|    Feb 25 Sun, 2018 2:51 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഒന്നാമനായി മുംബൈ പ്ലേ ഓഫില്‍; ഗംഭീറും പിള്ളേറും പടിക്കല്‍ കലമുടച്ചു

Published : 14th May 2017 | Posted By: ev sports

 


കൊല്‍ക്കത്ത: കൊല്‍ക്കത്തയുടെ വിജയം കാണാന്‍  ഈഡന്‍ ഗാര്‍ഡനില്‍ തടിച്ച് കൂടിയ ആരാധകരെ സാക്ഷി നിര്‍ത്തി മുംബൈ ഇന്ത്യന്‍സ് ജയിച്ചു കയറി. രോഹിത് ശര്‍മ എന്ന നായകന്റെ പാഠവം ഒരിക്കല്‍ കൂടി കണ്ട മല്‍സരത്തില്‍ ഒമ്പത് റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റിന് 164 എന്ന നിലയില്‍ അവസാനിച്ചു. അനായാസ വിജയത്തെ കൈവിട്ട് കളഞ്ഞ കൊല്‍ക്കത്ത 14 മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തോടെ പ്ലേ ഓഫില്‍ കടന്നപ്പോള്‍ 14 കളിയില്‍ നിന്ന് 20 പോയിന്റുകളുമായി മുംബൈ ഒന്നാം സ്ഥാനത്തെടെ പ്ലേ ഓഫ് പ്രവേശനം രാജകീയമാക്കി.
പതിവിലെ ടീമില്‍ നിന്നും വ്യത്യാസങ്ങളുമായിട്ടാണ് കൊല്‍ക്കത്തയ്‌ക്കെതിരേ മുംബൈ ഇറങ്ങിയത്. പാര്‍ഥിവ് പട്ടേലും, ലസിത് മലിംഗ, മിച്ചല്‍ മഗ്ലെങ്ങന്‍, ഹര്‍ഭജന്‍ സിങ്, ജോസ് ബട്‌ലര്‍, ജസ്പ്രീത് ബൂംറ എന്നിവര്‍ മുംബൈ നിരയില്‍ കരക്കിരുന്നു. പകരം അമ്പാട്ടി റായിഡു, സൗരഭ് തിവാരി, മിച്ചല്‍ ജോണ്‍സണ്‍, വിനയ് കുമാര്‍, ടിം സൗത്തി എന്നിവരാണ് ഇറങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിലേ തന്നെ ആഘാതമേറ്റു. അക്കൗണ്ട് തുറക്കും മുമ്പേ വെടിക്കെട്ട് ഓപണര്‍ ലിന്‍ഡന്‍ സിമ്മണ്‍സ് മടങ്ങി. രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന് രോഹിത് ശര്‍മയും(27) തിവാരിയും(52) മുംബൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. മധ്യനിരയില്‍ അമ്പാട്ടി റായിഡുവിന്റെ (63) വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് മുംബൈയെ 173 എന്ന സ്‌കോറിലേക്കെത്തിച്ചത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും അങ്കിത് രജപുതും ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങില്‍ വെടിക്കെട്ട് ഓപണര്‍ സുനില്‍ നരേയ്‌നെ ടിം സൗത്തി ആദ്യ ഓവറില്‍ തന്നെ മടക്കി. എന്നാല്‍ ക്രിസ് ലിന്‍(26) ഗൗതം ഗംഭീര്‍(21) എന്നിവര്‍ അടിച്ചുതകര്‍ത്തപ്പോള്‍ കൊല്‍ക്കത്തന്‍ സ്‌കോര്‍ബോര്‍ഡ് കുതിച്ചു. ഇരുവരും മടങ്ങിയെങ്കിലും മധ്യനിരയിലെ യൂസഫ് പഠാന്റെയും(20) മനീഷ് പാണ്ഡെയുടേയും(33), കോളിന്‍ ഡി ഗ്രാന്റ്‌ഹോമിന്റേയും(29) ബാറ്റിങ് കൊല്‍ക്കത്തയ്ക്ക് വിജയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ കൊല്‍ക്കത്തന്‍ ബാറ്റ്‌സ്മാന്‍മാരെ മടക്കി മുംബൈ കളി പിടിച്ചടക്കുകയായിരുന്നു. മുംബൈയ്ക്ക് വേണ്ടി ടിം സൗത്ത്ി, ഹര്‍ദിക് പാണ്ഡ്യ, വിനയ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മിച്ചല്‍ ജോണ്‍സണ്‍ കരണ്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. അമ്പാട്ടി റായിഡുവാണ് കളിയിലെ താരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss