|    Jun 19 Tue, 2018 1:10 am
Home   >  Todays Paper  >  Page 1  >  

ഒഎന്‍വിക്ക് സാംസ്‌കാരിക കേരളം വിട ചൊല്ലി

Published : 16th February 2016 | Posted By: SMR

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി കുറുപ്പിന് സാംസ്‌കാരികകേരളം കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി. മലയാള കാവ്യ, ഗാനശാഖയിലെ അതുല്യപ്രതിഭയുടെ ഭൗതികശരീരം ഇന്നലെ രാവിലെ 10.50ഓടെയാണ് അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയത്. തൈക്കാട് ശാന്തികവാടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കവിയോടുള്ള ആദരസൂചകമായി ഡോ. ഓമനക്കുട്ടിയുടെ നേതൃത്വത്തില്‍ ഒഎന്‍വിയുടെ ശിഷ്യന്‍മാരായ 84 കലാകാരന്‍മാര്‍ ഗാനാര്‍ച്ചന നടത്തി.
സംസ്‌കാരം കഴിയുന്നതുവരെ ഒഎന്‍വി രചിച്ച സിനിമാഗാനങ്ങള്‍, നാടകഗാനങ്ങള്‍, കവിതകള്‍ എന്നിവ കോര്‍ത്തിണക്കിയ സംഗീതാര്‍ച്ചന ശാന്തികവാടത്തില്‍ മുഴങ്ങി. ‘മാരിവില്ലിന്‍ തേന്‍ മലരേ.. മാഞ്ഞുപോകയോ…’ എന്ന ഗാനമായിരുന്നു മൃതദേഹം സംസ്‌കരിക്കാനെടുത്തപ്പോള്‍ മുഴങ്ങിയത്. ആയിരക്കണക്കിന് ഭാഷാസ്‌നേഹികളുടെ നിറഞ്ഞ പ്രാര്‍ഥനയ്‌ക്കൊടുവില്‍ മൂത്തമകന്‍ രാജീവന്‍ അന്ത്യകര്‍മങ്ങള്‍ ചെയ്തു. മന്ത്രി കെസി ജോസഫ്, സ്പീക്കര്‍ എന്‍ ശക്തന്‍, മന്ത്രി വിഎസ് ശിവകുമാര്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ 9.30ന് വഴുതക്കാട്ടെ വസതിയായ ഇന്ദീവരത്തില്‍നിന്ന് വിലാപയാത്രയായി ശാന്തികവാടത്തിലെത്തിച്ച ഭൗതികശരീരത്തില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളിലെ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒഎന്‍വിയുടെ പത്‌നി സരോജിനിയും മക്കളും ചെറുമക്കളും നിറമിഴികളോടെ മൃതദേഹത്തിനരികില്‍ ഉണ്ടായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, ഷിബു ബേബിജോണ്‍, എ പി അനില്‍കുമാര്‍, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, എംഎല്‍എമാരായ കെ എം മാണി, തോമസ് ഐസക്, എ കെ ബാലന്‍, സി കെ നാണു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡിജിപി ടിപി സെന്‍കുമാര്‍, കലക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss