|    Jul 22 Sun, 2018 8:22 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒടുവില്‍ കോടതിയുടെ സ്റ്റാര്‍ട്ടിങ് വിസില്‍

Published : 20th September 2017 | Posted By: fsq

 

എം   എം   സലാം

കോഴിക്കോട്: കാത്തിരുന്നു കൈവന്ന കാല്‍പ്പന്ത് സൗഭാഗ്യം ഓരൊറ്റ കോടതിവിധിയിലൂടെ തട്ടിത്തെറിപ്പിക്കപ്പെടുമോയെന്ന ആശങ്കയോടെയായിരുന്നു കഴിഞ്ഞ ദിനങ്ങള്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ തള്ളിനീക്കിയത്. കോടതിവിധി പ്രതികൂലമായാല്‍ കൊച്ചിയിലെ വേദി തന്നെ മാറ്റുമെന്ന ഫിഫയുടെ ഉറച്ച നിലപാട് കുറച്ചൊന്നുമല്ല കാല്‍പന്തിനെ ഹൃദയത്തോട് ചേര്‍ത്തുവച്ച ഫുട്‌ബോള്‍ പ്രേമികളെ വേദനിപ്പിച്ചത്. എന്നാല്‍ മതിയായ നഷ്ടപരിഹാരം നല്‍കുകയും വ്യാപാരികള്‍ കടമുറികള്‍ ഒഴിയുകയും വേണമെന്ന നിലപാടില്‍ ഇന്നലെ ഹൈക്കോടതി എത്തിയതോടെ കൊച്ചിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു വീണ്ടും ചിറകു മുളക്കുകയാണ്.  അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോളിലെ കേരളത്തിലെ ഏക വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലെത്തിയപ്പോഴായിരുന്നു ആശങ്കയുടെ കരിനിഴല്‍ വീണത്. കടകള്‍ ഒഴിയാതെ ഇവിടെ മല്‍സരങ്ങള്‍ നടത്താനാവില്ലെന്ന നിലപാടായിരുന്നു ഫിഫ സ്വീകരിച്ചത്. സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുന്നൂറോളം സ്ഥാപനങ്ങളില്‍ ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുണ്ട്. ഇവിടെ ഗ്യാസ് സിലിണ്ടറുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇവ സുരക്ഷയ്ക്കു വന്‍ ഭീഷണിയാണെന്ന നിലപാടിലായിരുന്നു ഫിഫ. ഫിഫ നിയമപ്രകാരം മല്‍സരത്തിനായി അനുവദിച്ചിരിക്കുന്ന ടിക്കറ്റുകള്‍ ഇല്ലാതെ ആരെയും സ്‌റ്റേഡിയത്തിന്റെ പരിസരത്തേക്കു പോലും പ്രവേശിപ്പിക്കാനാവില്ല. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ ഫിഫയ്ക്ക് ശരിയായ രീതിയില്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കാനാവില്ല. കടകളിലെത്തുന്നവരെ നിയന്ത്രിക്കാനും തങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു ഫിഫ അറിയിച്ചത്.സ്ഥാപനങ്ങളെ ഒഴിപ്പിക്കുന്നതിനായി സര്‍ക്കാരും കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎയുടെ ഭാഗത്തു നിന്നുമുണ്ടായില്ല. കൊച്ചിയെ മല്‍സരവേദിയാക്കാന്‍ ഫിഫ ആലോചിച്ചത് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. ഒരു വര്‍ഷം മുമ്പു തന്നെ കൊച്ചിയെ മല്‍സരവേദിയായി ഫിഫ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കണമോയെന്ന കാര്യം ഫിഫയോട് അന്വേഷിച്ചു വ്യക്തത കൈവരിക്കുന്നതിലും വ്യാപാരികള്‍ക്കു വിവരം നല്‍കുന്നതിലും സര്‍ക്കാരും ജിസിഡിഎയും പൂര്‍ണമായും പരാജയപ്പെട്ടു. ഇന്നലെ ഹൈക്കോടതി വിധിയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.  1996ല്‍ സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം നിരവധി രാജ്യാന്തര മല്‍സരങ്ങള്‍ സ്‌റ്റേഡിയത്തില്‍ നടത്തിയിരുന്നുവെങ്കിലും കടകള്‍ ഒഴിപ്പിച്ചിരുന്നില്ല.  അപ്രകാരം തന്നെയായിരിക്കും ലോകകപ്പ് മല്‍സരങ്ങളും നടക്കുന്നത് എന്ന കണക്കു കൂട്ടലിലാണ് സംഘാടകരും അവസാന നിമിഷം വരെ കാത്തിരുന്നത്. തികച്ചും ന്യായമായ ആവശ്യം തന്നെയായിരുന്നു വ്യാപാരികളും ഉന്നയിച്ചത്. നഷ്ടപരിഹാരം ഒന്നും നല്‍കാതെ ഒന്നര മാസത്തോളം തങ്ങളുടെ ഉപജീവന മാര്‍ഗമായ കടകള്‍ പൂട്ടിയിടണമെന്ന നിര്‍ദേശത്തിനെതിരേ വ്യാപാരികള്‍ സംഘടിച്ചു കോടതിയെ സമീപിച്ചതും മറ്റൊരു മാര്‍ഗവും അവര്‍ക്കു മുന്നിലില്ലാത്തതിനാലായിരുന്നു. ഒടുവില്‍ കായിക പ്രേമികള്‍ക്കും ഒപ്പം സ്റ്റേഡിയത്തിലെ വ്യാപാരികള്‍ക്കും ആശ്വാസം പകര്‍ന്നാണ് ഉന്നത നീതിപീഠത്തിന്റെ ഉത്തരവ് ഇന്നലെയെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss