|    Mar 29 Wed, 2017 8:45 pm
FLASH NEWS

ഒഡിഎഫ് പദ്ധതി: മുമ്പ് ആനുകൂല്യം വാങ്ങിയത് തടസ്സമാവില്ലെന്നു മന്ത്രി

Published : 7th October 2016 | Posted By: Abbasali tf

കോഴിക്കോട്:  കക്കൂസ് ഇല്ലാത്ത മുഴുവന്‍ വീടുകളിലും കക്കൂസ് നല്‍കുന്നതിനുള്ളതാണ് ഒഡിഎഫ് പദ്ധതിയെന്നും ഇതു പ്രകാരം ആനുകൂല്യം നല്‍കുന്നതിന് മുമ്പ് ആനുകൂല്യം വാങ്ങിയത് തടസ്സമല്ലെന്നും തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. ഒഡിഎഫ് പദ്ധതിയുടെയും സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഉത്തരവുകളുടെ ഏത് വ്യാഖ്യാനവും സാധാരണക്കാര്‍ക്ക് അനുകൂലമാവണം. വീട് നിര്‍മിക്കാന്‍ സഹായം ലഭിച്ചവര്‍ അത് പൂര്‍ത്തിയാവാതെ വീണ്ടും കക്കൂസിന് അപേക്ഷ നല്‍കിയിട്ടുണ്ടാവാം. എന്നാല്‍, അതിന്റെ പേരില്‍ ഈ പദ്ധതിയില്‍നിന്ന് ഒഴിവാക്കേണ്ടതില്ല. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഒഡിഎഫ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ സമ്പൂര്‍ണ ഒഡിഎഫ് പ്രഖ്യാപനം ഒക്‌ടോബര്‍ രണ്ടിന് നടത്താന്‍ കഴിഞ്ഞതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാറിന്റെ അഭിനന്ദനം മന്ത്രി അറിയിച്ചു. അതേസമയം, പദ്ധതി നടപ്പാക്കുന്നതില്‍ നഗരസഭകളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. നഗരസഭകള്‍ ഈ കുറവ് അടിയന്തിരമായി പരിഹരിക്കണമെന്ന് നിര്‍ദേശിച്ചു. കോര്‍പറേഷനിലും ജില്ലയിലെ ഏഴ് നഗരസഭകളിലും ഒക്‌ടോബര്‍ 30നകം സമ്പൂര്‍ണ ഒഡിഎഫായി പ്രഖ്യാപിക്കണം. നവംബര്‍ ഒന്നിന് സംസ്ഥാനം ഒഡിഎഫായി പ്രഖ്യാപിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.ജില്ലയില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ അവലോകനവും യോഗത്തില്‍ നടത്തി. ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 8,695 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പദ്ധതിയുടെ പൂര്‍ണ എസ്റ്റിമേറ്റായി കഴിഞ്ഞു. പദ്ധതിയില്‍ 50 ശതമാനം സര്‍ക്കാര്‍ ഫണ്ടും 50 ശതമാനം മറ്റ് ഏജന്‍സികളില്‍ നിന്നുമാണ്. എംഎല്‍എ ഫണ്ട്, എംപി ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതം എന്നിങ്ങനെ കണ്ടെത്താം. 11.541 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി 237.833 കിലോ മീറ്റര്‍ ലൈന്‍ വലിക്കണം. പദ്ധതി പ്രകാരം വീട് വയറിങ് വീട്ടുടമ ചെയ്യണം. അതിന്റെ ബാധ്യത വഹിക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവരെ സഹായിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day