|    Jan 17 Tue, 2017 6:36 am
FLASH NEWS

ഒബാമയുടെ വീറ്റോ മറികടന്ന് ബില്ല് പാസാക്കി

Published : 30th September 2016 | Posted By: SMR

വാഷിങ്ടണ്‍: സപ്തംബര്‍ 11  ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സൗദി അറേബ്യ ബാധ്യസ്ഥരാണെന്ന ബില്ല് പ്രസിഡന്റ് ബറാക് ഒബാമയുടെ വീറ്റോ മറികടന്ന് യുഎസ് കോണ്‍ഗ്രസ് പാസാക്കി. നേരത്തേ യുഎസ് സെനറ്റ് ഐകകണ്‌ഠ്യേന പാസാക്കിയ ബില്ല് ഒബാമ വീറ്റോ ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസ്സില്‍ നടന്ന വോട്ടെടുപ്പില്‍ ബില്ല് പാസായതോടെ ഒബാമയുടെ നടപടി അസാധുവായിരുന്നു. ഇതാദ്യമായാണ് ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് മറികടക്കുന്നത്.
ജസ്റ്റിസ് എഗെയിന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം ആക്ട് ബില്ല് പ്രകാരം സപ്തംബര്‍ 11 ആക്രമണ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സൗദി അറേബ്യക്കെതിരേ കോടതിയെ സമീപിക്കാന്‍ സാധിക്കും. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ബില്ല് എന്ന് കാണിച്ചായിരുന്നു ഒബാമ ബില്ല് വീറ്റോ ചെയ്തത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ്സിന്റെ ഇരു സഭകളും ബില്ല് പാസാക്കിയത്.
അതേസമയം തന്റെ വീറ്റോ മറികടന്ന് യുഎസ് കോണ്‍ഗ്രസ് ബില്ല് പാസാക്കിയത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സില്‍ നടന്നത് രാഷ്ട്രീയ വോട്ടെടുപ്പാണെന്നും അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്ന നടപടി യുഎസ് സൈനികരെ അപകടത്തില്‍ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കോണ്‍ഗ്രസ്സിന് തെറ്റുപറ്റിയെന്നും ഒബാമ അഭിപ്രായപ്പെട്ടു.
സപ്തംബര്‍ 11 ആക്രമണം നടത്തിയ 19 പേരില്‍ 15 പേരും സൗദികളാണെന്നാണ് യുഎസ് പറയുന്നത്. സൗദി സര്‍ക്കാറിന് അക്രമികളുമായി ബന്ധമുണ്ടെന്ന് സംശയിക്കത്തക്ക വിധമുള്ള രേഖകള്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗം അടുത്തിടെ പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള ബന്ധം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക