|    Oct 23 Tue, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒടിപി തട്ടിപ്പുവഴി പണനഷ്ടം തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഒടിപി തട്ടിപ്പുവഴി പണം നഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം. പണം നഷ്ടപ്പെട്ട ഉടന്‍ ജില്ലാതല പോലിസ് സൈബര്‍സെല്ലുകളെ അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയുന്നതിനും തിരികെ ലഭിക്കുന്നതിനും നടപടി സ്വീകരിക്കും. ജില്ലാതല സൈബര്‍ സെല്ലുകളിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍വഴിയുള്ള പണമിടപാടുകള്‍ വര്‍ധിച്ചതിനൊപ്പം തട്ടിപ്പുകളും വര്‍ധിച്ച സാഹചര്യത്തിലാണ് പോലിസ് ഇത്തരത്തിലൊരു സംവിധാനമൊരുക്കിയതെന്ന് പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പണം ഇടപാടുകള്‍ക്കുള്ള മൊബൈല്‍ ആപ്പുകള്‍ വഴിയും മറ്റും ചോര്‍ത്തിയെടുത്ത് അക്കൗണ്ടില്‍ നിന്നും പണം ചോര്‍ത്തുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പണം കൈമാറുമ്പോള്‍ അക്കൗണ്ട് ഉടമയാണോ പണം കൈമാറുന്നതെന്ന് ഉറപ്പാക്കാനായി ബാങ്കുകള്‍/ധനകാര്യസ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന രഹസ്യനമ്പര്‍ (വണ്‍ ടൈം പാസ്‌വേഡ്) ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് അയക്കാറുണ്ട്. ബാങ്കില്‍ നിന്നാണെന്നും മറ്റും സൂചിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ശരിയാക്കുന്നതിനാണെന്ന വ്യാജേന തട്ടിപ്പുകാര്‍ ഉപഭോക്താവിനെ വിളിച്ച് ഈ നമ്പര്‍കൂടി മനസ്സിലാക്കി അക്കൗണ്ടില്‍ നിന്നും പണം ചോര്‍ത്തുന്നു. ഏതു സാഹചര്യത്തിലും ഇത്തരം നമ്പരുകളും പാസ്‌വേര്‍ഡുകളും ബാങ്കില്‍ നിന്നാണെന്നു പറഞ്ഞാല്‍പോലും പങ്കുവയ്ക്കാതിരിക്കുകയാണ് വേണ്ടത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടനടി പോലിസിനെ അറിയിച്ചാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന് അതത് ജില്ലാ സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പോലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്എംഎസ് സന്ദേശം യാതൊരു കാരണവശാലും മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്യരുത്.  ഒടിപി തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നവര്‍ എത്രയും വേഗം,  കഴിയുന്നതും ആദ്യ രണ്ടു മണിക്കൂറില്‍ തന്നെ, ആ വിവരം പോലിസില്‍ അറിയിക്കണം. ആ വിവരം പോലിസ് ബാങ്ക്/മൊബൈല്‍ വാലറ്റുകളെ അറിയിക്കും. ബാങ്കിങ്/മൊബൈല്‍ വാലറ്റ് അധികൃതര്‍ ഉടനടി തന്നെ പണം കൈമാറ്റം ചെയ്യാതെ തടഞ്ഞു വയ്ക്കുമെന്നും പോലിസ് വ്യക്തമാക്കി. ജില്ലാ സൈബര്‍ സെല്ലുകളുടെ നമ്പര്‍ ചുവടെ:തിരുവനന്തപുരം സിറ്റി 9497975998, തിരുവനന്തപുരം റൂറല്‍ 9497936113, കൊല്ലം സിറ്റി 9497960777, കൊല്ലം റൂറല്‍ 94979 80211, പത്തനംതിട്ട 9497976001, ആലപ്പുഴ  9497976000, കോട്ടയം  9497976002, ഇടുക്കി 9497976003, കൊച്ചി സിറ്റി 94979 76004, എറണാകുളം റൂറല്‍  94979 76005, തൃശൂര്‍ സിറ്റി 94979 62836, തൃശൂര്‍ റൂറല്‍ 9497976006, പാലക്കാട് 9497976007, മലപ്പുറം 9497976008, കോഴിക്കോട് സിറ്റി 9497976009, കോഴിക്കോട് റൂറല്‍ 9497976010, വയനാട്  9497976011, കണ്ണൂര്‍ 9497976012, കാസര്‍കോട്  9497976013.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss