|    Jul 18 Wed, 2018 1:11 am
FLASH NEWS

ഒത്തുതീര്‍പ്പ് കേസ് പ്രതികള്‍ക്ക് സാമൂഹിക സേവനം നിര്‍ബന്ധമാക്കാന്‍ അഭിഭാഷകര്‍

Published : 29th September 2017 | Posted By: fsq

 

മാനന്തവാടി: കേസുകള്‍ ഒത്തുതീര്‍പ്പാക്കണമെങ്കില്‍ സാമൂഹികസേവനം നിര്‍ബന്ധമാക്കി. മാനന്തവാടിയിലെ അഭിഭാഷകരാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. മാനന്തവാടിയില്‍ കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പാക്കിയ ഒരു കേസിലെ പ്രതികള്‍ക്ക് നാലുദിവസം ജില്ലാ ആശുപത്രി ശുചിമുറികള്‍ വൃത്തിയാക്കണം. പല കുറ്റകൃത്യങ്ങളിലെയും പ്രതികള്‍ കേസിനൊടുവില്‍ വാദികളുമായി ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പരാതികള്‍ ഒത്തുതീര്‍പ്പാക്കുന്ന സ്ഥിതിവിശേഷമാണ് നിലവില്‍. എന്നാല്‍, ഇനി മാനന്തവാടിയില്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിനോടൊപ്പം കുറ്റാരോപിതര്‍ക്ക് നിര്‍ബന്ധിത സാമൂഹിക സേവനംകൂടി അഭിഭാഷകര്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞദിവസം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഞ്ചു കുറ്റാരോപിതര്‍ക്ക്് കോടതി പരിസരം ശുചീകരിക്കാനും ജില്ലാ ആശുപത്രി ശുചിമുറി വൃത്തിയാക്കാനും നിര്‍ദേശം നല്‍കി. പണമുണ്ടെങ്കില്‍ ഏതു കേസുകളും ഒത്തുതീര്‍പ്പാക്കി തടിയൂരാമെന്ന ചിലരുടെ തന്ത്രമാണ് ഇതോടെ അവസാനിക്കുക. കേസുകള്‍ പലതും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്ന രീതി പണ്ടേയുള്ളതാണ്. പല ക്രിമിനല്‍ കേസുകളും ഇത്തരത്തില്‍ ഒത്തുതീര്‍പ്പായി പോവാറുള്ളതു സാധാരണമാണ്. ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ പ്രാധാന്യം പണത്തിനു തന്നെ. അതുകൊണ്ടുതന്നെ പണമുണ്ടെങ്കില്‍ എന്തു കുറ്റകൃത്യവും നടത്താമെന്ന ചിലരുടെ ധാരണകള്‍ക്കാണ് മാനന്തവാടിയിലെ അഭിഭാഷകര്‍ അറുതിവരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ തുടക്കമെന്നോണം കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പാക്കല്‍ ചര്‍ച്ചകള്‍ നടത്തിയ ഒരു കേസിലെ കുറ്റാരോപിതര്‍ക്ക് കോടതി പരിസരം ശുചീകരിക്കാനും ജില്ലാ ആശുപത്രിയിലെ ശുചിമുറികള്‍ വൃത്തിയാക്കാനും നിര്‍ദേശം നല്‍കി. സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോഷി മുണ്ടക്കലാണ് ഇത്തരത്തിലൊരു നിര്‍ദേശം കുറ്റാരോപിതര്‍ക്ക് മുന്നില്‍ വച്ചത്. നിര്‍ദേശം പാലിച്ചാല്‍ മാത്രമേ കേസ് പൂര്‍ണമായി ഒത്തുതീര്‍പ്പാക്കൂ എന്നതാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരായ അഞ്ചുപേര്‍ ഇന്നലെ മാനന്തവാടി കോടതി പരിസരം വൃത്തിയാക്കി. താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റി നോഡല്‍ ഓഫിസര്‍ ദിനേശന്റെ മേല്‍നോട്ടത്തിലാണ് ശുചീകരണം നടത്തിയത്. ഈ കുറ്റാരോപിതരായ വ്യക്തികള്‍ തന്നെ വരുന്ന രണ്ടു ദിവസങ്ങളിലും ജില്ലാ ആശുപത്രിയിലെ ശുചിമുറികള്‍ വൃത്തിയാക്കണം. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണം അക്കാര്യത്തില്‍ ഉറപ്പാക്കും. വാദിയായ വ്യക്തിക്കും സ്വതാല്‍പര്യ പ്രകാരം സാമൂഹിക സേവനത്തില്‍ പങ്കാളികളാവാമെന്നും അഭിഭാഷകര്‍ പറഞ്ഞു. പ്രസ്തുത കേസിലെ വാദിയായ യുവാവ് ജില്ലാ ആശുപത്രിയിലേക്ക് രണ്ടു വീല്‍ചെയര്‍ സംഭാവന ചെയ്തുകൊണ്ടാണ് തന്റെ സഹകരണം ഉറപ്പുവരുത്തിയത്. ഈ പ്രവൃത്തികളെല്ലാം പൂര്‍ത്തായാക്കുന്ന മുറയ്ക്ക് കേസ് അടുത്ത ആഴ്ചയോടെ പൂര്‍ണമായി ഒത്തുതീര്‍പ്പാവുമെന്നും അഭിഭാഷകര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss