|    Apr 23 Mon, 2018 5:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഒന്നാംവാര്‍ഷികം ആഘോഷിച്ച് കെജ്‌രിവാള്‍ സര്‍ക്കാര്‍

Published : 15th February 2016 | Posted By: SMR

ന്യൂഡല്‍ഹി: രാഷ്ട്രീയവൃത്തങ്ങളെ അമ്പരപ്പിച്ച് ഡല്‍ഹിയില്‍ ഭരണത്തിലേറിയതിന്റെ ആദ്യവാര്‍ഷികം ആഘോഷിച്ച് ആംആദ്മി പാര്‍ട്ടി. എല്ലാവര്‍ക്കും ശുദ്ധജലം നല്‍കുമെന്നതായിരുന്നു വാര്‍ഷികത്തില്‍ എഎപിയുടെ വാഗ്ദാനം.
ഇന്നലെ മൂന്നു ടോള്‍ഫ്രീ നമ്പറുകളിലൂടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള മന്ത്രിസഭാംഗങ്ങളുമായി ആളുകള്‍ക്ക് നേരിട്ട് സംസാരിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. അംഗീകാരമില്ലാത്ത കോളനികളിലും വെള്ളം എത്തിക്കും. ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ശുദ്ധമായ വെള്ളം അടുത്തവര്‍ഷം ഡിസംബര്‍ ആവുന്നതിനു മുമ്പ് എല്ലാ ഡല്‍ഹി നിവാസികള്‍ക്കും ലഭ്യമാക്കും. ഡല്‍ഹിയിലെ ആരോഗ്യരംഗം കുറ്റമറ്റതാക്കുന്നതാണ്.
എല്ലാ സര്‍ക്കാര്‍ ക്ലിനിക്കുകളിലും മതിയായ മരുന്ന് ലഭ്യമാക്കും. വൈദ്യുതി തടസ്സപ്പെടുന്നതു വഴി ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കുമെന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. അത്യാധുനിക ചികില്‍സാ സൗകര്യങ്ങളോടുകൂടിയ 20 ആംആദ്മി പോളിക്ലിനിക്കുകള്‍ക്കു ഇന്നലെ ഉച്ചയോടെ സര്‍ക്കാര്‍ തുടക്കംകുറിച്ചു.
നിങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാരിനോട് വല്ലതും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കൂവെന്നു പറഞ്ഞ് മൂന്നു ടോള്‍ഫ്രീ നമ്പറുകള്‍ ഇന്നലെ രാവിലെ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. എഎപിയെ ഡല്‍ഹിയിലെ ജനങ്ങള്‍ കൂടുതല്‍ ആഴത്തില്‍ സ്‌നേഹിച്ചു തുടങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പാലിക്കാന്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന് കഴിഞ്ഞു. 20,000 ലിറ്ററില്‍ താഴെ വെള്ളം ഉപയോഗിക്കുന്ന വീട്ടുകാര്‍ക്കു സൗജന്യ വെള്ളമെന്ന വാഗ്ദാനം പൂര്‍ണമായി പാലിച്ചു. 400 യൂനിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പകുതി ചാര്‍ജ് മതി.
സൗജന്യ വൈഫൈ എന്ന വാഗ്ദാനം ചില സര്‍ക്കാര്‍ ബസ്സുകളില്‍ യാഥാര്‍ഥ്യമായി. മറ്റു സ്ഥലങ്ങളില്‍ പരിശോധന നടന്നുവരുന്നു. സ്ത്രീസുരക്ഷയ്ക്കായി 5,000 മാര്‍ഷലുകളെ നിയമിച്ചു. റോഡിലെ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് ഒറ്റനമ്പര്‍ ഇരട്ടനമ്പര്‍ ഉള്‍പ്പെടെയുള്ള വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. അഴിമതി വിരുദ്ധ ജന്‍ലോക്പാല്‍ നിയമസഭ അംഗീകരിച്ചു.
നടപ്പാക്കാത്ത വാഗ്ദാനങ്ങളുമുണ്ട്. സ്ത്രീസുരക്ഷയ്ക്കായി 1,000 ഹോംഗാര്‍ഡുകള്‍ എന്ന വാഗ്ദാനം നടപ്പായില്ല. 1,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനശേഷിയുള്ള സോളാര്‍ സ്ഥാപനത്തിന് കരട് ശുപാര്‍ശ തയ്യാറായതേയുള്ളു. മികച്ച ആസൂത്രണത്തിനും സഹകരണത്തിനുമായി ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നടപ്പായില്ല. 5,000 പുതിയ ബസ്സുകള്‍ എന്നതും കടലാസിലാണ്.
സര്‍ക്കാര്‍ ഒരുവര്‍ഷം തികച്ചതോടനുബന്ധിച്ച് കോണ്‍ഗ്രസ്സും ബിജെപിയും പ്രതിഷേധദിനം ആചരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss