|    Feb 23 Fri, 2018 1:55 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒന്നാം ടെസ്റ്റ്: ഇന്ത്യ ജയത്തിനരികെ

Published : 25th July 2016 | Posted By: SMR

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയത്തിലേക്ക്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ എട്ടിന് 566ന് മറുപടിയായി വിന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 243 റണ്‍സെടുത്ത് പുറത്തായി. ഇതോടെ വിന്‍ഡീസിന് ഫോളോഓണ്‍ വഴങ്ങേണ്ടിവന്നു.
ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാമിന്നിങ്‌സിനിറങ്ങിയ ആതിഥേയര്‍ക്ക് തല്‍ക്കാലിക ആശ്വാസം പകര്‍ന്ന് മഴയെത്തി. മഴയെ തുടര്‍ന്ന് നാലാംദിനമായ ഇന്നലെ കളി തടസ്സപ്പെടുമ്പോള്‍ രണ്ട് വിക്കറ്റിന് 76 റണ്‍സെന്ന നിലയില്‍ പതറുകയാണ് വിന്‍ഡീസ്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ എട്ട് വിക്കറ്റ് മാത്രം ശേഷിക്കേ കരീബിയന്‍ പടയ്ക്ക് 247 റണ്‍സ് കൂടി വേണം. 39 റണ്‍സോടെ മര്‍ലോണ്‍ സാമുവല്‍സും 22 റണ്‍സുമായി ഓപണര്‍ രാജേന്ദ്ര ചന്ദ്രികയുമാണ് ക്രീസില്‍.
ക്രെയ്ഗ് ബ്രാത് വെയ്റ്റ് (2), ഡാരന്‍ ബ്രാവോ (10) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസിന് എളുപ്പത്തില്‍ നഷ്ടമായത്. ഇന്ത്യക്കു വേണ്ടി ഇശാന്ത് ശര്‍മയും ഉമേഷ് യാദവും രണ്ടാമിന്നിങ്‌സില്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, നാല് വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും ഉമേഷ് യാദവുമാണ് വിന്‍ഡീസിനെ ഒന്നാമിന്നിങ്‌സില്‍ 243 റണ്‍സില്‍ തളച്ചത്. അമിത് മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. നാലാം വിക്കറ്റ് വീഴ്ത്തിയതോടെ ഷമി ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി 50 വിക്കറ്റ് തികച്ചു. ഇന്ത്യക്കു വേണ്ടി ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികച്ച വെങ്കിടേഷ് പ്രസാദിന്റെ റെക്കോഡിനൊപ്പമെത്താനും ഷമിക്കായി. 13 മല്‍സരങ്ങളില്‍ നിന്നാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്.
218 പന്തില്‍ ഏഴ് ബൗണ്ടറിയോടെ 74 റണ്‍സെടുത്ത ബ്രാത് വെയ്റ്റാണ് ഒന്നാമിന്നിങ്‌സില്‍ വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. ഷെയ്ന്‍ ഡോവ്‌റിച്ചാണ് (57*) വിന്‍ഡീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 79 പന്തില്‍ 10 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഡോവ്‌റിച്ചിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ 36 റണ്‍സെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss