|    Nov 18 Sun, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 100 വര്‍ഷം

Published : 11th November 2018 | Posted By: kasim kzm

കെ എ സലീം

ന്യൂഡല്‍ഹി: ലോകത്തിന്റെ രാഷ്ട്രീയഘടന മാറ്റിയെഴുതിയ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 100 വര്‍ഷം. 1914 ജൂലൈ 28ന് ആരംഭിച്ച യുദ്ധം 1918 നവംബര്‍ 11നാണ് ജര്‍മനിയും സഖ്യകക്ഷികളും നിര്‍ത്താന്‍ തീരുമാനിക്കുന്നത്.നാലു വര്‍ഷം നീണ്ട യുദ്ധത്തില്‍ രണ്ടു കോടിയിലധികം പേരാണ് മരിച്ചു വീണത്. 20 ലക്ഷത്തിലധികം സൈനികര്‍ കൊല്ലപ്പെട്ട ജര്‍മനിയാണ് ഏറ്റവും വലിയ നഷ്ടം ഏറ്റുവാങ്ങിയത്.
അക്കാലത്ത് ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യയില്‍ നിന്നു പോയ 74,187 സൈനികര്‍ കൊല്ലപ്പെട്ടു. ജര്‍മന്‍ നേതൃത്വത്തില്‍ ആസ്ത്രിയ-ഹംഗറി, ഉസ്മാനിയ സാമ്രാജ്യം, ബല്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഒരു വശത്തും ബ്രിട്ടീഷ് സാമ്രാജ്യം, റഷ്യ, ഫ്രാന്‍സ്, സെര്‍ബിയ, ജപ്പാന്‍, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ മറുവശത്തുമായി 20ലധികം രാജ്യങ്ങള്‍ അണിനിരന്നതായിരുന്നു യുദ്ധം. അതിലേറെ നാശനഷ്ടങ്ങളുണ്ടായ രണ്ടാംലോക യുദ്ധത്തിലേക്കു നയിച്ചതും ഒന്നാം ലോകയുദ്ധത്തിന് പിന്നാലെ രാഷ്ട്രങ്ങള്‍ തമ്മിലുണ്ടായ വൈരമാണ്.
ഉസ്മാനിയ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ബാള്‍ക്കന്‍ രാജ്യങ്ങളായ ബോസ്‌നിയയെയും ഹെര്‍സെഗോവിനയെയും ഓസ്‌ട്രോ ഹംഗേറിയന്‍ സാമ്രാജ്യം പിടിച്ചെടുക്കുന്നതോടെയാണു തുടക്കം. സെര്‍ബുകളും ക്രോട്ടുകളും ഇതിനെതിരേ പ്രതിഷേധവുമായി ഇറങ്ങുന്നു. 1914 ജൂണ്‍ 28ന് ബോസ്‌നിയന്‍ ദേശീയദിനത്തില്‍ തലസ്ഥാനമായ സാരയെവോ സന്ദര്‍ശിച്ച ഓസ്ട്രിയന്‍ ആര്‍ച്ച് ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനന്റിനെ സെര്‍ബിയന്‍ ദേശീയ വാദി ഗാവിറിലെ പ്രിന്‍സെപ്പ് വെടിവച്ചു കൊല്ലുന്നു. ഇതോടെ സെര്‍ബിയക്കെതിരേ ഓസ്ട്രിയ യുദ്ധം പ്രഖ്യാപിച്ചു. റഷ്യയും ഫ്രാന്‍സും സെര്‍ബിയന്‍ പക്ഷത്തു ചേര്‍ന്നതോടെ ജര്‍മനി ഈ രണ്ടു രാജ്യങ്ങള്‍ക്കുമെതിരേയും യുദ്ധം പ്രഖ്യാപിക്കുന്നു. ജര്‍മന്‍ സൈന്യം വൈകാതെ ബെല്‍ജിയം ആക്രമിച്ചു. അതോടെ ബ്രിട്ടന്‍ ജര്‍മനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. തുടര്‍ന്നങ്ങോട്ട് ഇരുചേരികളിലായി യുദ്ധം.
1918 നവംബര്‍ 11ന് ജര്‍മനി തോല്‍വി സമ്മതിച്ച് ഉടമ്പടി ഒപ്പിടുന്നതോടെയാണു യുദ്ധം അവസാനിക്കുന്നത്. മുസ്്‌ലിം ലോകത്ത് ഉസ്മാനിയ ഖിലാഫത്തിന്റെ തകര്‍ച്ചയുള്‍പ്പെടെയുള്ള നിര്‍ണായകമായ രാഷ്ട്രീയ സംഭവങ്ങളാണ് ഒന്നാംലോക മഹായുദ്ധത്തിന്റെ തുടര്‍ച്ചയായി ഉണ്ടായത്. ജര്‍മനി, ഓസ്ട്രിയ-ഹംഗറി, റഷ്യന്‍ സാമ്രാജ്യങ്ങളും തകര്‍ന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ കടക്കെണിയില്‍പ്പെടുകയും യുഎസ് പുതിയ ലോകശക്തിയായി വളരുന്നതിന്റെ തുടക്കവും ഇവിടെ നിന്നാണ്. നിരവധി രാജ്യങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പുതിയ രാജ്യങ്ങള്‍ രൂപംകൊണ്ടു. ഫലസ്തീനെ നിത്യദുരിതത്തിലേക്കു തള്ളിവിട്ടു കൊണ്ട് ജൂതരാഷ്ട്രത്തിനു പിന്തുണ നല്‍കുന്ന 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനവും ഒന്നാം ലോകയുദ്ധത്തില്‍ ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിന്റെ അനന്തരഫലമായിരുന്നു.
സോവിയറ്റ് വിപ്ലവത്തിനു ശേഷം റഷ്യ യുദ്ധത്തില്‍ നിന്നു പിന്‍മാറുകയും അറബ്‌ലോകം ഓഹരിവയ്ക്കാന്‍ ഫ്രാന്‍സും ബ്രിട്ടനുമായുണ്ടാക്കിയ സൈക്‌സ്-പീകോ രഹസ്യ കരാറിലെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു. അറബ് ലോകത്തോട് യൂറോപ്പ് ചെയ്ത എക്കാലത്തെയും കൊടിയ വഞ്ചനകളിലൊന്നായിരുന്നുവത്.
സൈക്ക്-പിക്കോ കരാറും ഒന്നാംലോക യുദ്ധത്തിന്റെ ദുരന്തത്തിന്റെ ഭാഗമാണ്. ഏകീകൃത അറബ് രാഷ്ട്രമെന്ന വാഗ്ദാനം നല്‍കി അറബികളെ തുര്‍ക്കിക്കെതിരേ യുദ്ധത്തിനിറക്കിയ ബ്രിട്ടീഷുകാര്‍ യുദ്ധം ജയിച്ചതോടെ അവരെ ചെറു രാഷ്ട്രങ്ങളാക്കി ഫ്രാന്‍സിനും ബ്രിട്ടനും കീഴിലുള്ള കോളനികളാക്കി മാറ്റുകയായിരുന്നു.
പത്തു ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സൈന്യത്തെയായിരുന്നു വിദേശങ്ങളില്‍ ബ്രിട്ടീഷ് സൈന്യം വിന്യസിച്ചത്. 74000ത്തിലധികം പേര്‍ മരിച്ചു. ഈസ്റ്റ് ആഫ്രിക്കയില്‍ ജര്‍മന്‍ സൈന്യത്തിനെതിരേയായിരുന്നു ഇന്ത്യന്‍ സൈന്യം പ്രധാനമായും പോരാടിയത്. ഈജിപ്തിലും ഗലിപ്പൊളിയിലും മെസൊപൊട്ടേമിയയിലും ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഉസ്മാനിയ ഖിലാഫത്തിനെതിരേയും ഇന്ത്യന്‍ സൈന്യം പോരാടി.
ഒന്നാംലോകയുദ്ധത്തില്‍ പോരാടി മരിച്ച ഇന്ത്യന്‍ സൈനികരുടെ സ്മാരകമായാണ് ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റ് സ്ഥാപിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss