|    Oct 21 Sun, 2018 7:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒഡീഷയില്‍ നിന്ന് ആലപ്പുഴക്കാരിക്ക് രാഷ്ട്രപതിയുടെ പോലിസ് മെഡല്‍

Published : 26th January 2017 | Posted By: fsq

 

ആലപ്പുഴ: ഒഡീഷ കേഡര്‍ മലയാളി ഐപിഎസ് ഓഫിസര്‍ എസ് ഷൈനിക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി പുരസ്‌കാരം ലഭിച്ചു. ഇത്തവണ കേരളത്തില്‍നിന്ന് ആര്‍ക്കും രാഷ്ട്രപതി പുരസ്‌കാരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഒഡീഷ കേഡറിലുള്ള ആലപ്പുഴ സ്വദേശിനിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഒഡിഷയിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ സൗത്ത് വെസ്‌റ്റേണ്‍ റേഞ്ച് ഡിഐജിയാണ് ഷൈനി. ഇടയ്ക്കിടെ ഏറ്റുമുട്ടല്‍ നടക്കുന്ന മാവോവാദി മേഖലയില്‍ ഷൈനിയുടെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. പോലിസുമായി അകന്നു നിന്നിരുന്ന പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളായിരുന്നു ജനസമ്പര്‍ക്ക പരിപാടികള്‍.ഐപിഎസ് 2001 ബാച്ചുകാരിയായ ഷൈനി നേരത്തേ നാലു വര്‍ഷം സിബിഐയില്‍ ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയിലും കൊല്‍ക്കത്തയിലും സിബിഐ എസ്പിയായി പ്രവര്‍ത്തിച്ചു. കേരളത്തില്‍ ഏറെ പ്രമാദമായ പോള്‍ മുത്തൂറ്റ് വധക്കേസിലെ സിബിഐ അന്വേഷണ മേല്‍നോട്ടം ഷൈനിക്കായിരുന്നു. ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ഷൈനിയിലെ കവി ഹൃദയം കോറിവച്ചവരികള്‍ ബ്രോക്കണ്‍ ഡ്രീംസ്  കവിതാ സമാഹാരമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാവോവാദികളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്ന നയം ഫലപ്രദമായി നടപ്പാക്കിയതും ഷൈനിയുടെ നേതൃത്വത്തിലാണ്. ഇതേതുടര്‍ന്ന്് കോറാപുട് മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി പേരാണ് മാവോയിസം ഉപേക്ഷിച്ച് ജനാധിപത്യരീതിയിലേക്ക് വന്നത്. 2008ല്‍ ഒഡീഷയിലെ ബൊലാങ്കീര്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയത് ഷൈനിയുടെ നേതൃത്വത്തിലായിരുന്നു. 2005ല്‍ മികച്ച സേവനത്തിനുള്ള ഒഡീഷ പൊലിസ് ഡിജിപി പുരസ്‌കാരം, 2015ല്‍ ഗവര്‍ണര്‍ മെഡല്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്ന സര്‍വീസ് കാലയളവ് പിന്നിട്ട ആദ്യ വര്‍ഷം തന്നെയാണ് ഷൈനിക്ക് പുരസ്‌കാരം ലഭിക്കുന്നത്.ഒഡീഷ കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി (കിറ്റ്) യൂനിവേഴ്‌സിറ്റിയില്‍ അഡ്മനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആലപ്പുഴ ആറാട്ടുവഴി വാര്‍ഡില്‍ വൃന്ദാവനത്തില്‍ എന്‍ നിരൂപ് കുമാറാണ് ഭര്‍ത്താവ്. മകന്‍ നിഷാന്ത് ഭൈരവ്. ആലപ്പുഴയിലെ പി ശിവാനന്ദന്റെയും പി കെ ഇന്ദിരാദേവിയുടെയും മകളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss