|    Jul 21 Sat, 2018 7:40 am
FLASH NEWS

ഒക്ടോബര്‍ രണ്ട് മുതല്‍ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതവാരാചരണം

Published : 24th September 2017 | Posted By: fsq

 

കൊല്ലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് സംസ്ഥാനമൊട്ടാകെ  നട്ട ഒരു കോടിയിലധികം  വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാനും അനുബന്ധ വിവര ശേഖരണത്തിനും ഹരിതകേരളം മിഷന്‍ തയ്യാറെടുക്കുന്നു. ഇതിനായി അടുത്ത മാസം രണ്ട് മുതല്‍ സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍  ഹരിതവാരം ആചരിക്കും. നട്ട മരങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ ആവശ്യമായ തുടര്‍സംരക്ഷണം ലഭ്യമാണോ?, ചെടിക്ക് വേണ്ടത്ര ആരോഗ്യമുണ്ടോ?, ഇല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്.ചെടി അവശേഷിക്കുന്നില്ലെങ്കില്‍ എന്ത് കൊണ്ടാണ് അത് നശിച്ച് പോയത്?, എന്തെല്ലാമാണ് പരിഹാര മാര്‍ഗ്ഗങ്ങള്‍?, തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണമാണ് നടത്തുന്നത്. വൃക്ഷവല്‍കരണത്തിന് മരങ്ങള്‍ നട്ടാല്‍ മാത്രം പോരാ മറിച്ച് പരിപാലനത്തിലൂടെ അവയ്ക്ക് വളരാനുള്ള പിന്തുണയും നല്‍കണമെന്ന സന്ദേശമാണ് ഈ യജ്ഞത്തിലൂടെ ഹരിതകേരളം മിഷന്‍ നല്‍കുന്നത്.സാമൂഹികപങ്കാളിത്തത്തോടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനുള്ള ഇടപെടല്‍ കൂടിയാണ് ഒക്ടോബര്‍ രണ്ട് മുതലുള്ള ഹരിതവാരാചരണം. കേരളത്തിന്റെ പാരിസ്ഥിതിക സമനില സംരക്ഷിക്കുക, പാരിസ്ഥിതിക സംരക്ഷണത്തോടുള്ള ഉത്തരവാദിത്വം പൗരസമൂഹത്തില്‍ വ്യാപകമാക്കുക എന്നിവയും ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നു. 2017—-18 ലെ സംസ്ഥാന ബജറ്റില്‍ ഈ വര്‍ഷം മൂന്ന് കോടി വൃക്ഷത്തൈകള്‍ നടും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ഒരു കോടിയിലധികം തൈകളാണ് ഇതിനകം നട്ടത്. തൈകള്‍ നടാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍,സന്നദ്ധസംഘടനകള്‍, വിവിധ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബുകള്‍ എന്നിവ നയിക്കുന്ന പ്രത്യേക ടീമുകളാണ് തൈകളുടെ കണക്കെടുപ്പും പരിശോധനയും നടത്തേണ്ടത്. പരിശോധനയുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് യോഗം ചേര്‍ന്ന് പൊതുവായി അവതരിപ്പിക്കുകയും പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും. നഷ്ടപ്പെട്ട ഓരോ വൃക്ഷത്തൈക്കും പകരമായി അവിടെ മറ്റൊരു ഫലവൃക്ഷതൈ നടും. പരിശോധനാ റിപ്പോര്‍ട്ടുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കും. ഹരിതവാരത്തില്‍ ആദ്യ മൂന്നുദിവസം പരിശോധനയ്ക്കും രണ്ടു ദിവസം റിപ്പോര്‍ട്ട് തയ്യാറാക്കാനും ചെലവിടും. ഇത്തരമൊരു ജനകീയ പരിശോധന പൗരബോധം സംബന്ധിച്ചുള്ള ഒരു ആത്മപരിശോധന കൂടിയാണ്. ജില്ലകളില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നട്ട തൈകളുടെ ഇപ്പോഴത്തെ അവസ്ഥ ഹരിതകേരളം മിഷന്‍ നേരിട്ട് ശേഖരിക്കുന്നുണ്ട്. സംസ്ഥാനമൊട്ടാകെ നട്ട തൈകളുടെ കണക്കെടുപ്പും നിലവിലെ സ്ഥിതിയും കൃഷിവകുപ്പിന്റെ “ കാര്‍ഷിക വിവരസങ്കേതം  എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍  വഴി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ  ശേഖരിക്കും.  എന്നാല്‍ ഓരോ പ്രദേശത്തും ജനകീയമായി നടത്തുന്ന പരിശോധനയിലൂടെ നട്ട മരങ്ങളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കുന്നത് വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദമാക്കുവാന്‍ ഉപകരിക്കും . മാത്രമല്ല മരങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവര്‍ എന്ന ജാഗ്രതയും ഇതില്‍ പങ്കാളിയാവുന്നവരില്‍ സൃഷ്ടിക്കപ്പെടും. ബജറ്റ് പ്രഖ്യാപനം പൂര്‍ണ്ണമായും നടപ്പിലാക്കാനായി വരുന്ന ജൂണ്‍ അഞ്ചിന് മുന്‍പ് രണ്ട് കോടി വൃക്ഷത്തൈകള്‍ കൂടി നടാനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ ഇതിനകം തന്നെ ഹരിതകേരളം മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. വനം വകുപ്പ് തയ്യാറാക്കുന്ന വൃക്ഷത്തൈകള്‍ക്ക് പുറമേ ഹരിതകേരളം മിഷനും മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷനും കുടുംബശ്രീയും ചേര്‍ന്ന് ഇതിനാവശ്യമായ തൈകള്‍ തയ്യാറാക്കാനാണ് പദ്ധതി. തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് ഇതിനുള്ള പരിശീലനം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്്. വൃക്ഷത്തൈകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് പുറമേ പതിനായിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി ലഭ്യമാക്കാനും നാടിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ നിര്‍ണ്ണായകമായ പങ്കാളിത്തം ഉറപ്പാക്കാനും ഇത് സഹായകമാകും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss