|    Oct 18 Wed, 2017 12:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഐസ്‌ക്രീം നുണഞ്ഞും ഫോണില്‍ കളിച്ചും സിന്ധു

Published : 21st August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: രണ്ടാഴ്ചയ്ക്കു ശേഷം ഇന്ത്യയുടെ അഭിമാനതാരം സിന്ധുവിന് ഫോണ്‍ തിരിച്ചുകിട്ടി. നീണ്ട മൂന്നുമാസത്തിനു ശേഷം അവള്‍ക്കിനി ഏറെ ഇഷ്ടമുള്ള ഐസ്‌ക്രീമും കഴിക്കാം. കഴിഞ്ഞ കുറേ മാസങ്ങളായി ഒളിംപിക്‌സ് മെഡല്‍ മാത്രം ലക്ഷ്യമിട്ട്  നടത്തിവന്നിരുന്ന കഠിന പരിശീലനത്തിന്റെ ഭാഗമായി കോച്ച് പുല്ലേല ഗോപിചന്ദ് വരുത്തിയ നിയന്ത്രണങ്ങളില്‍ നിന്നു മുക്തയായത് ആവോളം ആസ്വദിക്കുകയായിരുന്നു സിന്ധു ഇന്നലെ.
കോച്ച് ഗോപിചന്ദ് തന്നെയാണ് സിന്ധുവിന്റെ പരിശീലന നാളുകളിലെ അനുഭവങ്ങള്‍ പങ്കുവച്ചത്. മൂന്നുമാസങ്ങളായി സിന്ധുവിന്റെ മൊബൈല്‍ കോച്ച് പുല്ലേല ഗോപിചന്ദിന്റെ കൈവശമായിരുന്നു. ഫൈനല്‍ മല്‍സരം കഴിഞ്ഞശേഷമാണ് അദ്ദേഹം അത് തിരിച്ചുനല്‍കിയത്. മൊബൈല്‍ ലഭിച്ചതോടെ തന്റെ പ്രിയപ്പെട്ടവരുമായി മല്‍സരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു സിന്ധു. കൂടാതെ ഗെയിം കളിച്ചും ചാറ്റിങ് നടത്തിയും ഇന്നലെ സമയം ചെലവഴിച്ചു. മല്‍സരങ്ങളുടെ ഭാഗമായി നിയന്ത്രിച്ചിരുന്ന ഭക്ഷണക്രമീകരണങ്ങള്‍ മാറ്റുന്നതിനും കോച്ച് ഇന്നലെ അനുമതിനല്‍കി. മല്‍സരശേഷം സിന്ധുവിന് ഇഷ്ടപ്പെട്ട ഐസ്‌ക്രീം കഴിക്കാനുള്ള അവസരവും കോച്ച് നല്‍കി. ഫിറ്റ്‌നസിനെ ബാധിക്കുമെന്നതിനാലാണ് ഐസ്‌ക്രീം കഴിക്കുന്നതില്‍ നിന്നു താരത്തെ കോച്ച് വിലക്കിയിരുന്നത്.
ലണ്ടന്‍ ഗെയിംസിലെ സൈനയുടെ വെങ്കലനേട്ടത്തിനും റിയോയിലെ സിന്ധുവിന്റെ വെള്ളി നേട്ടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ഗോപിചന്ദിന്റെ കീഴിലെ ചിട്ടയായ പരിശീലനമായിരുന്നു. പാട്ടത്തിനെടുത്ത ഹൈദരാബാദിലെ ഗോപിചന്ദിന്റെ ഭൂമിയില്‍ സ്വന്തം വസ്തുവകകള്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് പടുത്തുയര്‍ത്തിയ ആധുനിക സൗകര്യങ്ങളോടെയുള്ള കോര്‍ട്ടില്‍ നിന്നാണ് ഇരുവരും ബാഡ്മിന്റണിന്റെ പാഠങ്ങള്‍ അഭ്യസിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക