|    Nov 15 Thu, 2018 7:37 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒന്നൊക്കുമ്പോള്‍ ഒന്നൊക്കാത്ത പ്രസിഡന്റ് നിയമനം

Published : 4th August 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു

കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയം കുറേ കാലമായി തണുത്തു മരവിച്ചു കിടക്കുകയായിരുന്നു. പച്ചയായി പറഞ്ഞാല്‍ ജീവനില്ലാത്ത അവസ്ഥ! പ്രതിപക്ഷത്തെ രണ്ടു ദേശീയ പാര്‍ട്ടികള്‍ക്കു നാഥനില്ലാത്തതായിരുന്നു കാരണം. രണ്ടു പാര്‍ട്ടികളെ സംബന്ധിച്ചും സംസ്ഥാന അധ്യക്ഷന്‍ ആണ് അവരുടെ അവസാന വാക്ക്. പാര്‍ട്ടി അണികളെ രക്ഷിക്കാനും ശിക്ഷിക്കാനും കര്‍മോന്‍മുഖരാക്കാനും അധികാരമുള്ള വ്യക്തി. ജനാധിപത്യം പ്രസംഗിക്കുന്ന രണ്ടു ദേശീയ പാര്‍ട്ടികളുടെയും സംസ്ഥാന പ്രസിഡന്റുമാരെ ഡല്‍ഹിയില്‍ നിന്നു കെട്ടിയിറക്കുകയാണു ചെയ്യുക.
പാര്‍ട്ടികള്‍ക്ക് സംസ്ഥാനത്ത് തലയില്ലാത്തതുകൊണ്ട് കാര്യങ്ങളൊന്നും നേരെ ചൊവ്വെ നീങ്ങുന്നില്ല. ജനങ്ങളുടെ പൊള്ളുന്ന വിഷയങ്ങളില്‍ കയറി ഇടപെടാനും പതിവുപോലെ വഴിപാടുസമരങ്ങള്‍ സംഘടിപ്പിച്ച് മാധ്യമശ്രദ്ധ നേടാനും കഴിയാതെ വരുന്നു.
മുഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ സകല കാര്യങ്ങളിലും അനങ്ങാപ്പാറനയം അനുവര്‍ത്തിച്ചപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ വിവരണാതീതമാണ്. ഈ സാഹചര്യത്തില്‍ കേരളീയരുടെ ദുരിതത്തിന് അറുതിവരുത്താന്‍ ഒരു പാര്‍ട്ടി തീരുമാനിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയാണത്. ഡല്‍ഹിയില്‍ നിന്നു നിലംതൊടീക്കാതെ നേരെ കെട്ടിയിറക്കിയ ഒരു പ്രസിഡന്റായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. പത്രപ്രവര്‍ത്തനത്തിലും സമരങ്ങളിലുമൊക്കെ മുന്‍ അനുഭവങ്ങളുള്ള പ്രസിഡന്റാണെങ്കില്‍ വന്നയുടനെ ഓട്ടമായിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഊണും ഉറക്കവും ഒഴിഞ്ഞുള്ള ത്യാഗം. അദ്ദേഹം അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാന ബിജെപിയില്‍ രണ്ട് ഗ്രൂപ്പുകളേ ഉണ്ടായിരുന്നുള്ളൂ. പ്രസിഡന്റിന്റെ പരിശ്രമഫലമായി ഗ്രൂപ്പുകളുടെ എണ്ണം മൂന്നായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. മഹത്തായ ഈ സേവനത്തെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റി പുതിയ പ്രസിഡന്റിനെ അവരോധിക്കണമെന്ന മുറവിളി ഡല്‍ഹിയിലെത്തി. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ ഉടനെ സംസ്ഥാന പ്രസിഡന്റിന് ഗവര്‍ണര്‍ ഉദ്യോഗം നല്‍കി!
അങ്ങനെ പാര്‍ട്ടിയും പ്രസിഡന്റും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാലഞ്ചുമാസത്തെ കാത്തിരിപ്പിനുശേഷം ‘ലക്ഷണമൊത്ത’ ഒരു പ്രസിഡന്റിനെ ഡല്‍ഹിയില്‍ നിന്ന് ഇങ്ങോട്ട് ഇറക്കുമതി ചെയ്തു. അണികള്‍ രണ്ടു കൈയും നീട്ടി അതിനെ ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ നീണ്ട ഇടവേളയ്ക്കുശേഷം പ്രതിപക്ഷദൗത്യം നിര്‍വഹിക്കാന്‍ ഒരു പാര്‍ട്ടി സന്നദ്ധമായിക്കഴിഞ്ഞു.
രണ്ടാമത്തെ പാര്‍ട്ടിയുടെ കാര്യം ചില്ലറ പ്രശ്‌നത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. പാരമ്പര്യ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് സര്‍വാധികാരങ്ങളുള്ള പ്രസിഡന്റ് നിലവിലുണ്ട്. പരിചയസമ്പന്നന്‍, മുന്‍ മന്ത്രി, കെപിസിസി വൈസ് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാരമ്പര്യം, വാചകത്തില്‍ ബഹുമിടുക്കന്‍, കഴിവില്‍ അഗ്രഗണ്യന്‍, കാണാനും യോഗ്യന്‍. ആദര്‍ശത്തില്‍ എ കെ ആന്റണിയുടെ മൂന്നോ നാലോ പടി താഴെ ഇരുത്താം. പിന്നെ ന്യൂനപക്ഷം എന്ന മേല്‍വിലാസം. എന്തുണ്ടായിട്ടെന്താ? ചെറിയൊരു നിയമനദോഷം! ചുമതല ഏറ്റ നിമിഷം മുതല്‍ മാറ്റാനും ആലോചിക്കുക. ഇങ്ങനെയൊരു ദുര്‍ഗതി കെപിസിസിയുടെ ഒരു പ്രസിഡന്റിനും ഉണ്ടായിരിക്കാനിടയില്ല. ആദര്‍ശധീരനായ ഒരു മാന്യദേഹമായിരുന്നു കെപിസിസിയുടെ പ്രസിഡന്റ് പദവി വഹിച്ചുപോന്നിരുന്നത്. പാര്‍ട്ടിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു അത്. നിത്യവും കെപിസിസി പ്രസിഡന്റ് ടെലിവിഷനിലും പത്രങ്ങളിലും നിറഞ്ഞുനില്‍ക്കും. പാര്‍ട്ടി ഭരണത്തിലുള്ള കാലം. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും പണി ഒരുമിച്ച് അദ്ദേഹം നിര്‍വഹിച്ചുപോന്നു. തിരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ പരസ്യമായും രഹസ്യമായുമുള്ള രണ്ടു പദവികള്‍ക്കു പുറമേ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാവാനുള്ള ശ്രമം ഒറ്റയ്ക്കു നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടിക വെട്ടിയും തിരുത്തിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പാര്‍ട്ടിയെയും മുന്നണിയെയും ഒരു പരുവത്തിലാക്കി, കേരള ഭരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഏല്‍പ്പിച്ചുകൊടുത്തു.
മാധ്യമങ്ങള്‍ മുഖേന നിത്യേനെ ആരോപണങ്ങള്‍ ഉന്നയിച്ചുനോക്കി. ആരും ഏറ്റുപിടിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ആരോഗ്യകാരണങ്ങളെ കൂട്ടുപിടിച്ച് കെപിസിസി സ്ഥിരം പ്രസിഡന്റ് പദവി വലിച്ചെറിഞ്ഞുപോയി. അങ്ങനെ കസേരയില്‍ ആളില്ലാതായ കഷ്ടകാലത്താണ് നിലവിലുള്ള ‘യോഗ്യനായ’ പ്രസിഡന്റിനെ പാര്‍ട്ടി ഹൈക്കമാന്‍ഡ് നേരിയ നൂലില്‍ പതുക്കെ പതുക്കെ കേരളത്തിലേക്ക് താഴ്ത്തിയിറക്കിയത്. ഡല്‍ഹിയില്‍ അക്കാലത്ത് തടിച്ച കയര്‍ കിട്ടാനില്ലായിരുന്നുവത്രേ! നിയമനം സ്ഥിരമെന്നോ താല്‍ക്കാലികമെന്നോ അന്നു വ്യക്തമാക്കിയിരുന്നില്ല. ഹൈക്കമാന്‍ഡ് നിയമിക്കുന്നതൊക്കെ സ്ഥിരമെന്നാണു കീഴ്‌വഴക്കം. ഇക്കാര്യത്തിലും അതുണ്ടാവുമെന്നു പേടിച്ച് നിയമനസമയം മുതല്‍ മാറ്റാനുള്ള ശബ്ദം വേറെ ഒരു ഭാഗത്തു മുഴങ്ങിക്കൊണ്ടിരുന്നു. അതുകൊണ്ട് ഒരു ഗുണമുണ്ടായി. കെപിസിസി പ്രസിഡന്റിനെ ആരും വിലവയ്ക്കാതായി. പ്രസിഡന്റ് കേരള പര്യടനം നടത്തിയപ്പോഴാണ് അതു പരസ്യമായത്. മാറാന്‍ നിയോഗിക്കപ്പെട്ട പ്രസിഡന്റ് എങ്ങനെയാണ് പാര്‍ട്ടിയുടെ ദൈനംദിന ഭരണം നിര്‍വഹിക്കുക? ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss