|    Dec 14 Thu, 2017 3:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് : ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം – ജയിച്ചാല്‍ ഇന്ത്യ സെമിയില്‍; തോറ്റാല്‍ പുറത്ത്‌

Published : 15th July 2017 | Posted By: fsq

 

ലണ്ടന്‍: ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക മല്‍സരം. സെമിയില്‍ കടക്കാന്‍ ഇന്ത്യക്ക് വിജയം നിര്‍ണായകമായ മല്‍സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ന് ജയിക്കുന്ന ടീം സെമിയില്‍ പ്രവേശിക്കുമെന്നിരിക്കെ മല്‍സരത്തില്‍ തീപ്പൊരി പാറുമെന്നുറപ്പ്.
സ്ഥിരതയില്ലാത്ത ബാറ്റിങ്
നിലവില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയും സഹിതം എട്ട് പോയിന്റുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡ് മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമടക്കം എട്ട് പോയിന്റുകളാണ് അക്കൗണ്ടിലാക്കിയിരിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി നേരത്തെ തന്നെ സെമി ബര്‍ത്തുറപ്പിച്ചു. ആസ്‌ത്രേലിയ രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തുമായാണ് സെമിയില്‍ പ്രവേശിച്ചത്.——ലോകകപ്പിന്റെ ആദ്യ നാല് മല്‍സരങ്ങളിലും നിറഞ്ഞുനിന്ന് ഇന്ത്യയുടെ ബാറ്റിങ് കരുത്ത് അവസാന രണ്ട് മല്‍സരങ്ങളിലും അത്ര കണ്ട് ശോഭിക്കാതെ പോയതാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടി നല്‍കിയത്. ഒറ്റപ്പെട്ട പ്രകടനങ്ങള്‍ ടീമില്‍ ഉണ്ടാവുന്നുണ്ടെങ്കിലും മികച്ച കൂട്ടകെട്ടുകളുടെ അഭാവവും ഇന്ത്യക്ക് തിരിച്ചടി നല്‍കുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജ് അവസാന മല്‍സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി ഏകദിനത്തില്‍ 6000 റണ്‍സ് നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡ് സ്വന്തമാക്കിയത് ഇന്ത്യക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്. എന്നാല്‍ 114 പന്തുകള്‍ നേരിട്ട മിഥാലി അടിച്ചത് 69 റണ്‍സ് മാത്രമാണ്. ഇന്ത്യന്‍ താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന കാഴ്ചയാണ് അവസാന രണ്ട് മല്‍സരങ്ങളിലും കണ്ടത്. ആസ്‌ത്രേലിയക്കെതിരെ പൂനെ റൗത്ത് സെഞ്ച്വറി നേടി ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും സ്മൃതി മന്ദാനയുടെ ഫോം ഔട്ട് ടീമിനെ പ്രതിസന്ധിയിലാക്കുന്നു. ആദ്യ മല്‍സരത്തില്‍ 90 റണ്‍സും രണ്ടാം മല്‍സരത്തില്‍ സെഞ്ച്വറിയും (106) നേടിയ സ്മൃതിയുടെ ബാറ്റിങ് മികവ് നിര്‍ണായക മല്‍സരത്തിലും മികവിനൊത്ത് ഉയരേണ്ടിയിരിക്കുന്നു. ഹര്‍മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി, സുഷ്മ വര്‍മ തുടങ്ങിയ താരങ്ങളെല്ലാം ബാറ്റിങില്‍ മികവിനൊത്ത് ഉയരാത്തത് ടീമിന്റെ വിജയത്തിന് തിരിച്ചടി നല്‍കുന്നു.—അതേസമയം ജുലാന്‍ ഗോസാമി നയിക്കുന്ന ഫാസ്റ്റ് ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം തന്നെ പുറത്തെടുക്കുന്നുണ്ട്. ശിഖാ പാണ്ഡെയും ദീപ്തി ശര്‍മയും ഏകതാ ബിഷ്ടും ആദ്യ മല്‍സരങ്ങളില്‍ കാണിച്ച അദ്ഭുത പ്രകടനം ഇന്നത്തെ മല്‍സരത്തിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് വിജയം പ്രതീക്ഷിക്കാം.
ബൗളിങ് കരുത്തില്‍ ന്യൂസിലന്‍ഡ്
അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് 75 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ന്യൂസിലന്‍ഡിനും ഇന്ന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ല. സെമി ബര്‍ത്ത് വിളിപ്പാടകലെ നില്‍ക്കുന്ന ന്യൂസിലന്‍ഡിന്റെ തുറുപ്പുചീട്ട് ബൗളിങ് പടയാണ്. ലിയാ തഹു, ലെയ്ഗ് കാസ്പറക്, ഹോളി ഹഡില്‍സ്റ്റണ്‍, സൂസി ബേയ്റ്റ്‌സ്, അമീലിയ കേര്‍ എന്നിവരുടെ ബൗളിങ് ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.—ബാറ്റിങ് നിരയില്‍ സൂസി ബേയ്റ്റ്‌സും ആമി സാറ്റര്‍വെയ്റ്റ്, കേഷി പെര്‍ക്കിന്‍സ് എന്നിവര്‍ ബാറ്റിങില്‍ ന്യൂസിലന്‍ഡിന് വേണ്ടി അവസാന മല്‍സരത്തില്‍ തിളങ്ങി. ഇന്ത്യയുടെ ബാറ്റിങ് കരുത്തും ന്യൂസിലന്‍ഡിന്റെ ബൗളിങ് കരുത്തും തമ്മിലുള്ള ശക്തി പരീക്ഷണമാവും ഇന്നത്തെ മല്‍സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക