|    Feb 23 Thu, 2017 10:23 pm

ഒന്നിലേറെ കാര്‍ഡുകളില്‍ പണമെടുക്കല്‍: എടിഎമ്മുകളില്‍ സംഘര്‍ഷം

Published : 18th November 2016 | Posted By: Navas Ali kn

greekatm-304635

തിരക്കേറിയ എടിഎമ്മുകളില്‍ ഒന്നിലേറെ കാര്‍ഡുകളില്‍ പണമെടുക്കുന്നത് സംഘര്‍ത്തിനു കാരണമാകുന്നു. എടിഎമ്മുകളില്‍ അപൂര്‍വ്വമായി മാത്രം പണമെത്തുന്ന സാഹചര്യത്തില്‍ ഒരാള്‍ തന്നെ ഒന്നിലധികം കാര്‍ഡുകളില്‍ പണം പിന്‍വലിക്കുന്നത് മറ്റുള്ളവരുടെ അവസരം ഇല്ലാതെയാക്കുമെന്നതാണ് പലപ്പോഴും വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നത്. ഒരു കാര്‍ഡില്‍ രണ്ടായിരം രൂപ മാത്രമേ ഒരു ദിവസം പിന്‍വലിക്കാനാകൂ എന്നതിനാല്‍ പലരും ഒന്നിലേറെ കാര്‍ഡുകളുമായാണ് എത്തുന്നത്. 100 രൂപയുടെ കറന്‍സി മാത്രം നിറക്കുന്ന എടിഎമ്മില്‍ 2500 കറന്‍സികള്‍ മാത്രമേ ഉണ്ടാകൂ. അതായത് എടിഎം നിറക്കുമ്പോള്‍ അതില്‍ രണ്ടര ലക്ഷം രൂപ മാത്രമാണ് എത്തുക. 2000 രൂപ തോതില്‍ പിന്‍വലിക്കുകയാണെങ്കില്‍ തന്നെ 125 പേര്‍ക്കു മാത്രമേ പണം ലഭിക്കുകയുള്ളൂ. പക്ഷേ ഒരാള്‍ തന്നെ ഒന്നിലധികം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 125 പേര്‍ക്കുള്ള അവസരത്തില്‍ കുറവു വരും. നാലും അഞ്ചും കാര്‍ഡുകള്‍ വരെ ഉപയോഗിക്കുന്നവരണ്ട്. ഇതോടെ പണം പിന്‍വലിക്കാനുള്ള അവസരം മുപ്പതോ, നാല്‍പ്പതോ പേര്‍ക്കു മാത്രമായി ചുരുങ്ങും. ഇതോടെ ഏറെ നേരം വരി നിന്നവര്‍ മുന്നിലെത്തുമ്പോള്‍ എടിഎമ്മില്‍ പണം തീരുന്ന അവസ്ഥയാണ് വാക്കു തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നത്.
എടിഎം മെഷിനുകളില്‍ പണം നിറക്കുന്ന നാല് ട്രേകളാണ് ഉണ്ടാവുക. ഒന്നില്‍ ആയിരത്തിന്റെ കറന്‍സിയും ഒന്നില്‍ നൂറിന്റെ കറന്‍സിയും നിറക്കും. മറ്റു രണ്ട് ട്രേകള്‍ 500ന്റെ കറന്‍സി നിറക്കാനുള്ളതാണ്. 1000, 500 കറന്‍സികള്‍ പിന്‍വലിച്ചതോടെ ഒരു ട്രേയില്‍ 100ന്റെ കറന്‍സി മാത്രമാണ് നിറക്കുന്നത്. നേരത്തെ ഒരു എടിഎമ്മിലെ എല്ലാ ട്രേകളിലുമായി 40 ലക്ഷം രൂപ നിറക്കാമായിരുന്നു. 500, 1000 കറന്‍സികള്‍ ലഭ്യമല്ലാത്തതോടെ ഇപ്പോള്‍ ഇത് രണ്ടര ലക്ഷം മാത്രമായി ചുരുങ്ങി. എല്ലാ എടിഎമ്മുകളിലും രണ്ടായിരത്തിന്റെ കറന്‍സി എത്തിയിട്ടുമില്ല.
എടിഎമ്മില്‍ ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന കാര്‍ഡിന് പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. ഇതു കാരണം ഒരാള്‍ക്ക് ഒരു കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനകളൊന്നും തന്നെ നിലവിലില്ല.  ഒരു വീട്ടില്‍ തന്നെ നിരവധി എടിഎം കാര്‍ഡുകള്‍ ഉള്ള സാഹചര്യത്തില്‍ ഇതു മുതലെടുത്ത് ഒരാള്‍ മാത്രം വരിയില്‍ നിന്ന് മറ്റുള്ളവര്‍ക്കു കൂടി പണം പിന്‍വലിക്കുന്നതും പതിവാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 344 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക