|    Mar 26 Sun, 2017 7:16 am
FLASH NEWS

ഒന്നാം മലേഗാവ് സ്‌ഫോടനക്കേസ്: ഒമ്പത് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി

Published : 26th April 2016 | Posted By: SMR

മുംബൈ: 2006ലെ ഒന്നാം മലേഗാവ് ബോംബ് സ്‌ഫോടനക്കേസില്‍ നിരപരാധികളെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയ ഒമ്പത് മുസ്‌ലിം യുവാക്കളെ മുംബൈ പ്രത്യേക കോടതി വെറുതെവിട്ടു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം നടന്ന വിചാരണയിലാണ് സല്‍മാന്‍ ഫാര്‍സി, ഷാബിര്‍ അഹ്മദ്, നൂറുല്‍ഹുദ ദോഹ, റഈസ് അഹ്മദ്, മുഹമ്മദ് അലി, ആസിഫ് ഖാന്‍, ജാവേദ് ശെയ്ഖ്, അബ്‌റാര്‍ അഹ്മദ് എന്നിവരെ കുറ്റവിമുക്തരാക്കിയത്.
ഇവര്‍ക്കെതിരേ തെളിവുകള്‍ നിലനില്‍ക്കുന്നില്ലെന്ന് ജഡ്ജി വി വി പാട്ടീല്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ അഞ്ചുവര്‍ഷം വിചാരണത്തടവുകാരായിരുന്നു. ഇതില്‍ ഷാബിര്‍ 2005ല്‍ വാഹനാപകടത്തില്‍ മരിച്ചു. ആറുപേര്‍ ജാമ്യത്തിലിറങ്ങി. രണ്ടുപേര്‍ 2011ലെ ബോംബ് സഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലാണ്. നിരോധിത സിമി പ്രവര്‍ത്തകരായ ഇവര്‍ പാക് സംഘടനയായ ലശ്കറെ ത്വയ്യിബയുടെ സഹായത്തോടെ സഫോടനം നടത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.
2006 സപ്തംബര്‍ എട്ടിന് നാസിക് ജില്ലയിലെ മലേഗാവിലെ പള്ളിയിലും പരിസരത്തുമായിരുന്നു പൊട്ടിത്തെറി. ബറാഅത്ത് ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ക്കായി പള്ളിയില്‍ ഒത്തുചേര്‍ന്നതായിരുന്നു വിശ്വാസികള്‍. 37 പേര്‍ കൊല്ലപ്പെടുകയും നൂറിലധികംപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് കേസ് ആദ്യമന്വേഷിച്ചത്. പിന്നീട് തുടരന്വേഷണം സിബിഐക്കും എന്‍ഐഎക്കും കൈമാറി. 2008ലെ മലേഗാവ് സ്‌ഫോടനത്തില്‍ പങ്കുള്ള അഭിനവ് ഭാരത് എന്ന തീവ്ര ഹിന്ദുത്വസംഘടന 2006ലെ മലേഗാവ് സഫോടനത്തിലും പങ്കെടുത്തുവെന്ന് എന്‍ഐഎ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം യുവാക്കളുടെ ജാമ്യാപേക്ഷ വിചാരണാവേളയില്‍ എന്‍ഐഎ എതിര്‍ത്തില്ല. 2008 സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് നേതാവുമായ സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലോടെയാണ് മലേഗാവ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.
രണ്ടു മലേഗാവ് സഫോടനങ്ങളിലും ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്നായിരുന്നു അസീമാനന്ദയുടെ വെളിപ്പെടുത്തല്‍. ഇദ്ദേഹം പിന്നീട് മൊഴി മാറ്റിയിരുന്നു.
വിചാരണയുടെ അവസാനഘട്ടത്തില്‍ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കുന്നത് എന്‍ഐഎ ശക്തമായി എതിര്‍ത്തെങ്കിലും ജഡ്ജി വി വി പാട്ടീല്‍ സ്വീകരിച്ചില്ല. എന്‍ഐഎയുടെ തുടരന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും എടിഎസും സിബിഐയും നേരത്തേ കണ്ടെത്തിയ തെളിവുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് കോടതി വിലയിരുത്തി.

(Visited 67 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക