|    Oct 19 Fri, 2018 9:38 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒത്തുകളിക്കു പിന്നാലെ ഇറങ്ങിപ്പോക്ക്

Published : 12th April 2018 | Posted By: kasim kzm

ആസിഫ് കുന്നത്ത്
സകല നിയമങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും കാറ്റില്‍പ്പറത്തിയും എന്തു നടപ്പാക്കാന്‍ വേണ്ടി സമരം ചെയ്താണോ തങ്ങള്‍ ഇവിടംവരെ എത്തിയത് എന്നുപോലും ഓര്‍ക്കാതെയും ഭരണകര്‍ത്താക്കള്‍ പകല്‍ക്കൊള്ളക്കാര്‍ക്കു വേണ്ടി മുന്നോട്ടുപോവുമ്പോള്‍ അതിനു പിന്തുണ നല്‍കി സ്വയം അപഹാസ്യരാവുന്ന പ്രതിപക്ഷത്തെയാണ് കേരളത്തില്‍ ഇന്നു കണ്ടുകൊണ്ടിരിക്കുന്നത്. ഒത്തുകളിയും ഒത്തുതീര്‍പ്പും നടത്തി ജനങ്ങളെ പറ്റിക്കാന്‍ ഇടയ്‌ക്കൊരു ഇറങ്ങിപ്പോക്കുമാണ് ഇവിടെ നടക്കുന്നത്. നാളിതുവരെ കാണാത്ത അധാര്‍മികതകളാണ് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു വിളിക്കപ്പെടുന്ന നിയമസഭയിലടക്കം കണ്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാരായ പൊതുജനവും ഈ അപ്പം പങ്കിട്ടെടുക്കാത്ത പാര്‍ട്ടിപ്രവര്‍ത്തകരും ഇതുമൂലം ചെന്നുപെട്ടിരിക്കുന്നത് വല്ലാത്തൊരു അങ്കലാപ്പിലാണെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. സ്വാശ്രയ മെഡിക്കല്‍ കോളജ് വിഷയത്തില്‍ അഥവാ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ നിയമവിരുദ്ധവും ക്രമക്കേട് നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങളില്‍ മാനേജ്‌മെന്റുകള്‍ക്കെതിരേ വിധി നേടിയെടുത്തതിനു ശേഷം നിയമനിര്‍മാണത്തിലൂടെ ആ വിധി മറികടക്കാന്‍ മാനേജ്‌മെന്റുകളെ സഹായിക്കാന്‍ ശ്രമിച്ച കേരളത്തിലെ ഭരണ-പ്രതിപക്ഷ ആശാന്‍മാരെ പിടിച്ചുകെട്ടാന്‍ സുപ്രിംകോടതിക്കായി എന്നത്  പ്രതീക്ഷയേകുന്ന കാര്യമാണ്.
2006ലെ സംസ്ഥാന നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനവും പ്രവേശനവുമടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കമ്മിറ്റി രൂപീകൃതമാവുന്നത്. ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ തെറ്റായ രീതിയില്‍ പ്രവേശനം നല്‍കിയിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2016 ഒക്ടോബര്‍ 28ന് ഹൈക്കോടതി, ജസ്റ്റിസ് ജെയിംസിന്റെ കണ്ടെത്തലുകള്‍ ശരിവച്ചു. നഗ്നമായ നിയമലംഘനം നടത്തി മെറിറ്റ് സംവിധാനത്തെ നോക്കുകുത്തിയാക്കി തലവരിപ്പണം വാങ്ങി നടത്തിയ അഡ്മിഷനുകളാണ് അവയെന്നും അവ പാടെ റദ്ദ് ചെയ്യണമെന്നുമായിരുന്നു ജസ്റ്റിസ് ജെയിംസ് ഉത്തരവിട്ടത് (2016 നവംബറില്‍ പ്രവേശന മേല്‍നോട്ടസമിതി അധ്യക്ഷന്‍ എന്ന നിലയ്ക്കാണ് ഉത്തരവിറക്കിയത്). അദ്ദേഹത്തിന്റെ ഉത്തരവിനെതിരേ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പോരാട്ടത്തിനിറങ്ങിയെങ്കിലും ജസ്റ്റിസ് ജെയിംസിന്റെ നിലപാടിലുറച്ച് സര്‍ക്കാര്‍ പോരാടി. ഏതാണ്ട് ഒരുകോടി രൂപയോളം ഖജനാവില്‍ നിന്നു ചെലവഴിച്ചാണ് കോടതികളില്‍ സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്കെതിരേ കേസ് നടത്തിയത്. അങ്ങനെ കൃത്യമായ തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തില്‍ തലവരിപ്പണം വാങ്ങല്‍ വിരുദ്ധ നിയമപ്രകാരം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ 2016-17 പ്രവേശനം പൂര്‍ണമായി റദ്ദാക്കിക്കൊണ്ട് അന്തിമവിധി സമ്പാദിക്കാന്‍ സാധിച്ചു. വിദ്യാഭ്യാസരംഗത്തെ പണക്കൊഴുപ്പിന്റേതായ  മതിഭ്രമങ്ങള്‍ക്കെതിരേയുള്ള താക്കീതായി ആ വിധി തിളങ്ങിനിന്നു. എന്നാല്‍, പിന്നീട് ഈ വിധിയെ അട്ടിമറിക്കാന്‍ ഈ സര്‍ക്കാര്‍ തന്നെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതാണു കണ്ടത്. അതിനെ സുപ്രിംകോടതി ചോദ്യംചെയ്യുന്ന സാഹചര്യം വന്നപ്പോഴാണ് നിയമനിര്‍മാണമെന്ന വിവരക്കേടിന് സര്‍ക്കാര്‍ മുതിരുന്നത്.
നിയമത്തിലെ പ്രസക്ത ഭാഗം നോക്കാം: ”2006ലെ ആക്റ്റിന്റെ നാലാമത്തെ വകുപ്പിന്റെ കീഴില്‍ രൂപവല്‍ക്കരിച്ച പ്രവേശന മേല്‍നോട്ടസമിതിയുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും അധികാരസ്ഥാനത്തിന്റെയോ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എതെങ്കിലും നടപടികളിലോ അല്ലെങ്കില്‍ തല്‍സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിന്‍ കീഴില്‍ ഉണ്ടാക്കിയിട്ടുള്ള എതെങ്കിലും ഉടമ്പടിയിലോ കരാറിലോ എന്തുതന്നെ അടങ്ങിയിരുന്നാലും 2016-17 വര്‍ഷത്തില്‍ സംസ്ഥാനത്തെ ഏതൊരു മെഡിക്കല്‍ കോളജുകളിലും മെഡിക്കല്‍ വിജ്ഞാനശാഖയിലും പ്രവേശനത്തിന് യോഗ്യതയുണ്ടായിരിക്കുകയും എന്നാല്‍ അവരുടെ പ്രവേശനം ഏതെങ്കിലും കോടതിയോ പ്രവേശന മേല്‍നോട്ടസമിതിയോ റദ്ദാക്കുകയും ചെയ്തത് പ്രവേശന മേല്‍നോട്ടസമിതിയുടെ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച രീതിയും എതെങ്കിലും രേഖ ഹാജരാക്കാതിരുന്നതും കണക്കിലെടുക്കാതെ തന്നെ സര്‍ക്കാരിന് ഉചിതമെന്നു കരുതുന്ന, അങ്ങനെയുള്ള നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി അപേക്ഷകരുടെ പ്രവേശനം ക്രമവല്‍ക്കരിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിന് നിയമപരമായി അനുവദിക്കുന്നതാണ് 2018ലെ കേരള പ്രഫഷനല്‍ കോളജ്/മെഡിക്കല്‍ കോളജ് പ്രവേശനം ക്രമവല്‍ക്കരിക്കല്‍ നിയമം.” ഇത്രമാത്രം ജനാധിപത്യവിരുദ്ധമായ ഒരു നിയമം ഏകകണ്ഠമായി പാസാക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുന്നോട്ടുവന്ന കേരള നിയമസഭ സാക്ഷരമെന്നും പ്രൗഢമെന്നും സംസ്‌കാരസമ്പന്നമെന്നും അഹങ്കരിക്കുന്ന കേരള സംസ്ഥാനത്തിനും അതില്‍ അധിവസിക്കുന്ന മനുഷ്യര്‍ക്കും  ഒന്നടങ്കം നാണക്കേടാണ്. കാപിറ്റേഷന്‍ ഫീ വാങ്ങിയെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട നടപടി മറികടക്കാന്‍ യാതൊരു മനസ്സാക്ഷിക്കുത്തും അവര്‍ക്ക് അനുഭവിക്കേണ്ടിവന്നില്ല എന്നതാണ് ഏറെ ചിന്താര്‍ഹമായ കാര്യം. ഏറെ ത്യാഗങ്ങള്‍ സഹിച്ചുതന്നെയാണ് കോഴക്കാര്‍ക്ക് അഡ്മിഷന്‍ ക്രമപ്പെടുത്തിക്കൊടുക്കാന്‍ ഭരണ-പ്രതിപക്ഷ ഭേദമെന്യേ നേതാക്കളും അധികാരികളും രംഗത്തിറങ്ങിയത്.
കേരളത്തില്‍ ഇന്നും ഇന്നലെയുമല്ല ഒത്തുകളി രാഷ്ട്രീയം ആരോപിക്കപ്പെടുന്നത്. എന്നാല്‍, അതിന്റെ ഏറ്റവും മൂര്‍ത്തമായ ഭാവമാണ് ക്രമപ്പെടുത്തല്‍ ബില്ലിലൂടെ പുറത്തുവന്നിരിക്കുന്നത്. അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി മാത്രമായി രാഷ്ട്രീയപ്രവര്‍ത്തനം മാറിയപ്പോള്‍ പണത്തിന്റെ പ്രസക്തിയും ഏറെ വര്‍ധിച്ചു. പിന്നെ അതു സംഭരിക്കാന്‍ എന്ത് വൃത്തികെട്ട കളിക്കും നേതാക്കള്‍ തയ്യാറായി. എളുപ്പത്തില്‍ പണം ലഭ്യമാവുക മൂലധന കക്ഷികളില്‍ നിന്നോ അവിഹിത സമ്പത്ത് കൈകാര്യം ചെയ്യുന്നവരില്‍ നിന്നോ ആയിരിക്കുന്നതുകൊണ്ടുതന്നെ അത്തരക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്ലാവരും കക്ഷിരാഷ്ട്രീയം മറന്ന് മുന്നോട്ടുവരുന്നതു കാണുന്നു. ഇതിനെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങള്‍ ഒറ്റപ്പെട്ടതായിരിക്കും. ഇന്നത്തെ പ്രതിപക്ഷ സംവിധാനത്തെക്കുറിച്ചു പറയുമ്പോള്‍ വി ടി ബല്‍റാമും വി എം സുധീരനുമൊക്കെയാണ് പലപ്പോഴും വിരുദ്ധാഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുള്ളത്. അവര്‍ പലപ്പോഴും ജനപക്ഷത്തു നിലയുറപ്പിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായി രേഖപ്പെടുത്താറുമുണ്ട്. എന്നാല്‍, അവര്‍ ഒറ്റയാന്മാരായി തുടരുന്നതിനാലോ അല്ലെങ്കില്‍
അവര്‍ക്ക് ആ പട്ടം ചാര്‍ത്തിക്കിട്ടിയതിനാലോ വേണ്ടത്ര അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ അവരുടെ വാദമുഖങ്ങള്‍ക്കു സാധിക്കാറില്ല. അത് അവരില്‍ മാത്രം ഒതുങ്ങുന്നതും തീരുമാനങ്ങളും നടപടികളുമൊക്കെ മറുപക്ഷ താല്‍പര്യപ്രകാരം നടത്തപ്പെടുന്നതുമാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍, ഏറെ പ്രതീക്ഷയേകുന്ന ഒരുകാര്യം, ക്രമപ്പെടുത്തല്‍ ബില്ലുമായി ബന്ധപ്പെട്ട് മറ്റു പല കേന്ദ്രങ്ങളില്‍ നിന്നും എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നു എന്നതാണ്. അത് ജനാധിപത്യത്തിന് ശോഭന ഭാവിയാണു വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ തന്നെ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടിനെ ചോദ്യംചെയ്തു രംഗത്തുവന്നു എന്നത് താഴെത്തട്ടില്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അദ്ദേഹത്തിന്റെ ഈ നിലപാടു കാരണം വിദ്യാര്‍ഥി-യുവജന വിഭാഗങ്ങള്‍ക്ക് സ്വന്തം നിലപാട് പുറത്തുപറയാനും ഒത്തുകളിക്കെതിരേ രംഗത്തിറങ്ങാനും സാധിച്ചു. എ കെ ആന്റണി പോലും പ്രതിപക്ഷത്തെ വിമര്‍ശിച്ച് രംഗത്തുവന്നു എന്നതു ശ്രദ്ധേയമാണ്. വരുംനാളുകളില്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനും ജനായത്ത ഭരണസംവിധാനത്തിന്റെ സംസ്ഥാപനത്തിനുമായി കൂടുതല്‍ ശബ്ദങ്ങള്‍ പുറത്തുവരുമെന്നും അതൊരു അഗ്നിജ്വാലയായി രാഷ്ട്രീയഭൂമികയെ സ്ഫുടം ചെയ്‌തെടുക്കുമെന്നും പ്രതീക്ഷിക്കുക.           ി

(ഏകതാ പരിഷത്ത് സംസ്ഥാന
വക്താവാണു ലേഖകന്‍)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss