|    Jul 24 Mon, 2017 10:24 am
FLASH NEWS

ഒഡിഎഫ് ലക്ഷ്യം കൈവരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി: മന്ത്രി കടന്നപ്പള്ളി

Published : 27th August 2016 | Posted By: SMR

തൊടുപുഴ: സമ്പൂര്‍ണ തുറസായ മലമൂത്ര വിസര്‍ജന രഹിത ജില്ലയായി ഇടുക്കിയെ മാറ്റാനുള്ള പ്രവര്‍ത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്ത അദ്ദേഹം ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പദ്ധതി നടത്തിപ്പിന് പരിമിതി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒത്തൊരുമിച്ച് പരിശ്രമിച്ചാല്‍ അവയെ മറികടക്കാമെന്ന് ചൂണ്ടിക്കാട്ടി. നവംബര്‍ ഒന്നിന് കേരളം തുറസായ മലമൂത്ര വിസര്‍ജന രഹിത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടുക്കി പിന്നിലാണ്. ഈ നില മാറണം.ശൗചാലയങ്ങള്‍ ഉറപ്പാക്കാന്‍  22,476 ശൗചാലയങ്ങളാണ് ജില്ലയില്‍ നിര്‍മിക്കേണ്ടത്. ഇവ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ഈ മാസം 31നുമുമ്പ് പുതുതായി നിര്‍മ്മിക്കേണ്ട ശൗചാലയങ്ങളുടെ കാര്യത്തില്‍ സമ്മതപത്രം ഒപ്പുവയ്ക്കാനും ഒക്ടോബര്‍ 31നുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. പട്ടയമില്ലാത്ത ഭൂമിയിലും ഉപേക്ഷിക്കപ്പെട്ട തോട്ടം മേഖലയിലും ഉള്ള വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ നീക്കും.
സ്ഥലദൗര്‍ലഭ്യം നേരിടുന്ന ഇടങ്ങളില്‍ കമ്യൂണിറ്റി ടോയ്‌ലറ്റുകള്‍ നിര്‍മിക്കാനും ധാരണയായി. യോഗത്തില്‍ ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക