|    Aug 20 Sun, 2017 9:49 am
Home   >  Todays Paper  >  page 11  >  

ഐ ലീഗ് പ്രവേശനം : കേരള ടീമുകളുടെ സാധ്യത ഇന്നറിയാം

Published : 8th August 2017 | Posted By: fsq

 

ടി  പി  ജലാല്‍

മലപ്പുറം: കേരളത്തിലെ പുതിയ പ്രഫഷനല്‍ ക്ലബ്ബുകളായ ഗോകുലം എഫ്‌സിയുടെയും തിരുവനന്തപുരം എവര്‍ഗ്രീന്‍ എഫ്‌സിയുടെയും ഐ ലീഗ് പ്രവേശനം ഇന്നറിയാം. ഇതുസംബന്ധിച്ച് ഇന്ന് നടക്കുന്ന എഐഎഫ്എഫ് യോഗത്തിനു ശേഷമാണ് യഥാര്‍ഥ ചിത്രം വ്യക്തമാവുക. ഇന്ന് നടന്നില്ലെങ്കില്‍ യോഗം നാളത്തേക്ക് മാറ്റിവയ്ക്കുമെന്ന് എഐഎഫ്എഫ് മീഡിയ മാനേജര്‍ നിലഞ്ജന്‍ പറഞ്ഞു. ഐ ലീഗില്‍ പങ്കെടുക്കാനുള്ള ലേലത്തുകയായ മൂന്നു ലക്ഷം രൂപ ക്ലബ്ബുകള്‍ നേരത്തെ തന്നെ കെട്ടിവച്ചിട്ടുണ്ട്.  അടുത്ത സീസണ്‍ ടൂര്‍ണമെന്റ് മുതല്‍ മൂന്നു ടീമുകളുടെ കുറവുണ്ടാവാനാണ് സാധ്യത. അവസാന സ്ഥാനത്തുള്ള മുംബൈ എഫ്‌സി, പിന്‍വാതിലിലൂടെ ഐഎസ്എല്ലിലേക്ക് ശ്രമം തുടരുന്ന നിലവിലെ ചാംപ്യന്മാരായ ഐസ്വാള്‍ എഫ്‌സി, ഐഎസ്എല്ലിലേക്ക് മാറുന്ന ബംഗളൂരു എഫ്‌സി തുടങ്ങിയ ടീമുകള്‍ക്ക് പകരമാവും പുതിയ ടീമുകള്‍. നിലവില്‍ സെക്കന്റ് ഡിവിഷന്‍ ചാംപ്യന്മാരായ മണിപ്പൂര്‍ നേരോക്ക എഫ്‌സിയാവും ഒന്നാമത് പ്രവേശനം ലഭിക്കുന്ന ടീം. ഇതിനു പുറമേ കേരളത്തില്‍ നിന്നുള്ള രണ്ട് ടീമുകളും ഒരു ബംഗളൂരു ടീമും പ്രവേശനം തേടുന്നുണ്ട്്. ഐസ്വാള്‍ എഫ്‌സി മിസോറാം, ബംഗളൂരു എഫ്‌സി, മോഹന്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുംബൈ എഫ്‌സി, മിനര്‍വ പഞ്ചാബ്, ചെന്നൈ സിറ്റി എഫ്‌സി, ഡിഎസ്‌കെ ശിവജിയന്‍സ് മുംബൈ, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവ, ഷില്ലോംങ് ലജോങ് മേഘാലയ തുടങ്ങിയ 10 ടീമുകളാണ് കഴിഞ്ഞ സീസണില്‍ ഐ ലീഗ് കളിച്ചത്.പുതിയ സീസണില്‍ എത്ര ടീമുണ്ടാവുമെന്ന് പറയാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഏതൊക്കെ ടീമുകള്‍ പുറത്തു പോവുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഐസ്വാള്‍ എഫ്‌സിയുടെ ഐഎസ്എല്‍ പ്രവേശനത്തിനെതിേര എഐഎഫ്എഫ് നേരത്തെ രംഗത്തു വന്നിരുന്നു. ഐ ലീഗില്‍ നിന്നും പിന്‍വാങ്ങുന്ന പക്ഷം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ തങ്ങളുടെ ആവശ്യം നിറവേറ്റാത്ത പക്ഷം എഎഫ്‌സിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്നാണ് ക്ലബ്ബുടമ റോബര്‍ട്ട് റൊമാവിയ റായ്‌ട്ടേയുടെ നിലപാട്. അതേസമയം ഐഎസ്എലിലേക്ക് കളം മാറിയ ബംഗളൂരു എഫ്‌സിക്കെതിരേ തിരിയാന്‍ എഐഎഫ്എഫ് ധൈര്യം കാണിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക