|    Oct 15 Mon, 2018 7:21 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഒമ്പത് വയസ്സ്; എണ്‍പത് വയസ്സ്

Published : 20th September 2017 | Posted By: fsq

 

പിഎംഎഫ്

മഹാരാഷ്ട്രയിലെ നന്ദേഡില്‍ ബോംബ് നിര്‍മിക്കുന്നതിനിടയില്‍ ചില ആര്‍എസ്എസുകാര്‍ കൊല്ലപ്പെട്ടത് അന്വേഷിക്കാന്‍ ചെന്ന പോലിസ്, കൃത്രിമ താടിയും മുസ്‌ലിംകള്‍ ധരിക്കുന്ന കള്ളിമുണ്ടും കണ്ട് അദ്ഭുതംകൂറിയ കഥ നാം കേട്ടിട്ടുണ്ട്. 1947ല്‍ വിഭജനകാലത്ത് ഡല്‍ഹിയില്‍ മുസ്‌ലിം വേഷം ധരിച്ചു മുസ്‌ലിം മൊഹല്ലകളില്‍ ജീവിക്കാന്‍ സര്‍സംഘ് ചാലക് ആയ എം എസ് ഗോള്‍വാള്‍ക്കര്‍ തന്നെ നിര്‍ദേശം നല്‍കിയതിനെക്കുറിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരിച്ച പരംവൈഭവ് കെ വഥ്പര്‍ എന്ന കൃതിയില്‍ പരാമര്‍ശമുണ്ട്. ഡല്‍ഹി മുസ്‌ലിംലീഗ് ഓഫിസിലും അവര്‍ എത്തിയിരുന്നു. 1948 മാര്‍ച്ച് 14ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായി അധികാരമേല്‍ക്കുന്നതിനു മുമ്പേ ഡോ. രാജേന്ദ്രപ്രസാദ് സര്‍ദാര്‍ പട്ടേലിന് എഴുതിയ കത്തില്‍, മുസ്‌ലിം വേഷധാരികളായ ആര്‍എസ്എസുകാര്‍ ഹിന്ദുക്കളെ ആക്രമിക്കാനും അങ്ങനെ വര്‍ഗീയലഹള ഉണ്ടാക്കാനും പദ്ധതിയിടുന്നതിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നു. 2014ലും തുടര്‍ന്ന് 2017ലും വ്യാജ വീഡിയോകളുണ്ടാക്കി രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ ദുഷ്പ്രചാരണം നടത്തി ഹിന്ദുത്വര്‍ വലിയ വിജയം നേടി എന്നതിന്റെ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പാകിസ്താനിലോ മറ്റോ നടന്ന കലഹത്തിന്റെ വീഡിയോയില്‍ കൃത്രിമം കാട്ടി, മുസ്‌ലിംകള്‍ ഹിന്ദുക്കളെ ആക്രമിക്കുന്നുവെന്ന പ്രചാരവേല ഉത്തരേന്ത്യയില്‍ വലിയതോതില്‍ നടന്നിരുന്നു. 2021 ആവുന്നതോടെ മുസ്‌ലിംകളും ക്രിസ്ത്യാനികളുമില്ലാത്ത ഭാരതമെന്നാണ് ആര്‍എസ്എസിന്റെയും ധര്‍മജാഗരണ്‍ സമിതിയുടെയും പ്രമുഖ നേതാവായ രാജേശ്വര്‍ സിങ് പറയുന്നത്. രണ്ട് ആഭ്യന്തരശത്രുക്കളെന്ന് ഗോള്‍വാള്‍ക്കര്‍ വിശേഷിപ്പിച്ചവരാണ് മുസ്‌ലിംകളും ക്രൈസ്തവരും. മലപ്പുറം ജില്ലയില്‍ ഒരിടത്ത് ഒരു തെരുവുനാടകത്തിന്റെ ദൃശ്യങ്ങള്‍ കവര്‍ന്നെടുത്ത് മുസ്‌ലികള്‍ ഹിന്ദു യുവതിയെ ആക്രമിക്കുന്ന ഭയാനക വീഡിയോ ആക്കിയതും അവര്‍ തന്നെ. രാജസ്ഥാനില്‍ ഈയിടെയുണ്ടായ ഒരു സംഭവം നോക്കൂ. ജൂലൈയില്‍ തൊപ്പിയും വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ച ഒരു വൃദ്ധന്‍ ഒരു ചെറിയ പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നു. വേണ്ടത്ര വ്യക്തതയില്ലാതെ റിക്കാഡ് ചെയ്ത വീഡിയോയില്‍ അത് എവിടെ വച്ചു നടന്നുവെന്ന് യാതൊരു സൂചനയുമില്ലായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ ഹിന്ദു ഭൂരിപക്ഷമുള്ള ഹിന്ദോളി ടൗണിലെ അബ്ദുല്‍ വഹീദ് അന്‍സാരിയാണെന്ന പ്രചാരണവും വന്നു. സമ്പന്നനായ വ്യാപാരിയായിരുന്നു അന്‍സാരി. തൊട്ടുപിന്നാലെ ബിജെപി, ബജ്‌രംഗ്ദള്‍, വിഎച്ച്പി, കര്‍നിസേന എന്നിങ്ങനെ പല ബാനറുകളിലായി ഹിന്ദുത്വര്‍ പ്രകടനം നടത്താന്‍ തുടങ്ങി. അന്‍സാരിയുടെ വീടിനു നേരെ ചിലര്‍ കല്ലെറിയുകയും ചെയ്തു. ജൂലൈ 31ന്, വീഡിയോയിലുള്ള പെണ്‍കുട്ടി തന്റെ മകളാണെന്ന് അവകാശപ്പെട്ട് ഒരാള്‍ പോലിസില്‍ ഒരു പരാതി കൊടുക്കുന്നു. പോലിസ് ഒട്ടും താമസിയാതെ എഫ്‌ഐആര്‍ തയ്യാറാക്കി. ഐപിസി സെക്ഷന്‍ 376 (ബലാല്‍സംഗം), പോക്‌സോ എന്നിവ പ്രകാരമായിരുന്നു കേസ്. അന്നുതന്നെ പോലിസ് 80കാരനായ അന്‍സാരിയെ പൊക്കി; ചോദ്യംചെയ്തതിനുശേഷം അയാളെ വിട്ടയച്ചു. പക്ഷേ, അതിനകം തന്നെ പത്രപ്രവര്‍ത്തകരടക്കം ചിലര്‍, അന്‍സാരി പോലിസിനു കൈക്കൂലി കൊടുത്താണ് കേസില്‍ നിന്ന് ഒഴിവായതെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. 300ലധികം പേരുള്ള ജനക്കൂട്ടം കൃത്യമായി അന്‍സാരിയുടെ വീടിനു ചുറ്റും തടിച്ചുകൂടി. ഇപ്രാവശ്യം പോലിസ് അന്‍സാരിയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. ഒമ്പതു വയസ്സുള്ള പെണ്‍കുട്ടി സിആര്‍പിസി 164 പ്രകാരം മജിസ്‌ട്രേറ്റിനു മുമ്പില്‍ സത്യവാങ്മൂലം നല്‍കി. പടുവൃദ്ധനായ അന്‍സാരി അവളെ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് ഒഴിഞ്ഞ ഒരു സ്ഥലത്തേക്കു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നായിരുന്നു മൊഴി. അതുപ്രകാരം അന്‍സാരി കുറ്റം ചെയ്തതിന് തെളിവുണ്ടെന്നായിരുന്നു ബുന്ദി ജില്ലാ സൂപ്രണ്ട് ആദര്‍ശ് സിദുവിന്റെ വിശദീകരണം. പിന്നീടാണ് വീഡിയോയുടെ രഹസ്യം പുറത്തുവന്നത്. യുപിയിലെ ഖുര്‍ജയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ റിക്കാഡ് ചെയ്ത വീഡിയോയ്ക്ക് അന്‍സാരിയുമായി ഒരു ബന്ധവുമില്ലായിരുന്നു. അക്കാര്യം പിന്നീട് പോലിസ് മേധാവി ആദര്‍ശ് സിദു തന്നെ സമ്മതിക്കുകയും ചെയ്യുന്നു. സിദുവിന്റെ പോലിസുകാര്‍ ബുലന്ദ്ശഹര്‍ വരെ പോയി അക്കാര്യം സ്ഥിരീകരിച്ചു. മാത്രമല്ല, അതിലുള്ള വൃദ്ധന്‍ ഇപ്പോള്‍ ജയിലിലുമാണ്. അതിലെ ഇരയായ പെണ്‍കുട്ടിയുടെ ബന്ധു തന്നെയാണ് രഹസ്യമായി ആ രംഗം വീഡിയോയില്‍ പകര്‍ത്തിയതും. പോലിസ് സൂപ്രണ്ട് സിദു അക്കാര്യം പരാതി കൊടുത്ത പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിക്കുകയും വേറെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അച്ഛന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ ആദ്യം മജിസ്‌ട്രേറ്റിനു മുമ്പില്‍ മൊഴി കൊടുത്തതെന്നും അവള്‍ സമ്മതിക്കുന്നു. എന്നാല്‍, ഈ ബലിപെരുന്നാളിനും അന്‍സാരി ജയിലില്‍ തന്നെയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കള്ളവാങ്മൂലമാണ് പടുവൃദ്ധനായ അന്‍സാരിയെ അഴിക്കുള്ളില്‍ തന്നെ നിലനിര്‍ത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss