ്പിന്റെയും സഹായത്തോടെ വാങ്ങിയെടുത്ത് പരിശോധന നടത്തി അയോഗ്യരെ കണ്ടെത്തും. തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരേ അവശ്യസാധന നിയന്ത്രണനിയമ പ്രകാരവും റേഷനിങ് കണ്‍ട്രോള്‍ ഉത്തരവ് പ്രകാരവും നടപടിയെടുക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പ് തീരമാനം. അതേസമയം പൊതുവിഭാഗത്തിലായ അര്‍ഹരായവരുടെ അപേക്ഷ സ്വീകരിക്കുന്നതിന് തീരുമാനമൊന്നുമായില്ലെങ്കിലും ദിനംപ്രതി നൂറുകണക്കിന് അപേക്ഷകള്‍ ഇങ്ങനെയുമെത്തുന്നുണ്ട്. ഇത്തരത്തില്‍ അര്‍ഹരായവര്‍ തങ്ങളുടെ മാര്‍ക്കിട്ടതിലെ പിശകുകള്‍ കണ്ടുപിടിച്ച് തിരുത്തിക്കിട്ടാന്‍ ആവശ്യമായ രേഖകള്‍ സഹിതം പരാതിപ്പെടുകയാണ് വേണ്ടത്. മാര്‍ക്ക് ലിസ്റ്റ് ഒത്തുനോക്കാനാവട്ടെ ആവശ്യമായ സംവിധാനവും ഇരിട്ടി സപ്ലൈ ഓഫിസില്‍ ഇല്ല. സാധാരണക്കാര്‍ക്ക് സൈറ്റില്‍ മാര്‍ക്ക് നോക്കുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. സപ്ലൈ ഓഫിസില്‍ ആവശ്യത്തിന് സൗകര്യം ഒരുക്കിയില്ലെങ്കില്‍ റേഷന്‍ പരാതി പ്രശ്‌നം കീറാമുട്ടിയായി മാറുമെന്ന ആക്ഷേപം ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss