|    Oct 16 Tue, 2018 2:04 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഒമ്പതുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: ചികില്‍സയിലിരിക്കെ രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ റീജ്യനല്‍ കാന്‍സര്‍ സെന്ററി( ആര്‍സിസി)ല്‍ പോലിസ് പരിശോധന നടത്തി. കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് പെണ്‍കുട്ടി രക്താര്‍ബുദം ബാധിച്ച് ആര്‍സിസിയില്‍ ചികില്‍സയ്‌ക്കെത്തിയത്. കീമോതെറാപ്പിക്കുശേഷം രക്തം സ്വീകരിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് എച്ച്‌ഐവി ബാധ ഉണ്ടായതെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ ചികില്‍സ സംബന്ധിച്ചും രക്തം സ്വീകരിച്ചതുമായി ബന്ധപ്പെട്ടുമുള്ള രേഖകള്‍ പരിശോധിച്ച പോലിസ്, മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി. അതേസമയം, സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ആര്‍സിസി ഡയറക്ടര്‍, കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവര്‍ 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ കുറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ ആര്‍സിസിയില്‍ സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വീഴ്ചയുടെ കാരണം എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും ആര്‍സിസി ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് ജോയിന്റ് ഡിഎംഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ ഡോ. ആര്‍ രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും ആശുപത്രിയില്‍ എത്തിയിരുന്നു. തങ്ങളുടെ ഭാഗത്തുനിന്നുള്ള പിഴവല്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ആര്‍സിസി അധികൃതര്‍. അണുബാധയില്ലാത്ത രക്തമാണെന്ന് തിരിച്ചറിഞ്ഞശേഷമാണ് രോഗികള്‍ക്കു നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു വീഴ്ച വരില്ലെന്നാണ് ആര്‍സിസിയുടെ വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss