|    Oct 22 Sun, 2017 8:35 am
Home   >  Todays Paper  >  Page 4  >  

ഒന്നാം മാറാട്: ഏഴു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി

Published : 19th October 2016 | Posted By: SMR

കൊച്ചി: ഒന്നാം മാറാട് കലാപത്തിനിടെ തെക്കേത്തൊടി ഷിന്‍ജിത്ത് കൊല്ലപ്പെട്ട കേസിലെ ഏഴു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്നുമുതല്‍ നാലുവരെ പ്രതികളായ സീമാമൂന്റകത്ത് ലത്തീഫ്, പള്ളിത്തോടില്‍ രിസാല്‍ ബാബു, നാലുകുടി മനാഫ്, സീമാമൂന്റകത്ത് നൗഫല്‍, ഒമ്പതാംപ്രതി എര്‍ജുവിന്റകത്ത് ശാഫി, 20ാം പ്രതി സീമാമൂന്റകത്ത് അനഫി, ഏഴാം പ്രതി എര്‍ജുവിന്റകത്ത് മനാഫ് എന്നിവരുടെ ജീവപര്യന്തം ശിക്ഷയാണ് കോടതി റദ്ദാക്കിയത്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ ഒഴിവാക്കിയ ഏഴു പേര്‍ മോചിതരാവുന്നത് ഏഴു വര്‍ഷത്തോളം നീണ്ട ജയില്‍ വാസത്തിനു ശേഷം.
കൊലപാതകക്കുറ്റം പ്രോസിക്യൂഷനു തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് നിലനില്‍ക്കില്ലെന്നു കണ്ടെത്തിയാണു ജീവപര്യന്തം ശിക്ഷ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എന്നാല്‍  വീടിന് തീവയ്ക്കല്‍, അതിക്രമിച്ചുകടക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ക്കു മാറാട് പ്രത്യേക കോടതി വിധിച്ച അഞ്ചുവര്‍ഷം തടവ് ശിക്ഷ നിലനില്‍ക്കുമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഒന്നാം മാറാട് കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയയുടെ ഖബറടക്കം നടത്തി വന്ന പ്രതികള്‍ 2002 ജനുവരി മൂന്നിന് രാത്രി എട്ടുമണിക്ക് തെക്കെതൊടി പുഷ്പരാജിന്റെ വീടിനു പ്രതികള്‍ തീവയ്ക്കുന്നതിനിടെ ഷിന്‍ജിത്ത് കൊല്ലപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ ആകെയുണ്ടായിരുന്ന 20 പ്രതികളില്‍ നാലുപേരെ മാറാട് പ്രത്യേക കോടതി വെറുതെവിട്ടിരുന്നു. കേസില്‍ ഏഴുപേരെ ജീവപര്യന്തം തടവിനും ഒമ്പതുപേരെ അഞ്ചുവര്‍ഷം തടവിനുമാണു വിചാരണക്കോടതി ശിക്ഷിച്ചത്.
എട്ടുമുതല്‍ 16 വരെയുള്ള ഒമ്പതു പ്രതികള്‍ക്ക് അതിക്രമിച്ചുകടക്കല്‍ അടക്കമുള്ള വകുപ്പുകളില്‍ അഞ്ചുവര്‍ഷം വീതം തടവും 18,000 രൂപ പിഴയും പ്രത്യേക വിചാരണക്കോടതി വിധിച്ചിരുന്നു. ഇത് ഹൈക്കോടതി ശരിവച്ചു. താജുദ്ദീന്‍, ഗഫൂര്‍, സക്കീര്‍,സിയാദുവദ്ദീന്‍, മുസ്തഫ, സെയ്തലവി, ഷിഹാബ്, ഷറഫുദ്ദീന്‍, ആനു എന്ന കോയാമോന്‍ എന്നിവരുടെ അഞ്ചുവര്‍ഷം തടവാണു ശരിവച്ചത്. ജീവപര്യന്തം ശിക്ഷിച്ചിരുന്ന ഏഴു പ്രതികള്‍ക്കെതിരെയുംഇതേ കുറ്റംതന്നെയാണു നിലനില്‍ക്കുന്നതെന്നും  കോടതി വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷവിധിച്ചതിനെതിരേ ഏഴു പ്രതികളും അഞ്ചുവര്‍ഷം തടവിനെതിരേ ഒമ്പതു പ്രതികളും വെവ്വേറെ നല്‍കിയ അപ്പീല്‍ ഹരജിയാണു ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്.
ഷിന്‍ജിത്ത് വധക്കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ മൂന്ന് അരയസമാജം-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തിയാണ് ഏഴുപേര്‍ക്കെതിരായ ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കിയത്. 2010 ഫെബ്രുവരി 4ന് മാറാട് കോടതി ജീവപര്യന്തം ശിക്ഷിച്ച ഏഴുപേര്‍ ഇതിനകം ആറുവര്‍ഷവും എട്ടുമാസവും ജയില്‍ശിക്ഷ അനുഭവിച്ചു. ഹൈക്കോടതി ശരിവച്ച അഞ്ചുവര്‍ഷം തടവിനേക്കാള്‍ കൂടുതല്‍ കാലയളവ് ഏഴുപേരും ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇവര്‍ ഇന്ന് ജയില്‍മോചിതരാവും. ഒന്നാം മാറാട് കേസില്‍ മൊത്തം നാലു പേരാണു കൊല്ലപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക