|    Mar 22 Thu, 2018 7:40 pm
FLASH NEWS

ഐസക്കിനെ നേരിടാന്‍ ലാലിവിന്‍സന്റ്; ആലപ്പുഴയില്‍ പോരാട്ടം കനക്കും

Published : 11th April 2016 | Posted By: SMR

അബ്ദുല്‍സലാം പൊന്നാട്

മണ്ണഞ്ചേരി: സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും പതിനെട്ടടവും പയറ്റുമ്പോള്‍ ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം കനക്കും. സാമ്പത്തിക വിദഗ്ധനും മുന്‍ ധനമന്ത്രിയും സിറ്റിങ് എംഎല്‍എയുമായ ഡോ. ടി എം തോമസ് ഐസക്കാണ് ഇപ്രാവശ്യവും ഇടതുമുന്നണിയ്ക്കുവേണ്ടി ജനവിധി തേടുന്നത്. 2001 മുതല്‍ മണ്ഡലത്തെ പ്രതിനിദാനം ചെയ്യുന്ന ഐസക് ആദ്യം കോണ്‍ഗ്രസിലെ പി ജെ ഫ്രാന്‍സീസിനേയും 2006-ല്‍ സിമിറോസ്‌ബെല്‍ ജോണിനേയും 2011 ല്‍ പി ജെ മാത്യുവിനെയുമാണ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ഇടത് ഭരണകാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ഒന്നരപതിറ്റാണ്ടിനകം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു. കേരളാ സ്പിന്നേഴ്‌സ്, കെഎസ്ഡിപി, ഓട്ടോകാസ്റ്റ, ഹോംകോ എന്നിവയുടെ വികസനത്തിനും നിരവധി റോഡുകളുടെ പുനര്‍ നിര്‍മാണത്തിനുമായി കോടികള്‍ അനുവദിപ്പിച്ചു, മാലിന്യ സംസ്‌ക്കരണം ജൈവപച്ചക്കറി കൃഷി എന്നിവയിലൂടെ ജനശ്രദ്ധപിടുച്ചുപറ്റിയ ഐസക്കിന് ജനവിധി അനുകൂലമാകുമെന്ന് തന്നെയാണ് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നത്.
എസ്എഫ.്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഐസക് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കയര്‍ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നിരവധിപേരെ മല്‍സര രംഗത്തേയ്ക്ക് നിര്‍ദേശിച്ചെങ്കിലും അവസാനവട്ടം കെപിസിസി വൈസ് പ്രസിഡന്റും കേരളാഹൈക്കോടതി അഭിഭാഷകയുമായ ലാലിവിന്‍സന്റിനാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഒരുപതിറ്റാണ്ടോളം കൊച്ചി നഗരസഭാ കൗണ്‍സിലറായിരുന്ന ലാലിവിന്‍സന്റ് കെഎസ്‌യു വിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കാത്തലിക് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ലാറ്റിന്‍കത്തോലിക അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി എന്നീ നിലകളിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിയംഗമാണ്. ഇവരിലൂടെ ഇടത് കോട്ടയ്ക്ക് വിള്ളലുണ്ടാക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാനീയ സമിതി സെക്രട്ടറിയായി പൊതുപ്രവര്‍ത്തനം തുടങ്ങിയ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെയാണ് എന്‍ഡിഎ കളത്തിലിറക്കിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss