|    Dec 17 Mon, 2018 10:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഒപ്പം നില്‍ക്കുന്നവരെ കൊലക്കത്തിക്ക് എറിഞ്ഞ ചരിത്രം തനിക്കില്ല: മുല്ലപ്പള്ളി

Published : 5th December 2018 | Posted By: kasim kzm

തിരുവനന്തപുരം: ഒപ്പം നില്‍ക്കുന്നവരെ രാഷ്ട്രീയ കൊലക്കത്തിക്ക് എറിഞ്ഞുകൊടുത്ത ചരിത്രവും രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ കൊലപാതക പരമ്പരകള്‍ സൃഷ്ടിക്കുന്ന പതിവും തനിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കൊലപാതക രാഷ്ട്രീയത്തിനു നേതൃത്വം കൊടുത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണു താന്‍ ശ്രമിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കേ മുല്ലപ്പള്ളി ആഴ്ചയില്‍ എട്ടു ദിവസവും വടകരയിലും കോഴിക്കോട്ടുമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരുടെ കേരളത്തിലെ ടൂര്‍ പ്രോഗ്രാം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാറുണ്ട്. ആഭ്യന്തരവകുപ്പിന്റെ കൈവശമുള്ള രേഖ പരിശോധിച്ചാല്‍ താന്‍ എത്ര ദിവസം കേരളത്തിലും വടകരയിലുമുണ്ടായിരുന്നുവെന്നു വ്യക്തമാവും. താന്‍ കണ്ണൂര്‍ എംപിയായിരിക്കേ, കൂത്തുപറമ്പ് എംഎല്‍എയായിരുന്നു പിണറായി വിജയന്‍. നിയോജക മണ്ഡലം തിരിഞ്ഞുനോക്കാത്ത എംഎല്‍എയെന്നാണു സിപിഎമ്മുകാര്‍ പോലും പിണറായിയെ വിശേഷിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. അന്നും ഇന്നും കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന നിയോജകമണ്ഡലം കൂത്തുപറമ്പായി നില്‍ക്കുന്നുവെന്ന ബഹുമതിയും പിണറായിയുടെ തൊപ്പിയില്‍ ചാര്‍ത്തേണ്ട തൂവലാണെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. താന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. താന്‍ എന്തുചെയ്‌തെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനറിയാം. ആ കാലഘട്ടത്തിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്ന് ഏറ്റവുമധികം നിക്ഷേപം സംസ്ഥാന അഭ്യന്തരവരുപ്പിനു ലഭിച്ചത്. തന്റെ പ്രവര്‍ത്തന മികവ് വിലയിരുത്തേണ്ടത് പിണറായി വിജയനല്ല. പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഭൂരിഭാഗം ദിവസവും വടകരയിലും കോഴിക്കോട്ടുമാണ് ക്യാംപടിച്ചതെന്ന മുഖ്യമന്ത്രിയുടെ ആരോപണം നിയോജക മണ്ഡലത്തിലെ ജനങ്ങളുമായുള്ള തനിക്കുള്ള ബന്ധത്തെയാണ് സൂചിപ്പിച്ച—തെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss