|    May 24 Wed, 2017 3:14 pm
FLASH NEWS

ഒപി ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ പ്രതിഷേധം ശക്തം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് യുവജന സംഘടനകളുടെ സമര പരമ്പര

Published : 5th August 2016 | Posted By: SMR

നിലമ്പൂര്‍: കഴിഞ്ഞദിവസം നടന്ന എച്ച്എംസി യോഗ തീരുമാനമായ ഒപി ടിക്കറ്റ് നിരക്ക് വര്‍ധനയ്‌ക്കെതിരേ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ യുവജന സംഘടനകളുടെ സമര പരമ്പര. രാവിലെ 10.30 ഓടെ യൂത്ത്‌ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. ആശുപത്രി സുപ്രണ്ട് ഓഫിസിനു മുന്നില്‍ കുത്തിയിരുപ്പു സമരം നടത്തിയ പ്രവര്‍ത്തകര്‍ സുപ്രണ്ട് എത്താത്തതിനെ തുടര്‍ന്ന് ആര്‍എംഒ യുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ഉണ്ണികൃഷ്ണനുമായി ഫോണിലും ചര്‍ച്ചകള്‍ നടന്നു. നിരക്കു വര്‍ധന ഉടനുണ്ടാവില്ലെന്നും 15ന് മുന്‍പായി വിവിധ സംഘടനകളുടെ വിപുലമായ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാമെന്നും ഉറപ്പു നല്‍കിയതോടെ സമരം അവസാനിപ്പിച്ചു. സി എച്ച് അബ്ദുള്‍ കരീം, നിയാസ് മുതുകാട്, കെ എം എസ് കുട്ടി, അനീഷ് ചാലില്‍ നേതൃത്വം നല്‍കി. തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. ആശുപത്രിക്കുമുന്നില്‍ പാലൊളി മെഹബൂബ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നിരക്കുവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓഫിസിലെത്തി നിവേദനം നല്‍കി. ഷാജഹാന്‍ പായമ്പാടം, ഷിബു പാടിക്കുന്ന്, കുഞ്ഞു നേതൃത്വം നല്‍കി. ഇതിനിടെ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി. നേരത്തെയെടുത്ത തീരുമാനത്തെക്കുറിച്ച് അധികൃതര്‍ പ്രതിഷേധക്കാരെ അറിയിച്ചു. വര്‍ധിപ്പിച്ച ഒപി നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട,് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയവരില്‍ നിന്നു ഒപ്പുശേഖരണം നടത്തി നിവേദനമായി അധികൃതര്‍ക്കു നല്‍കിയശേഷം പിരിഞ്ഞുപോയി. എം സനോജ്, സുബിന്‍ കക്കുഴി, കുഞ്ഞുട്ടിമാന്‍, ഷാജി ചക്കാലക്കുത്ത് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
ചാര്‍ജ് കുറച്ചതായി കാണിച്ച് ജില്ലാ പഞ്ചായത്തിന്റെ പത്രക്കുറിപ്പ്
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒപി ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച എച്ച്എംസി തീരുമാനം യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേര്‍ പകുതിയാക്കി കുറച്ചുവെന്ന് പത്രക്കുറിപ്പിറക്കി ജില്ലാ പഞ്ചായത്ത്. ബുധനാഴ്ച നടന്ന എച്ച്എംസി യോഗത്തിലാണ് ജനവിരുദ്ധമായ തീരുമാനമുണ്ടായത്. പ്രധാന പാര്‍ട്ടികളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.
സംഭവം പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പ്രതിഷേധവുമായി യുവജന സംഘടനകള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇതോടെയാണ് ജനരോഷം തണുപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പത്രക്കുറിപ്പ് ഇറങ്ങിയത്. നിലവിലെ 2 രൂപ 10 രൂപയാക്കാനായിരുന്നു തീരുമാനം. ഇത് അഞ്ചാക്കി കുറച്ചുകൊണ്ടുള്ള പത്രക്കുറിപ്പാണ് ഇറക്കിയത്. എന്നാല്‍, നിലവിലുള്ള രണ്ടു രൂപയില്‍നിന്നു ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day