|    Mar 25 Sat, 2017 5:36 am
FLASH NEWS

ഐസ്‌ക്രീം കേസ്: നിയമപോരാട്ടം തുടരുമെന്ന് വിഎസ്

Published : 8th July 2016 | Posted By: SMR

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. സുപ്രിംകോടതി നിര്‍ദേശിച്ചതനുസരിച്ച് സിബിഐ അന്വേഷണത്തിനുവേണ്ടി ഉടന്‍ വിചാരണക്കോടതിയെ സമീപിക്കും. കേസ് അട്ടിമറിച്ചതിനെക്കുറിച്ചാണ് അന്വേഷണം ആവശ്യപ്പെടുന്നത്. എല്ലാം കാത്തിരുന്നു കാണാമെന്നും വിഎസ് പറഞ്ഞു.
കേസില്‍ വി എസ് അച്യുതാനന്ദന്റെ ഹരജി തള്ളിയ സുപ്രിംകോടതി വിഎസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കോടതിയുടെ സമയം കളയരുതെന്നായിരുന്നു ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. അന്വേഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ ആദ്യം വിചാരണക്കോടതിയെ സമീപിക്കണം. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ഉയര്‍ന്ന കോടതികളെയും സമീപിച്ചശേഷമേ സുപ്രിംകോടതിയെ സമീപിക്കാവൂ. നേരിട്ട് സുപ്രിംകോടതിയെ സമീപിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിഎസ് സമര്‍പ്പിച്ച ഹരജി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചതും വിവാദമായിരുന്നു. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കൈക്കൊണ്ട നിലപാടിനെ ചോദ്യം ചെയ്ത വിഎസ് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ കോടതിയില്‍ പോയതെന്നാണ് ഇതിനോട് പ്രതികരിച്ചത്.
2011ല്‍ വിഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ ഐസ്‌ക്രീം കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, കേസ് അട്ടിമറിച്ചതിന് വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നാണ് അന്വേഷണ സംഘം കോഴിക്കോട് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. വിഎസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയേയും പിന്നീട് സുപ്രിംകോടതിയേയും സമീപിച്ച സാഹചര്യത്തില്‍ കോഴിക്കോട് കോടതി റിപോര്‍ട്ടില്‍ തീര്‍പ്പുകല്‍പിച്ചിരുന്നില്ല. ആരോപണ വിധേയരില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ന്യായാധിപരും മുന്‍ ഡിജിപി ജേക്കബ് പുന്നൂസും മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉണ്ടെന്നും അതിനാല്‍ കേസ് സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് വിഎസ് ആവശ്യപ്പെട്ടത്.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക