|    Mar 24 Fri, 2017 11:54 am
FLASH NEWS

ഐബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച കേസ്: പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു; പ്രതിക്കെതിരേ കൂടുതല്‍ കേസുകള്‍

Published : 22nd July 2016 | Posted By: SMR

മഞ്ചേരി: ഐബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഡെപ്യൂട്ടി തഹസീല്‍ദാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്നിലെ കോലോത്തും തൊടി അജ്മലി(26) നെയാണ് ഇന്നലെ തെളിവെടുപ്പിനായി വിട്ടുനല്‍കിയത്. പ്രതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. കാലങ്ങളായി പോലിസ് ആണെന്ന് വ്യാജേന ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ച് പല പ്രദേശങ്ങളിലെ വ്യക്തികളില്‍ നിന്നു പണം തട്ടിയെടുത്തിരുന്നു.
അമ്പലവയല്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജയശങ്കറിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജയശങ്കറിനെതിരേ ഒരു വലിയ കേസുണ്ടെന്നും അതിന്റെ കൃത്യമായ വിവരം തനിക്കറിയാമെന്നും ഇതിന്റെ മൊഴിയെടുത്ത മജിസ്‌ട്രേറ്റ് തന്റെ അടുത്ത സുഹൃത്താണെന്നും താന്‍ വിചാരിച്ചാല്‍ സംഭവം ഒതുക്കി തീര്‍ക്കാമെന്നും നിരന്തരം ഭീഷണിപ്പെടുത്തികൊണ്ടിരുന്നു. ജഡ്ജി മൂന്ന് ലക്ഷം രൂപ ചോദിച്ചെന്നും ഗഡുക്കളായി നല്‍കിയാല്‍ മതിയെന്നും അറിയിച്ചു. ഈ സംഭവം തഹസീല്‍ദാര്‍ പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസിന്റെ നിര്‍ദേശ പ്രകാരം ആദ്യഗഡു 25,000 രൂപ നല്‍കാമെന്ന അറിയിച്ച പ്രകാരം വഴിയില്‍ കാത്തുനിന്ന് തഹസീല്‍ദാറുടെ കാറില്‍ പണം കൈപറ്റാന്‍ കയറിയ പ്രതിയെ പോലിസ് പിടികൂടുകയായിരുന്നു.
പ്രതിയെ പത്രങ്ങളിലൂടെ തിരിച്ചറിഞ്ഞതോടെ പല സ്ഥലങ്ങളില്‍ നിന്നു ഒട്ടേറെ പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറും തട്ടിപ്പിനിരയായിട്ടുണ്ട്. റോയിലെ ഉദേ്യാഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മലപ്പുറത്തെ ജനമൈത്രി പോലിസിന്റെ കാര്യങ്ങള്‍ നോക്കുകയാണെന്നു പറഞ്ഞായിരുന്നു ഡോക്ടറെ പരിചയപ്പെട്ടത്.
ഇതിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കാന്‍ ശ്രമം നടന്നു. ഡോക്ടറുടെ പരാതിയിലും പോലിസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ജില്ലയിലെ ഒരു പ്രമുഖ സ്‌കൂളില്‍ നിന്നു തന്റെ സ്വാധീനം ഉപയോഗിച്ച് വനത്തിനുള്ളില്‍ ട്രക്കിങിന് സൗകര്യം ചെയ്തുതരാമെന്ന് പറഞ്ഞ് പണം തട്ടിയിട്ടുണ്ട്. മണല്‍, മണ്ണെടുപ്പ് സംഘങ്ങളില്‍ നിന്നു പരിസ്ഥിതി പ്രവര്‍ത്തകന്‍ ചമഞ്ഞും പണം വാങ്ങിയിട്ടുണ്ട്. ജില്ലയിലെ പല ആദിവാസി കോളനികളിലും ഇയാള്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ചതിന്റെ തെളിവുകളും പോലിസിന് ലഭിച്ചു.
ഇതുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ബ്രാഞ്ചിന്റെ അനേ്വഷണവും നടക്കുന്നുണ്ട്. സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘത്തില്‍ എസ്‌ഐ എസ്ബി കൈലാസ് നാഥ്, ക്രൈം സ്‌കോഡ് അംഗങ്ങളായ പി സഞ്ജീവ് എന്നിവരും അംഗങ്ങളാണ്.

(Visited 46 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക