|    Oct 19 Fri, 2018 11:00 pm
FLASH NEWS
Home   >  Fortnightly   >  

ഒന്നാം സ്വാതന്ത്ര്യ സമരം

Published : 3rd December 2015 | Posted By: G.A.G

അധിനിവേശ വിരുദ്ധ സമരങ്ങള്‍-7
ത്വാഹാ ഹശ്മി


coverസാമ്രാജ്യത്വത്തിനും സാംസ്‌കാരികാധിവേശത്തിനും എതിരെയുള്ള ഇന്ത്യന്‍ ജനതയുടെ ശക്തമായ പ്രതിഷേധത്തിന്റെയും വെറുപ്പിന്റെയും പ്രതീകമാണ് 1857 ലെ സമരം. അതോടൊപ്പംതന്നെ ഇന്ത്യയില്‍ കാലങ്ങളായി നിലനിന്നുപോരുന്ന മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകവുമാണത്. റാണി ലക്ഷ്മി ഭായ്, നാനാ സാഹിബ്, നവാബ് അലി ബഹാദുര്‍, നവാബ് തഫസ്സുല്‍ ഹുസൈന്‍, ബഹാദുര്‍ ഖാന്‍, നവാബ് മഹ്മൂദ് ഖാന്‍, ദക്ത് ഖാന്‍, വസീര്‍ ഖാന്‍, മൗലാനാ അഹ്മദുല്ലാ ഖാന്‍, ഇംദാദുല്ലാ, മൗലാനാ ഖാസിം നാനൂത്തവി, മൗലാന റഷീദ് അഹ്മദ് ഗംഗോഹി, മൗലാനാ ഫാഇസ് അഹമ്മദ് ബദോനി, മൗലാനാ ഫസലുല്‍ ഹഖ് ഖൈറാബാദി, മൗലാനാ അബ്ദുല്‍ ഖാദിര്‍ ലുധിയാനവി, അഹമ്മദ് ഷാ മദാരിസി, ബീഗം ഹസ്രത്ത് മഹല്‍ എന്നിവര്‍ ഈ സമരത്തില്‍ നേതൃത്വപരമായ പങ്ക് നിര്‍വ്വഹിച്ചവരാണ്.

1857 ല്‍ നടന്ന സ്വാതന്ത്ര്യ സമരം നൂറു വര്‍ഷം പൂര്‍ത്തിയായ സന്ദര്‍ത്തില്‍ 1957 മെയ് 10ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒത്തുചേര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു ഇപ്രകാരം പറഞ്ഞു: ”വളരെ മഹത്തായ ഒരു സംഭവം അനുസ്മരിക്കാനാണ് ഞാന്‍ നിങ്ങളുടെ മുമ്പാകെ എണീറ്റു നില്‍ക്കുന്നത്. മീററ്റ്, ഡല്‍ഹി, ലഖ്‌നൗ എന്നീ പ്രദേശങ്ങളില്‍ 1857 ല്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെ കുറിച്ച് നിങ്ങള്‍ കേട്ടു കാണും. എന്നാല്‍ അതിന്റെ വിശദാംശങ്ങളെ കുറിച്ച് അധികമാളുകള്‍ക്കുമറിയില്ല. ആ സമരത്തെക്കുറിച്ച് ആദ്യം എഴുതിയത് ബ്രിട്ടീഷുകാരാണ്. അവര്‍ തങ്ങളെ പ്രകീര്‍ത്തിക്കാനും ഇന്ത്യക്കാരെ ഇകഴ്ത്താനുമാണ് ശ്രമിച്ചിട്ടുള്ളത്. പ്രത്യാഘാതങ്ങള്‍ ഭയന്ന് അന്ന് ഇന്ത്യക്കാര്‍ എഴുതുവാന്‍ മടിച്ചു.

bahadurപിന്നീട് അവര്‍ രചനകള്‍ നടത്തുകയുണ്ടായി. പക്ഷേ, ബ്രിട്ടീഷുകാരെ അനുകരിച്ച് ചരിത്രരചന നടത്തിയവരുടെ അഭിപ്രായ പ്രകടനങ്ങളില്‍ സന്തുലിതത്വവും സൂക്ഷ്മതയും പാലിച്ചു കാണുന്നില്ല. എന്റെ ചെറുപ്പത്തില്‍ ഡല്‍ഹിയിലും ലഖ്‌നൗവിലും അലഹബാദിലും നടന്ന സംഭവങ്ങളെ കുറിച്ച്  കേള്‍ക്കാനിടയായിട്ടുണ്ട്. ബാലനായ എന്നെ ആ കഥകള്‍ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി.”1857 മെയ് 10 ന് മീററ്റില്‍ നിന്നുമാണ് സമരം ആരംഭിച്ചത്. ഈസ്റ്റിന്ത്യാ കമ്പനിയിലെ ബ്രിട്ടീഷു വിരുദ്ധരായ പട്ടാളക്കാര്‍ മീററ്റില്‍നിന്നും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി. ശിപായി ലഹളയെന്ന് ആ സമരത്തെക്കുറിച്ച് പറയാറുണ്ട്. ഇന്ത്യന്‍ ചരിത്രകാരന്മാരില്‍ പലരും അങ്ങിനെ വിശേഷിപ്പിക്കുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

കെ എന്‍ പണിക്കര്‍ പറയുന്നു. ”1857 ലെ സ്വാതന്ത്ര്യ സമരത്തിന് പല വശങ്ങളുമുണ്ട്. പൂര്‍ണാര്‍ഥത്തില്‍ അതേ കുറിച്ച് നമുക്ക് മനസ്സിലായിട്ടില്ല. ശിപായി ലഹളയെന്നാണ് അതിനെക്കുറിച്ച ഒരു പ്രയോഗം. ഞാന്‍ ആ പേര് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അത് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച പേരാണ്. ഇന്ത്യന്‍ സൈനികര്‍ എന്നതാണ് ശരിയായ പ്രയോഗം എന്ന് ഞാന്‍ വിശ്വസിക്കുന്നു. സൈനികര്‍ 1857 ലെ പ്രക്ഷോഭത്തിന്റെ പ്രധാന ഘടകമായിരുന്നു. 1857 ലേത് സൈനികരുടെ പ്രക്ഷോഭമോ അതോ സ്വാതന്ത്ര്യ സമരമോ എന്ന ചോദ്യം ഉയര്‍ന്ന് വരാറുണ്ട്. ഈ ചോദ്യം ആദ്യം ചോദിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇതും തെറ്റാണ്. ഇന്ത്യന്‍ സൈനികര്‍ക്കും സ്വാതന്ത്ര്യത്തിനായി പൊരുതാന്‍ അവകാശമുണ്ട്. അതിനാല്‍ അത് സ്വാതന്ത്ര്യ സമരം തന്നെയാണ്.”ബ്രിട്ടീഷു ഭരണകൂടം 1857 ലെ സമരത്തെ ശിപായി ലഹള എന്നാണ് വിളിക്കാന്‍ ആഗ്രഹിച്ചത്. പക്ഷേ, ബ്രിട്ടീഷുകാരായ നിരവധി സൈനിക ഉദ്യോഗസ്ഥരുടെയും സിവില്‍ ഓഫീസര്‍മാരുടെയും ഓര്‍മ്മക്കുറിപ്പുകളിലും ആത്മകഥയിലും സ്വാതന്ത്ര്യ സമരമായാണ് അത് പരാമര്‍ശിക്കപ്പെട്ടു കാണുന്നത്. ഡല്‍ഹി പിടിച്ചെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മേജര്‍ ജോര്‍ജ്ജ് ഹിച്ച് ഹഡ്‌സണ്‍ 1857 ജൂലൈ 26ന് തന്റെ ഭാര്യക്ക് അയച്ച കത്തില്‍ ഒരു രാജ്യവും അതിന്റെ സൈന്യവും ബ്രിട്ടനുമായി സമരത്തിലാണെന്ന് സൂചിപ്പിച്ചതായി പറയപ്പെടുന്നു.

meerutപന്നിയുടെയും പശുവിന്റെയും കൊഴുപ്പു പുരട്ടിയ വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ സൈനികരായ മുസ്‌ലിംകളും ഹിന്ദുക്കളും നിര്‍ബന്ധിക്കപ്പെട്ടതാണ് 1857 ലെ സമരത്തിന്റെ പ്രധാന കാരണമെന്ന് ഒരു വാദമുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവ് ചോര്‍ത്തിക്കളയാന്‍ ബ്രിട്ടീഷുകാരും അവരുടെ ഇന്ത്യയിലെ സഹായികളും കെട്ടിച്ചമച്ച കഥയാണത്. ഒരു സമരത്തെയോ വിപ്ലവത്തെയോ പരാജയപ്പെടുത്താന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം അതിന്റെ പ്രത്യയശാസ്ത്രവും അതിന്റെ ലക്ഷ്യവും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയുമാണ്. സൈനികരുടെ ഒരു സമരമായിരുന്നു അതെങ്കില്‍ കൊഴുപ്പു പുരട്ടിയ വെടിയുണ്ട ഉപയോഗിക്കേണ്ടതില്ലെന്ന് പ്രഖ്യാപനം നടത്തി 1947 വരെ നീണ്ടുനിന്ന സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് തടുക്കാമായിരുന്നു.

നാനാസാഹിബ്, ഝാന്‍സിയിലെ റാണി, രോഹില ഖണ്ഡിലെ ബഹഹാദൂര്‍ ഖാന്‍ എന്നിവര്‍ സൈനികരായിരുന്നില്ല. പിന്നെയെന്തുകൊണ്ട് അവര്‍ സമരത്തില്‍ പങ്കെടുത്തു എന്ന ചോദ്യംതന്നെ മതി 1857 ലേത് ഇന്ത്യന്‍ ജനതയുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നാഴികക്കല്ലായിരുന്നുവെന്ന് മനസ്സിലാക്കാന്‍.സൈനികര്‍ക്കൊപ്പം ആയിരക്കണക്കിന് ഗ്രാമീണരും സമരത്തില്‍ അണിചേര്‍ന്നു. അവര്‍ സമര നായകനായി ബഹദുര്‍ഷാ സഫറിനെ തിരഞ്ഞെടുത്തു. തികഞ്ഞ മതേതരനായിരുന്നു സഫര്‍. അദ്ദേഹം ഇന്ത്യക്കാരുടെ ഐക്യത്തിന്റെ പ്രതീകമായിരുന്നു.

begums

മെയ് 12 ന് സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് സഫര്‍ ഒരു പ്രഖ്യാപനം നടത്തി. ”രാജ്യത്തിലെ ഹിന്ദുക്കളും മുസ്‌ലിംകളും അറിയുന്നതിനായി ഞാനിതാ ഒരു വിളംബരം ചെയ്യുന്നു. ജനങ്ങളോടുള്ള ബാധ്യത മനസ്സിലാക്കിക്കൊണ്ട് ഞാന്‍ അവരുടെ ഭാഗത്ത് നിലയുറപ്പിക്കുകയാണ്. ഇംഗ്ലീഷുകാര്‍ക്കെതിരിലുള്ള സമരത്തില്‍ പങ്കുചേരേണ്ടത് ഹിന്ദുക്കളുടെയും മുസ്്‌ലിംകളുടെയും ബാധ്യതയാണ്. അവര്‍ ഓരോരുത്തരും തങ്ങളുടെ പട്ടണങ്ങളില്‍ നിയുക്തമായ നേതൃത്വത്തിന് കീഴില്‍ നിലക്കൊള്ളുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യണം. ജനങ്ങളെ അറിയിക്കാനായി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഈ ഉത്തരവിന്റെ പകര്‍പ്പ് പതിപ്പിക്കേണ്ടതുണ്ട്. വളരെ പെട്ടെന്നുതന്നെ ഇംഗ്ലീഷുകാര്‍ക്കെതിരെ സമരസജ്ജരാകണം.”1857 ലെ സമരം അതിക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. മുഗിള സംസ്‌കാരത്തിന്റെ പ്രതീകമായ ദല്‍ഹി അപ്രത്യക്ഷമായി. ഹാലി ഇങ്ങനെ എഴുതി: ”ദല്‍ഹിയെക്കുറിച്ച് സുഹൃത്തേ നമുക്ക് സംസാരിക്കാതിരിക്കുക. നൊമ്പരപ്പെടുത്തുന്ന ആ കഥ ശ്രവിക്കാന്‍ നമുക്കാവില്ല.”1857 സെപ്തംബര്‍ 14 ന് ബ്രീട്ടീഷ് സൈന്യം ഡല്‍ഹി പിടിച്ചെടുത്തു.

safar

ഡല്‍ഹി കൈക്കലാക്കുന്നതില്‍ ഒറ്റുകാരും ചാരന്മാരുമായ ചില ഇന്ത്യക്കാര്‍ ബ്രിട്ടിഷുകാരെ സഹായിക്കുകയുണ്ടായി. ഡല്‍ഹി ബ്രിട്ടന്റെ അധീനത്തില്‍ വന്നെങ്കിലും 1859 വരെ യുദ്ധം തുടര്‍ന്നു. 1857 സെപ്തംബര്‍ 21 ന് ബഹദൂര്‍ഷാ സഫര്‍ മേജര്‍ ഹഡ്‌സന് മുമ്പാകെ കീഴടങ്ങി. അദ്ദേഹത്തിന്റെ രണ്ട് മക്കളെയും പേരമകനെയും ഇന്ത്യാഗേറ്റിന് മുമ്പില്‍ മേജര്‍ ഹഡ്‌സണ്‍ പരസ്യമായി വെടിവെച്ച് കൊന്നു. മിലിട്ടറി ട്രിബ്യൂണലില്‍ 1858 ജനുവരി 27ന് സഫറിന് എതിരെയുള്ള വിചാരണ ആരംഭിച്ചു. 1858 മാര്‍ച്ച് 9 ന് വിധി വന്നു. സഫറിനെയും കുടുംബത്തെയും റംഗൂണിലേക്ക് നാടുകടത്തുകയെന്നതായിരുന്നു വിധി. 1858 ഒക്ടോബറില്‍ വിധി നടപ്പിലാക്കി. സന്ദര്‍ശകരെ അനുവദിച്ചില്ല. മാത്രവുമല്ല, കവിയായിരുന്ന സഫറിന് പേനയും കടലാസും മഷിയും നിഷേധിച്ചു. 1862 നവംബര്‍ 7ന് സഫര്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിച്ച സ്ഥലത്ത് പ്രത്യേക അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ല. സഫറിനെകുറിച്ചുള്ള ജ്വലിക്കുന്ന ഓര്‍മ്മ ജനമനസ്സുകളില്‍നിന്നും അണഞ്ഞു പോകണമെന്നായിരുന്നു ബ്രിട്ടീഷുകാരുടെ ആഗ്രഹം.

എന്നാല്‍ ജനങ്ങള്‍ ബഹദൂര്‍ഷാ സഫര്‍ താമസിച്ചിരുന്ന സ്ഥലത്ത് തന്നെയാണ് അദ്ദേഹത്തിന്റെ മൃതശരീരം സംസ്‌ക്കരിച്ചിട്ടുള്ളത് എന്ന ധാരണയില്‍ കഴിഞ്ഞു. ലോകത്തെവിടെയുമുള്ള സ്വാതന്ത്രേ്യച്ഛുക്കള്‍ അവിടം സന്ദര്‍ശിച്ചുകൊണ്ടിരുന്നു.1942 ല്‍ നേതാജി സുഭാഷ് ചന്ദ്രബോസ് തന്റെ ഡല്‍ഹി മാര്‍ച്ച് ആരംഭിച്ചത് അവിടം സന്ദര്‍ശിച്ച് ആദര സൂചകമായ ആചരണങ്ങള്‍ നടത്തിയതിന് ശേഷമാണത്രെ.

1987 ല്‍ രാജീവ് ഗാന്ധിയും അവിടം സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങിനെ രേഖപ്പെടുത്തി: ‘ഇന്ത്യയില്‍ താങ്കള്‍ക്ക് ഒരു തുണ്ടു ഭൂമിപോലും ലഭിച്ചില്ല.“എത്ര നിര്‍ഭാഗ്യവാനാണ് ഞാന്‍’. ”എന്റെ പ്രിയപ്പെട്ട രാജ്യത്ത് ഒരു തുണ്ട് ഭൂമിയെങ്കിലും എനിക്ക് ലഭിക്കുകയുണ്ടായില്ലല്ലോ” എന്ന സഫറിന്റെ ഈരടികളാണത്രെ ആ വരികള്‍ എഴുതാന്‍ രാജീവിന് പ്രേരണയായത്. 1857 ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരില്‍ എണ്ണത്തില്‍ മുസ്‌ലിംകളെക്കാള്‍ കൂടുതല്‍ ഹൈന്ദവരായിരുന്നു. എന്നാല്‍ സമരത്തെ ഐതിഹാസികമാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചത് മുസ്‌ലിംകളാണ്. മുസ്്‌ലിംകള്‍ക്കും മുസ്‌ലിം പണ്ഡിതന്മാര്‍ക്കുമാണ് കൂടുതല്‍ ജീവനഷ്ടവും ധനനഷ്ടവും സഹിക്കേണ്ടിവന്നത്.

1856 ല്‍ ഡല്‍ഹിയില്‍ മുസ്്‌ലിം പണ്ഡിതന്മാരുടെ ഒരു യോഗം ചേര്‍ന്നു. പ്രസ്തതു സമ്മേളനത്തെ അഭിസംബോന ചെയ്തുകൊണ്ട് മൗലാന ഖാസിം നാനൂത്തവി ഇപ്രകാരം പറഞ്ഞു: “നിര്‍ണായക ഏറ്റുമുട്ടലിന് നാം സന്നദ്ധരാവുക. ഒന്നുകില്‍ നമ്മുടെ മണ്ണില്‍നിന്നും ബ്രിട്ടീഷുകാരെ നാം തുരത്തിയോടിക്കും. അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നാം ആത്മാര്‍പ്പണം ചെയ്യും.”1857 ലെ സമരത്തെ പരാജയപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ മനുഷ്യത്വത്തെ ലജ്ജിപ്പിക്കുംവിധമുള്ളവയാണ്.

nehruചരിത്രകാരന്മാര്‍ നിരവധി സംഭവങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. “ബ്രിട്ടീഷുകാര്‍ ജനങ്ങളെ കൊന്നൊടുക്കി. മൃതശരീരങ്ങള്‍ക്കുമേല്‍ മൃതശരീരം കൂട്ടിയിട്ടു. കഫന്‍ പുടവകളില്ലായിരുന്നു. ഖബറിടങ്ങളില്ലായിരുന്നു. മറവ് ചെയ്യുന്നവരുമില്ലായിരുന്നു. സമരത്തിനുശേഷം ഡല്‍ഹി ദര്‍ശിച്ച ദുരനുഭവം ഇവ്വിധം ചിത്രീകരിക്കപ്പെടുകയുണ്ടായി. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ തോമസ് ഇങ്ങനെ പറയുകയുണ്ടായി: ”ഒരു മുസ്്‌ലിം പണ്ഡിതനെയെങ്കിലും തൂക്കിലേറ്റാത്ത ഒരു മരമെങ്കിലും ചാന്ദ്‌നിചൗക്ക് മുതല്‍ ഖൈബര്‍ വരെ കാണാന്‍ കഴിയുമായിരുന്നില്ല.”സ്വാതന്ത്ര്യത്തോടുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ ആവേശവും അഭിവാഞ്ചയും വെളിപ്പെടുത്തുന്ന അനേകം സംഭവങ്ങളുണ്ട്. അവയിലൊന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ഇങ്ങിനെ രേഖപ്പെടുത്തുന്നു: ”സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ല എന്ന് പറഞ്ഞാല്‍ മതി. ഞാന്‍ നിങ്ങളെ വെറുതെ വിടാം എന്ന് തടവിലാക്കപ്പെട്ട ഒരു മുസ്്‌ലിം പണ്ഡിതന്മാരോട് ഞാന്‍ പറഞ്ഞു. ദൈവം സാക്ഷി സമരത്തിലെ പങ്കാളിത്തം നിഷേധിക്കാന്‍ അവരിലൊരാളും സന്നദ്ധമായില്ല.””അന്തമാനിലേക്ക് നാടുകടത്തപ്പെട്ട മൗലാനേശ്വരിയെ സന്ദര്‍ശിക്കാന്‍ എട്ടു വയസ്സുകാരനായ മകന്‍ വരികയുണ്ടായത്രെ. പിരിഞ്ഞു പോരാന്‍ നേരത്ത് നിറുത്താതെ കരഞ്ഞു കൊണ്ടിരുന്ന മകനെ അദ്ദേഹം ആശ്വസിപ്പിച്ചത് ഇപ്രകാരം: ”മകനേ, പൊയ്‌ക്കൊള്ളുക, അല്ലാഹു നിശ്ചയിച്ചെങ്കില്‍ ഞാന്‍ തിരിച്ചു വരും. ഇല്ലെങ്കില്‍ ഹൗളുല്‍ കൗസറിന് സമീപം നമുക്ക് കണ്ടുമുട്ടാം.””1857 ലെ സമരത്തിനു ശേഷം ഉലമ എന്നതിന് ‘വിമതര്‍’ എന്ന് അര്‍ത്ഥം കല്‍പിക്കപ്പെട്ടു.

പണ്ഡിതന്മാരില്‍ പലരും ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടു. മറ്റു ചിലര്‍ അന്തമാനിലേക്ക് നാടുകടത്തപ്പെട്ടു. സയ്യിദ് ഇസ്മാഈല്‍ ഹുസൈന്‍, മുനീര്‍ ഷിക്കോഹബാദി, മുഫ്ത്തി ഇനായത്ത് അഹമ്മദ്, മുഫ്ത്തി മദ്ഹര്‍ കരീം ദരിയാബാദി, മൗലാനാ ഫസലുല്‍ ഹഖ് ഖൈറാബാദി തുടങ്ങിയവര്‍ അതില്‍പെടും. മൂന്ന് പ്രധാനപ്പെട്ട പ്രതികരണങ്ങളാണ് സമരഫലമായി മുസ്‌ലിം പണ്ഡിതന്മാരുടെ ഭാഗത്തുനിന്നുണ്ടായത്. ഒന്ന്: ചില പണ്ഡിതന്മാര്‍ ഹിജാസ് പോലെയുള്ള പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരത്തിന് അവര്‍ ആസൂത്രണം നല്‍കി. രണ്ട്: ദല്‍ഹിയിലെയും ദയൂബന്തിലെയും ചില പണ്ഡിതന്മാര്‍ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് ഇന്ത്യയില്‍തന്നെ കഴിച്ചുകൂട്ടി. മൗലാനാ റശീദ് അഹമദ് ഗംഗോഹി, മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി തുടങ്ങിയവര്‍ ബ്രിട്ടീഷ് ഭരണത്തെ ബഹിഷ്‌കരിച്ചുകൊണ്ടും നിരാകരിച്ചുകൊണ്ടുമുള്ള നിലപാട് സ്വീകരിച്ചു.

157-blurbദയൂബന്ത് മദ്‌റസയുടെ സ്ഥാപനത്തിന്റെ അടിത്തറ ബ്രിട്ടീഷ് വിരുദ്ധ വികാരമായിരുന്നു. മൂന്ന്: സര്‍ സയ്യിദ് അഹ്മദ് ഖാനെപോലുള്ളവര്‍ മറ്റൊരു രീതിയിലാണ് 1857 സമരത്തെ വിലയിരുത്തിയത്. അതുകൊണ്ടുതന്നെ അവരുടെ നിലപാടും വ്യത്യസ്തമായിരുന്നു. സയ്യിദ് അഹമ്മദ് ബറേല്‍വിയുടെ നേതൃത്വത്തില്‍ നടന്ന ബാലക്കോട്ടിലെ സമരവും, 1857 ലെ സമരവും പ്രയോജനരഹിതമാണെന്നായിരുന്നു സയ്യിദ് അഹമ്മദ് ഖാന്റെ നിഗമനം. വിദേശ ശക്തിക്കെതിരെയുള്ള സായുധ സമരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുക മാത്രമെയുള്ളൂ എന്നദ്ദേഹം വാദിച്ചു. വളരെ സമചിത്തതയോടുകൂടിയുള്ള ഒരു നിലപാട് സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ലഖ്‌നോവിലെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”പതിനായിരക്കണക്കിനു വരുന്ന ഐറിഷ് ജനത അവരുടെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധമായിരിക്കുകയാണ്. ഐറിഷുകാരെ പിന്തുണക്കുന്നവര്‍ ജയില്‍ ജീവിതത്തെയോ വെടിയുണ്ടകളെയോ ഭയപ്പെടുന്നില്ല. ദയവായി വെടിയുണ്ടകളെ ഭയപ്പെടാത്ത പത്തു പേരെ നിങ്ങളെനിക്ക് കാണിച്ചു തരിക.” അദ്ദേഹത്തിന്റെ പ്രായോഗിക വാദം സായുധ സമരത്തിനെതിരായിരുന്നു. അദ്ദേഹം ആധുനിക വിദ്യാഭ്യാസം കരസ്ഥമാക്കണമെന്ന് മുസ്‌ലിംകളെ ഉണര്‍ത്തി. സര്‍ക്കാര്‍ അവകാശങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍ ആധുനിക വിദ്യാഭ്യാസം അത് വാങ്ങിച്ചെടുക്കാന്‍ അവരെ ശക്തരാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അദ്ദേഹം സ്വാതന്ത്ര്യ സമരത്തിനെതിരായിരുന്നു എന്ന് ചിലര്‍ പറയുന്നുണ്ട്. അത്  ശരിയല്ല. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: ”ഞാനൊരു മുസ്‌ലിമാണ്. ഒരിന്ത്യക്കാരനാണ്. ഒരറബ് വംശജനും. ഞാന്‍ യഥാര്‍ത്ഥ വിപ്ലവകാരിയാണ്. അറബ് വംശജര്‍ അവരല്ലാത്ത ഒരാള്‍ അവരെ ഭരിക്കുന്നത് ഇഷ്ടപ്പെടുകയില്ല.” ഭരണഘടനാനിഷ്ഠമായ ഒരു സമരത്തിന് വിദ്യാസമ്പന്നരായ മുസ്‌ലിം തലമുറയെ സൃഷ്ടിച്ചെടുക്കുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

 

സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ തന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി അലിഗര്‍ പ്രസ്ഥാനം സ്ഥാപിക്കുകയുണ്ടായി.1857 ലെ സമരം ഉണര്‍ത്തിവിട്ട കൊളോണിയല്‍ വിരുദ്ധ വികാരങ്ങള്‍ ഒരിക്കലും നിലയ്ക്കുകയുണ്ടായില്ല. അതില്‍നിന്നും ആവേശംകൊണ്ട ജനസമൂഹങ്ങള്‍ സ്വാതന്ത്ര്യത്തിനും വിമോചനത്തിനുംവേണ്ടിയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞതുപോലെ ഇന്നും ആ സമരത്തിന്റെ ഓര്‍മ്മകള്‍ നമ്മെ ആവേശഭരിതരാക്കിക്കൊണ്ടിരിക്കുന്നു.
തുടരും

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss