|    Jan 20 Fri, 2017 3:24 pm
FLASH NEWS

ഒമ്പത് വയസ്സുകാരന് കൊടിയ പീഡനം: മാതാവ് അറസ്റ്റില്‍

Published : 25th August 2016 | Posted By: SMR

അടിമാലി: അടിമാലി കൂമ്പന്‍പാറയില്‍ ഒമ്പത് വയസ്സുകാരന്‍ നൗഫലിനു പീഡനമേറ്റ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ കേസെടുത്ത പോലിസ് മാതാവ് സെലീനയെ അറസ്റ്റ്‌ചെയ്തു. സെലീനയെ കഴിഞ്ഞ ദിവസം കടവന്ത്ര പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.  ഇന്നലെ അടിമാലി പോലിസിന് കൈമാറുകയായിരുന്നു. ഇവരെ അടിമാലി മച്ചിപ്ലാവിലുള്ള കോണ്‍വെന്റില്‍ താമസിപ്പിച്ചിരിക്കുകയാണ്. പ്രതിയെ ഇന്ന് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കും. കുട്ടിയെ ഉപദ്രവിച്ചതിനും മുഖത്തു ചൂടുവെള്ളം ഒഴിച്ചതിനും തല്ലിയതിനും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി അടിമാലി എസ് ഐ ലാല്‍ സി ബേബി പറഞ്ഞു.
പിതാവ് അടിമാലി കൂമ്പന്‍പാറ പഴമ്പള്ളില്‍ നസീര്‍ കഞ്ചാവ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സംഭവത്തില്‍  ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇന്ന് രാവിലെ 11ന് തൊടുപുഴയില്‍ പ്രത്യേക സിറ്റിങ് നടത്തും. രണ്ടുകുട്ടികളുമായി ഹാജരാവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളത്ത് താമസിച്ചിരുന്ന നസീറും കുടുംബവും രണ്ട് വര്‍ഷം മുമ്പാണ് അടിമാലിയില്‍ താമസമാക്കിയത്. കഞ്ചാവ് കേസ്സുള്‍പ്പെടെ നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്.
അതേസമയം, ദേവികുളം കോടതിയിലെത്തിച്ച പിതാവ് നസീര്‍ തല ഭിത്തിയില്‍ ഇടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോടതി ഇയാളെ കഞ്ചാവ് കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച ജയിലില്‍ എത്തിയപ്പോള്‍ മുതല്‍ ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി ജയില്‍ സൂപ്രണ്ട് പറഞ്ഞു. ബുധനാഴച രാവിലെ മുതല്‍ ഇയാള്‍ ജയിലില്‍ കഞ്ചാവ് ബീഡി ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കില്ലെന്ന് അറിയിച്ചതോടെ ജീവനക്കാര്‍ക്കെതിരേ തിരിയുകയും തല ഭിത്തിയില്‍ ഇടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. പിടിക്കുവാന്‍ ശ്രമിച്ച ജീവനക്കാരേയും ഇയാള്‍ അക്രമിക്കുവാനൊരുങ്ങി. പിന്നീട് ജയില്‍ ജീവനക്കാര്‍ സാഹസികമായി അടിമാലി ആശുപത്രിയില്‍ എത്തിച്ചപ്പോഴും ഇയ്യാള്‍ അക്രമാസക്തനാവുകയും തനിക്ക് ചികില്‍സ വേണ്ട, കഞ്ചാവ് ബീഡി മതിയെന്ന് നിര്‍ബന്ധം പിടിക്കുകയുമായിരുന്നു.
ആശുപത്രിയിലും മാനസിക വിഭ്രാന്തി കാണിച്ചതോടെ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം നസീറിനെ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയച്ചു. മയക്കുമരുന്നിന് അടിമയായ ഇയാള്‍  ജയിലില്‍ വന്നപ്പോള്‍ മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയതായും ജയില്‍ സൂപ്രണ്ട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 129 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക