|    Apr 22 Sun, 2018 4:08 pm
FLASH NEWS

ഒമ്പതാം വയസില്‍ 4500 ചിത്രങ്ങള്‍; അനവദ്യ ഏഷ്യന്‍ റിക്കോര്‍ഡിലേക്ക്

Published : 20th October 2016 | Posted By: SMR

കൊല്ലം:  ഒമ്പത് വയസ്സിനുള്ളില്‍ അനവദ്യ കോറിയിട്ടത് നാലായിരത്തിയഞ്ഞൂറിലേരെ രേഖാചിത്രങ്ങള്‍. ഈ കുരുന്നുപ്രതിഭയുടെ സര്‍ഗ്ഗ സൃഷ്ടികള്‍ക്ക് ഒടുവില്‍ ഏഷ്യന്‍ റിക്കോര്‍ഡും. 22ന് വൈകീട്ട് നാലിന് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വച്ച് യുആര്‍എഫ് എഡിറ്ററും ജൂറി ഹെഡുമായ ഡോ.സുനില്‍ ജോസഫ് അനവദ്യയെ ഒമ്പത് വയസ്സിനുള്ളില്‍ 4500 രേഖാചിത്രങ്ങള്‍ വരച്ച ഏഷ്യയിലെ ഒരേയൊരു പ്രതിഭയെന്ന റെക്കോര്‍ഡിന് ഉടമയായി പ്രഖ്യാപിക്കും.ചിത്രകാരനായ കൊട്ടിയം ദീപശ്രീയില്‍ ദീപക്കിന്റെയും ഫോട്ടോഗ്രാഫറായ എസ് രശ്മിയുടെയും മകളാണ് അനവദ്യ. രണ്ടര വയസ്സില്‍ തുടങ്ങിയതാണ് ചിത്രരചന. ആദ്യകാലത്ത് വരച്ചതൊക്കെ ഒരു കുഞ്ഞുകുട്ടിയുടെ കുത്തിവരകളായിത്തോന്നുമെങ്കില്‍, വളരുംതോറും തന്റെ മുന്നിലെ കടലാസു കഷ്ണങ്ങളില്‍  ഈ കൊച്ചുമിടുക്കി ലൈന്‍ ഡ്രോയിങ്ങിലൂടെ ജീവന്‍ പകര്‍ന്ന ചിത്രങ്ങള്‍ കാഴ്ചക്കാരിലുണ്ടാക്കുക അത്ഭുതമാണ്.അനവദ്യയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ നമ്മളും അറിയാതെ ബാല്യത്തിലേക്കു നടക്കും. അവളുടെ പ്രഭാതം, പകല്‍, രാത്രി, ഇടവഴികള്‍, അണ്ണാറക്കണ്ണന്‍, തുമ്പിയും പൂമ്പാറ്റയും, സ്‌കൂളും ചങ്ങാതിമാരും തുടങ്ങി വായിച്ചും കേട്ടും മനസ്സിലെത്തുന്ന ദേവന്‍മാരും കഥാപാത്രങ്ങളുമെല്ലാം ചിത്രമായി, ഭാവനയായി താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. വെണ്ണ കട്ട കണ്ണനും ഉഗ്രകോപിയായ പരമശിവനുമെല്ലാം കൃത്യതയാര്‍ന്ന വരകളാല്‍ അനവദ്യയുടെ കാന്‍വാസില്‍ ഭദ്രം. രാഷ്ട്രീയത്തിലെ നേതാക്കന്‍മാരെ കാര്‍ട്ടൂണുകളായും ചിത്രീകരിച്ചിട്ടുണ്ട്. അനവദ്യ വരച്ച 4500ല്‍ അധികം ചിത്രങ്ങളാണ് വീട്ടിലുള്ളത്പെന്‍സില്‍ ഉപയോഗിച്ചു വരച്ച്, തെറ്റിയ വരകള്‍ മായ്ച്ചു വീണ്ടും വരയ്ക്കുന്ന രീതികളൊന്നും അനവദ്യയ്ക്കില്ല. പേനകൊണ്ടാണ് വര. വടിവൊത്തു സുന്ദരമായ, തെറ്റാത്ത വരകള്‍. മകളിലെ പ്രതിഭയെ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ വരയ്ക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കിനല്‍കി. നാലു വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അനവദ്യയുടെ മുറി ചിത്രങ്ങളാല്‍ നിറഞ്ഞു. കൊച്ചു ചിത്രകാരിയുടെ ചിത്രവൈവിധ്യം കണ്ട അധ്യാപകര്‍ സ്‌കൂളില്‍ പ്രദര്‍ശനം നടത്താമെന്ന ആശയം പങ്കുവച്ചു. അങ്ങനെ ആറാം വയസ്സില്‍ 2500 ചിത്രങ്ങളുമായി അനവദ്യയുടെ ആദ്യ പ്രദര്‍ശനം. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 3500 ചിത്രങ്ങളടങ്ങിയ പ്രദര്‍ശനങ്ങള്‍ നടത്തി. ഇന്ന് വൈകീട്ട് 4.30 മുതല്‍ കൊല്ലം ബീച്ചില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള ധനശേഖരണാര്‍ഥം അനവദ്യയുടെ ലൈവ് കാരിക്കേച്ചര്‍ രചന നടക്കും. ഇതില്‍ നിന്നും ലഭിക്കുന്ന തുക 22ന് നടക്കുന്ന ചടങ്ങില്‍ പാലിയം ഇന്ത്യയ്ക്ക് കൈമാറും. നാളെ രാവിലെ 9.30ന് അനവദ്യ വരച്ച 4500 രേഖാചിത്രങ്ങളുടെ പ്രദര്‍ശനും കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ചിത്രകാരന്‍ ഷെന്‍ലേ ഉദ്ഘാടനം ചെയ്യും. പള്ളിമണ്‍ സിദ്ധാര്‍ഥ സെന്‍ട്രല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനവദ്യ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss