|    Dec 15 Fri, 2017 10:02 am
Home   >  Todays Paper  >  page 12  >  

ഐസക് വീണ്ടും മന്ത്രിയായിട്ടും മുത്തങ്ങ വാളയാര്‍ മോഡലായില്ല

Published : 3rd August 2016 | Posted By: SMR

ജംഷീര്‍ കൂളിവയല്‍

കല്‍പ്പറ്റ: വയനാട് മുത്തങ്ങയിലെ സംയോജിത ചെക് പോസ്‌റ്റെന്ന ആശയം അട്ടിമറിക്കപ്പെടുന്നു. കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന ടി എം തോമസ് ഐസക് ആണ് മുത്തങ്ങയില്‍ വാളയാര്‍ മോഡല്‍ ചെക്‌പോസ്‌റ്റെന്ന ആശയത്തിനു തുടക്കമിട്ടത്. അഴിമതിയും കള്ളക്കടത്തും മുത്തങ്ങയില്‍ വര്‍ധിച്ച സാഹചര്യത്തിലാണു വാളയാര്‍ മോഡല്‍ ഏകീകൃത ചെക്‌പോസ്റ്റ് പദ്ധതി മുത്തങ്ങയില്‍ വിഭാവനം ചെയ്തത്. തോമസ് ഐസക്തന്നെ വീണ്ടും ധനമന്ത്രിയായിട്ടും സംയോജിത ചെക്‌പോസ്‌റ്റെന്ന ആശയം ഫയലിലുറങ്ങുകയാണ്.
ഒന്നര കിലോമീറ്ററിനുള്ളില്‍ വാണിജ്യ നികുതി, ഫോറസ്റ്റ്, എക്‌സൈസ്, ആര്‍ടിഒ, മൃഗസംരക്ഷണവകുപ്പ് തുടങ്ങി അഞ്ചു ചെക്‌പോസ്റ്റുകളാണു മുത്തങ്ങയിലുള്ളത്. യാതൊരുവിധ ആധുനിക സൗകര്യങ്ങളുമില്ലാതെയാണ് ഇവിടങ്ങളില്‍ വാഹനപരിശോധനയും മറ്റും നടക്കുന്നത്. കുഴല്‍പണക്കടത്തിന്റെ കേന്ദ്രമായി മാറിയ മുത്തങ്ങയില്‍ പരിശോധനാ സംവിധാനങ്ങളും പോലിസ് എയ്ഡ്‌പോസ്റ്റും വിപുലപ്പെടുത്തണമെന്ന ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്.
രാത്രികാല ഗതാഗത നിരോധനം നിലനില്‍ക്കുന്ന പാതയില്‍ ചെക് പോസ്റ്റ് തുറക്കുമ്പോള്‍ നൂറുകണക്കിനു വാഹനങ്ങളാണ് കടന്നുപോവുക. ഇവയെല്ലാം പൂര്‍ണമായും പരിശോധിക്കാനാവില്ല. ഇതാണു കള്ളക്കടത്തിന്റെ പ്രധാന പാതയായി മുത്തങ്ങയെ മാറ്റുന്നത്. സംയോജിത ചെക്‌പോസ്റ്റ് സംവിധാനത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി കല്ലൂരില്‍ ആറേക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍, തുടര്‍ നടപടികളുണ്ടായില്ല.
കഴിഞ്ഞമാസം മാത്രം ആറുകോടിയിലധികം രൂപയുടെ കുഴല്‍പണമാണ് മുത്തങ്ങയില്‍ പിടികൂടിയത്. പാന്‍മസാല ഉല്‍പന്നങ്ങളടക്കമുള്ള ക്വിന്റല്‍ കണക്കിന് ലഹരിമരുന്നുകള്‍ ഇവിടെനിന്നു തുടര്‍ച്ചയായി പിടികൂടാറുണ്ട്.  കേരള, കര്‍ണാടക സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 212ലാണ് ചെക്‌പോസ്റ്റുള്ളത്. ദിവസേന ചെറുതും വലുതുമായ നൂറുകണക്കിനു വാഹനങ്ങളാണ് ഇരുഭാഗത്തേക്കുമായി ഇതുവഴി കടന്നുപോവുന്നത്. കര്‍ണാടകയി ല്‍നിന്നു വരുന്ന ചരക്കുലോറികളടക്കമുള്ള വാഹനങ്ങള്‍ പരിശോധനയ്ക്കായി വനമധ്യത്തിലൂടെയുള്ള ദേശീയപാതയോരത്താണ് നിര്‍ത്തിയിടുന്നത്. പൊതുവെ റോഡിനു വീതി കുറഞ്ഞ ഈ ഭാഗത്ത് കൂടുതല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മുത്തങ്ങ ചെക്‌പോസ്റ്റ് സന്ദര്‍ശിക്കാനെത്തിയ അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക് പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് അടിയന്തരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.
രാത്രികാല ഗതാഗത നിരോധന സമയത്തിനു മുമ്പ് അതിര്‍ത്തി കടക്കാനായി പാഞ്ഞുപോവുന്ന വാഹനങ്ങള്‍ മുത്തങ്ങ ചെക്‌പോസ്റ്റിലെ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം കുടുങ്ങും. യാത്രക്കാര്‍ക്ക് പലപ്പോഴും രാത്രിയില്‍ കാടിനുള്ളില്‍തന്നെ കഴിയേണ്ടിയും വരുന്നു. രാത്രികാലങ്ങളിലെ ഗതാഗതക്കുരുക്ക് വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിനും തടസ്സമാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക