|    Oct 17 Tue, 2017 3:18 pm
Home   >  Todays Paper  >  page 9  >  

ഒബാമയ്‌ക്കെതിരേ അസഭ്യവര്‍ഷവുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്

Published : 7th September 2016 | Posted By: SMR

മനില: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ മോശം വാക്കുകളില്‍ അധിക്ഷേപിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തേയുടെ നടപടി വിവാദമായി.
ഫിലിപ്പീന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള ഒബാമയുടെ പരാമര്‍ശത്തിനു മറുപടിയെന്നോണമായിരുന്നു ദുതെര്‍തേയുടെ വിവാദ പരാമര്‍ശം.
ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്നും ദുതെര്‍തേ പറഞ്ഞിരുന്നു. ലാവോസില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇരു രാഷ്ട്ര നേതാക്കളും പങ്കെടുക്കാനിരിക്കെയാണ് ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പ്രസ്താവന. സംഭവം വിവാദമായതോടെ ഉച്ചകോടിക്കിടയില്‍ നിശ്ചയിച്ചിരുന്ന ഒബാമ- ദുതെര്‍തേ കൂടിക്കാഴ്ച യുഎസ് റദ്ദാക്കി. അതേസമയം പ്രസ്താവനയില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തേ ഖേദം പ്രകടിപ്പിച്ചു.
യുഎസ് പ്രസിഡന്റിനെ വ്യക്തിപരമായി അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. എന്നിരുന്നാലും മര്യാദകള്‍ പാലിക്കാതെയുള്ള ദുതെര്‍തേയുടെ പ്രസ്താവന ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നയതന്ത്രപ്രതിസന്ധികള്‍ക്കു കാരണമാവുമെന്നാണു വിലയിരുത്തല്‍. ഫിലിപ്പീന്‍സില്‍ ദുതെര്‍തേ അധികാരമേറ്റശേഷം മയക്കുമരുന്നുമാഫിയയെ അടിച്ചമര്‍ത്തുന്നതിന്റെ പേരില്‍ 2000ഓളം പേരെ വധിച്ചിരുന്നു. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഇതിനെതിരേ ശക്തമായി പ്രതികരിച്ചു.
ഇതിനെക്കുറിച്ചായിരുന്നു ഒബാമയുടെയും പരാമര്‍ശം. ഇതിനു മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എന്നിവര്‍ക്കെതിരെയും ദുതെര്‍തേ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക