|    Apr 25 Wed, 2018 10:00 pm
FLASH NEWS

ഒഎന്‍വിയെ സ്മരിക്കുമ്പോള്‍

Published : 18th February 2016 | Posted By: swapna en

ജീവിതത്തെയെന്ന പോലെ കവിതയെയും സമഗ്രമായും സര്‍വസമ്മതമായും നിര്‍വചിക്കാന്‍ അപൂര്‍വം ചിലര്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. ഞാനെന്ന കവിയെ നിര്‍വചിക്കുക എന്നാല്‍, എന്നിലെ കവിതയെ നിര്‍വചിക്കുക എന്നാണെന്ന് ഒരിക്കല്‍ ഒഎന്‍വി പറഞ്ഞു. ഒരിക്കലും പൂര്‍ത്തിയാവാത്ത ശ്രമമാണിത്. കവിയിലേക്ക് കവിത വരുകയാണോ കവിതയിലേക്ക് കവി നടന്നടുക്കുകയാണോ എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടാവും. ഏകാന്തതയുടെ അമാവാസിയില്‍ തനിക്ക് കൈവന്ന ഒരു തുള്ളി വെളിച്ചമാണ് കവിത എന്നാണ് ഒഎന്‍വി തന്നിലെ കവിതയെക്കുറിച്ച് പറഞ്ഞത്.


 

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

21781
പ്രശസ്തനായ വൈദ്യനും സാമൂഹികപ്രവര്‍ത്തകനുമായിരുന്ന ഒ എന്‍ കൃഷ്ണക്കുറുപ്പിന്റെ മകനായാണ് ഒഎന്‍വി ജനിച്ചത്. കൊല്ലത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ എഴുത്തുകാരും പാട്ടുകാരും കഥകളിക്കാരുമൊക്കെ നിത്യസന്ദര്‍ശകരായിരുന്നു. അച്ഛന്റെ അതിഥികളായെത്തുന്ന പാട്ടുകാര്‍ ഉമ്മറത്തെ വിശാലമായ മുറിയിലിരുന്ന് പക്കമേളത്തോടു കൂടി പാടും.

വീട്ടുമുറ്റത്ത് ഇടയ്‌ക്കൊക്കെ കഥകളിയുമുണ്ടാവും. സംഗീതസാന്ദ്രമായ ആ അന്തരീക്ഷമാണ് ഇളംമനസ്സില്‍ കവിതയുടെയും സംഗീതത്തിന്റെയും അനുരണനങ്ങള്‍ ഇളക്കിവിട്ടത്. എട്ടാം വയസ്സില്‍ അച്ഛന്റെ മരണത്തോടെ ആ നല്ല കാലം അസ്തമിച്ചു.
പിതൃനഗരത്തില്‍ നിന്ന് അമ്മയുടെ ഗ്രാമീണ വസതിയിലേക്കുള്ള പറിച്ചുനടല്‍ ഒഎന്‍വിയിലെ ബാല്യത്തെ വല്ലാതെ പൊറുതിമുട്ടിച്ചിരുന്നു. ജീവിതം മുഴുവന്‍ ഇരുട്ടിലായിപ്പോയ തനിക്ക് മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടമായത് കവിതയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. സ്‌കൂള്‍ ലൈബ്രറിയിലെ വായനാലോകം കുട്ടിക്കാലത്ത് തന്നെ തകഴിയും ബഷീറും അന്തര്‍ജനവും ചങ്ങമ്പുഴയുമെല്ലാം വായനയിലൂടെ അദ്ദേഹത്തിന് സുപരിചിതരായി.

സിനിമാപ്പാട്ടുകളിലേക്ക് വന്ന വഴി

ചെറുപ്പത്തില്‍ തന്നെ ഒഎന്‍വി കെപിഎസിക്കു വേണ്ടി നാടകഗാനങ്ങളെഴുതിയിരുന്നു. ആ നാടകഗാനങ്ങളുടെ ജനപ്രീതി കണ്ടുകൊണ്ടാണ് ‘കാലം മാറുന്നു’ എന്ന സിനിമയുടെ നിര്‍മാതാവ് പാട്ടെഴുതാന്‍ ക്ഷണിച്ചത്. സംഗീതം ദേവരാജനും കഥ എസ് കെ പൊറ്റെക്കാട്ടിന്റേതും ആയതിനാല്‍ ഒഎന്‍വി സമ്മതിക്കുകയായിരുന്നു. ദേവരാജന്റെ അരങ്ങേറ്റം നടന്നതും ഈ സിനിമയിലാണ്. പിന്നീട് ബാബുരാജിലൂടെയും എം ബി ശ്രീനിവാസനിലൂടെയും കെ രാഘവനിലൂടെയും സലില്‍ ചൗധരിയിലൂടെയും രഘുനാഥ് സേത്തിലൂടെയുമെല്ലാം ഇന്ത്യന്‍ സംഗീതത്തിന്റെ വൈവിധ്യങ്ങള്‍ ഒഎന്‍വിയുടെ വരികളിലൂടെ മലയാളി അനുഭവിച്ചറിഞ്ഞു. പല നല്ല കവികളും സിനിമാപ്പാട്ടില്‍ അമ്പേ പരാജിതരായിരുന്നിടത്തുനിന്നാണ് ഒഎന്‍വി വിജയം വരിച്ചത്. ഒഎന്‍വിയോടൊപ്പം ഒന്നിച്ചു നടന്നവരാണ് വയലാറും പി ഭാസ്‌കരനും. ഇവര്‍ മൂവരും എഴുതിത്തുടങ്ങിയത് ഒരുപോലെയാണെങ്കിലും അവരില്‍ നിന്ന് വഴിമാറി നടക്കാന്‍ സാധിച്ചതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

onv-family
ഗാനത്തിന്റെ വിജയത്തിന് അദ്ദേഹം ഏതറ്റംവരെയും പോയിരുന്നുവെന്നതിന് തെളിവ് ഹരിഹരന്റെ ‘നഖക്ഷതങ്ങ’ളിലെ മഞ്ഞള്‍പ്രസാദം എന്ന ഗാനമാണ്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിലും. ഉള്ളിലെ മഹാകവിയെ ബോധപൂര്‍വം മാറ്റിനിര്‍ത്തി ഒരു ഗ്രാമീണ ബാലനായി മാറിയാണ് ഒഎന്‍വി മഞ്ഞള്‍പ്രസാദം എഴുതിയത്. തൃപ്തി തോന്നാതെ പലതവണ അത് മാറ്റിയെഴുതേണ്ടിവന്നുവത്രെ.

ആദ്യമെഴുതിയത് മനോഹരമായ കവിതയാണ്. പക്ഷേ, സിനിമയില്‍ ആ കവിതയുടെ രചയിതാവായി വരുന്ന വിനീതിന്റെ കഥാപാത്രം പത്താം ക്ലാസുകാരനാണ്. ബാലപംക്തിയില്‍ എഴുതുന്ന ആ 15 വയസ്സുകാരന്റെ കഴിവിനും ഭാവനയ്ക്കും ഒത്ത ഗാനമേ അവിടെ വേണ്ടതുള്ളൂ എന്ന ഹരിഹരന്റെ നിര്‍ദേശമാണ് ഉള്ളിലെ മഹാകവിയെ ബോധപൂര്‍വം മാറ്റിനിര്‍ത്തി ഒരു ഗ്രാമീണബാലനായി മാറി എഴുതിയതിനു പിന്നില്‍. ആ ഗാനത്തിന്റെ വരികളിലൂടെ കടന്നുപോയാല്‍ അത് മനസ്സിലാവും. അത്രയും ലളിതസുന്ദരമാണ് ആ രചന. ഒരുപക്ഷേ, ഇത്രയും ലളിതമാക്കി സൗന്ദര്യത്തെ ആവിഷ്‌കരിക്കാന്‍ ഒഎന്‍വിക്കു മാത്രമേ കഴിയൂ. കാരണം, ലളിതമാവുക എന്നതാണല്ലോ ഏറ്റവും സങ്കീര്‍ണമായ പ്രക്രിയ.

കവി എന്നതിനേക്കാള്‍ അദ്ദേഹത്തെ ജനപ്രിയനാക്കിയത് സിനിമാപ്പാട്ടെഴുത്ത് തന്നെയായിരിക്കും. ഒഎന്‍വി കവിതകളുടെ ആലാപനങ്ങള്‍ കാവ്യാസ്വാദകര്‍ കാസറ്റുകളിലാക്കി സൂക്ഷിച്ചു. കാസറ്റ് കവിതകളില്‍ ഏറിയപങ്കും ഒഎന്‍വിയുടെതാണ്. ഗസല്‍ രചനയിലും ഒഎന്‍വി മുന്നില്‍തന്നെയായിരുന്നു. സലില്‍ദായുടെ സംഗീതത്തില്‍ ‘ശ്യാമ മേഘമേ! നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ …’ എന്ന പാട്ട് ബംഗാളിഗസലിന്റെ  ഛായയിലാണ് എഴുതിയത്.

onv-dead
ഒഎന്‍വിയുടെ ഏറ്റവും പ്രശസ്തമായ കവിതയായി കാവ്യലോകം പരിഗണിക്കുന്നത് ‘ഭൂമിക്കൊരു ചരമഗീത’മാണ്. പാരിസ്ഥിതിക ദര്‍ശനത്തില്‍ നിന്നുയിര്‍ക്കൊണ്ട ആദ്യമലയാള കവിത ഇടശ്ശേരിയുടെ ‘കുറ്റിപ്പുറം പാലം’ ആണെങ്കിലും കൂടുതല്‍ ശക്തവും ജനകീയവുമായിത്തീര്‍ന്നത് ‘ഭൂമിക്കൊരു ചരമഗീതം’ തന്നെ. സൈലവന്റ്‌വാലി പ്രക്ഷോഭകാലത്ത് തിരുവനന്തപുരത്ത് സുഗതകുമാരിയുടെ നേതൃത്വത്തില്‍ നടന്ന ഒരു പരിസ്ഥിതി കവിതാ സമ്മേളനത്തില്‍ വച്ചാണ് ‘ഭൂമിക്കൊരു ചരമഗീതം’ ആദ്യം വായിച്ചത്. ‘പുഷ്പങ്ങളുടെ തേന്‍കണങ്ങളും കിളികളുടെ കളമൊഴിയും സങ്കലനം ചെയ്ത് സൃഷ്ടിച്ചതാണ് ഒഎന്‍വി കവിതകളിലെ സംഗീത മധുരിമ എന്ന് ഡോ. ആര്‍ വിശ്വനാഥന്‍ ഒരിക്കല്‍ ഒഎന്‍വി കവിതകളെ നിരൂപിച്ചിട്ടുണ്ട്. കരയുന്നവരോടൊപ്പം നില്‍ക്കുന്നതാവണം കവിതയെന്ന് സ്വയം വിശ്വസിച്ചിരുന്ന ഒഎന്‍വി തന്റെ കവിതകളില്‍ ആധുനികതയുടെ ഇടിമുഴക്കിയപ്പോഴും സംഗീതമധുരിമ നഷ്ടപ്പെട്ടില്ല.

പൊതുവിഷയങ്ങളിലൊന്നും ചാടിക്കയറി അഭിപ്രായം പറയുന്ന സ്വഭാവക്കാരനായിരുന്നില്ലെങ്കിലും ഒഎന്‍വിയുടേത് മാര്‍ക്‌സിയന്‍ കാഴ്ചപ്പാടുകള്‍ തന്നെയായിരുന്നു. ‘മാര്‍ക്‌സിന്റെ അത്യഗാധമായ സ്‌നേഹവായ്പ്, ആ വലിയ മനുഷ്യന്റെ നേര്‍ക്കുള്ള ആദരവിന് കാരണമായി. അതെന്റെ ജീവിതവീക്ഷണത്തെയും സ്വാധീനിച്ചിട്ടുണ്ട്. സ്വാഭാവികമായും കവിതയെയും’ തന്റെ കാവ്യലോകത്തെയും കുറിച്ച് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. അദ്ദേഹം അധസ്ഥിതരുടെ സ്വപ്നങ്ങള്‍ക്ക് ഭാഷ നല്‍കി. ‘നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ’ എന്ന രചനയായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട വരികള്‍. കെപിഎസി നാടകത്തിലെ ഒരു യുഗ്മഗാനത്തിലെ ഈരടിയാണിത്. കേരള നിയമസഭ പാസാക്കിയ പല ഭൂനിയമങ്ങളുടെയും ചര്‍ച്ചാവേളയില്‍ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഈ വരികള്‍ ഉദ്ധരിച്ച് സംസാരിച്ചിട്ടുണ്ട്.

onv
അതേസമയം, ഇടതുപക്ഷത്തോടുള്ള അചഞ്ചലമായ താല്‍പര്യവും തലയ്ക്കു പിടിച്ച വിപ്ലവനിലപാടുകളും മൂലം ഒഎന്‍വിയുടെ ആദ്യകാല കവിതകള്‍ വെറും മുദ്രാവാക്യങ്ങള്‍ മാത്രമായിരുന്നുവെന്ന് പലരും വിമര്‍ശിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ കടുത്ത സ്വാധീനം ഒഎന്‍വിയുടെ സര്‍ഗാത്മകമായ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിച്ചിരുന്നുവെന്നാണ് വിമര്‍ശകര്‍ കരുതുന്നത്. അതേസമയം, ബൈബിള്‍ ബിംബങ്ങളും ബൈബിള്‍ കഥാപാത്രങ്ങളും  പുരാണകഥാപാത്രങ്ങളെയും കവിതയിലേക്കു കൊണ്ടുവന്ന കവിയാണ് ഒഎന്‍വി. വിപ്ലവത്തിന്റെ പ്രതീക്ഷയില്‍ തുടങ്ങി കാല്‍പനികതയുടെ വിഷാദത്തിലൂടെ കടന്ന് പലവഴി സഞ്ചരിച്ച ഒരു കവിയാണ് ഇപ്പോള്‍ കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss