|    Aug 19 Sat, 2017 3:37 am
FLASH NEWS

ഒന്നരക്കിലോ കഞ്ചാവുമായി മൊത്ത വ്യാപാരി പിടിയില്‍

Published : 21st October 2016 | Posted By: SMR

ചങ്ങനാശ്ശേരി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചവടക്കാര്‍ക്കു കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന മൊത്ത വ്യാപാരി പിടിയില്‍. പീരുമേട് ഉപ്പുതറ പാറയ്ക്കല്‍ വീട്ടില്‍ സണ്ണി തോമസ് (49) ആണ് എക്‌സൈസിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശ്ശേരി എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട എക്‌സൈസ് സ്‌ക്വാഡില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ ആയിരുന്ന ആനന്ദ് രാജിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇയാളെ ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് സംഘം പെരുന്ന ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടിയത്. തമിഴ്‌നാട് കമ്പം ഭാഗത്തു നിന്നു വ്യാപകമായ രീതിയില്‍ കേരളത്തിലേക്കു കഞ്ചാവ് എത്തിക്കുന്നവരില്‍ മുഖ്യകണ്ണിയാണ് ഇയാള്‍. തമിഴ്‌നാട്ടില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് കൊണ്ടു വരുന്ന കഞ്ചാവ് പത്തിരട്ടി വിലയ്ക്കാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. ഒരു കിലോയ്ക്ക് മുകളിലുള്ള കഞ്ചാവ് കച്ചവടത്തില്‍ മാത്രമേ ഇയാള്‍ നേരിട്ട് ഏര്‍പ്പെടാറുള്ളൂ. ആവശ്യമുള്ളവര്‍ ഇയാളെ കഞ്ചാവ് ആവശ്യപ്പെട്ട് ബന്ധപ്പെടുമ്പോള്‍ അയാളുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്നു. പണം നിക്ഷേപിച്ചാല്‍ മാത്രമേ ഇയാള്‍ കഞ്ചാവ് എത്തിച്ച് കൊടുക്കാറുള്ളൂ. ഒരു കിലോ കഞ്ചാവ് 45,000 രൂപ നിരക്കിലാണ് ഇയാള്‍ വില്‍ക്കുന്നത്. കേരള അതിര്‍ത്തികളിലുള്ള ചെക്ക്‌പോസ്റ്റുകളില്‍ ചെക്കിങ് വളരെ ശക്തമമായതിനാല്‍ കേരളത്തിന്റെ അതിര്‍ത്തികളിലുള്ള കാടുകള്‍ വഴിയാണ് കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നതെന്നും ഒരു പോക്കിന് 20 കിലോ കഞ്ചാവ് വരെ കേരളത്തിലേക്ക് എത്തിക്കുമെന്നും ഇയാള്‍ സമ്മതിച്ചു. 30 വര്‍ഷത്തിലധികമായി നടത്തുന്ന കഞ്ചാവ് വില്‍പ്പനയില്‍ എക്‌സൈസിന്റെ പിടിയില്‍ ആദ്യമായാണ് അകപ്പെടുന്നത്. കഞ്ചാവ് കച്ചവടക്കാര്‍ക്കിടയില്‍ അച്ചായന്‍ എന്ന അപരനാമത്തിലാണ് ഇയാള്‍ അറിയപ്പെടുന്നത്. കഞ്ചാവിനു വീര്യം കൂട്ടാന്‍ വേണ്ടി കഞ്ചാവില്‍ ഹാഷിഷ് ഓയിലും ചേര്‍ത്താണ് വില്‍പ്പന നടത്തുന്നത്. ഇങ്ങനെ വില്‍ക്കുന്ന കഞ്ചാവിന് വിലയേറും. മുമ്പ് ഹാഷിഷ് ഓയില്‍ വില്‍പ്പനയിലും ഇയാള്‍ ഏര്‍പ്പെട്ടിരുന്നതായി എക്‌സൈസിനോട് സമ്മതിച്ചു. 10 വര്‍ഷത്തിന് മുമ്പ് ഇടുക്കി വനാന്തരങ്ങളില്‍ കഞ്ചാവ് തോട്ടങ്ങള്‍ നട്ട് വളര്‍ത്തിയിട്ടുള്ളതായും ഇയാള്‍ ചോദ്യം ചെയ്തതില്‍ സമ്മതിച്ചു.ഇയാളെ പിടികൂടിയ ശേഷം കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ധാരാളം ആവശ്യക്കാരാണ് കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ വിളിച്ചത്. പ്രിവന്റീവ് ഓഫിസര്‍ പി കെ സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ഷിബു, ടി സന്തോഷ്, ആര്‍ കെ രാജീവ്, ബിനോയ് കെ മാത്യു, ഡി ബൈജു, എ എസ് ഉണ്ണികൃഷ്ണന്‍, രതീഷ് കെ നാണു റെയ്ഡില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക