|    Oct 16 Tue, 2018 1:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഐബിക്കു പകരം എന്‍ഐഎ : കഥകളുമായി വീണ്ടും മാധ്യമങ്ങള്‍

Published : 14th September 2017 | Posted By: fsq

പി സി അബ്ദുല്ല

കോഴിക്കോട്: ഇന്റലിജന്‍സ് ബ്യൂറോയുടെ പേരില്‍ കുറച്ചുകാലം മുമ്പുവരെ ഒരു സമുദായത്തിനും ചില സംഘടനകള്‍ക്കുമെതിരേ കഥകള്‍ മെനഞ്ഞ് പരാജയപ്പെട്ട ദുരൂഹ സംഘങ്ങള്‍ എന്‍ഐഎയുടെ പേരില്‍ പുതിയ പ്രചാരണങ്ങളുമായി രംഗത്ത്. മത തീവ്രവാദം, ഹവാല, ലൗ ജിഹാദ്, മലപ്പുറം വിരുദ്ധ ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മുന്‍കാലങ്ങളില്‍ ഐബിയുടെ പേരിലായിരുന്നു വാര്‍ത്തകള്‍ വരാറുണ്ടായിരുന്നത്. ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചു എന്ന തരത്തില്‍ സ്‌ഫോടനാത്മകമായ പല വാര്‍ത്തകളും കഴിഞ്ഞ കാലങ്ങളില്‍ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. മലപ്പുറം തിയേറ്റര്‍ അഗ്‌നിബാധ, കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്, മാറാട് ഒന്നും രണ്ടും കലാപങ്ങള്‍, ഹുബ്ലി സിമി കേസ് തുടങ്ങിയവയ്ക്കു പുറമേ, ഈയിടെ പിടിയിലായ ഐഎസ് സ്‌ലീപര്‍ സെല്‍ കേസ് പ്രതികള്‍ ഉള്‍പ്പെട്ട മുസ്‌ലിം വിരുദ്ധ തീവ്രവാദ കഥകളും ഐബിയെ ഉദ്ധരിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുമ്പില്‍ പോപുലര്‍ ഫ്രണ്ട് പരാതിപ്പെട്ടപ്പോള്‍ ഐബിയുടേയും എന്‍ഐഎയുടേയും പ്രതിനിധികള്‍ ഹാജരായി തങ്ങള്‍ അത്തരം വാര്‍ത്തകള്‍ നല്‍കാറില്ലെന്നു ബോധിപ്പിച്ചിരുന്നു.ഏറെ വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരനെതിരേ രൂപപ്പെടുകയും ചാരക്കേസിനു ശേഷം സംഘപരിവാര മാധ്യമ സിന്‍ഡിക്കേറ്റായി പരിണമിക്കുകയും ചെയ്ത തലസ്ഥാനത്തെ വ്യാജ വാര്‍ത്താ മാഫിയയാണ് അടുത്ത കാലത്ത് ഒരു മന്ത്രിയെ അശ്ലീല സംഭാഷണത്തില്‍ കുടുക്കി പിടിയിലായത്. ചാരക്കേസ് അരങ്ങേറിയ കാലത്ത് മുമ്പ് ഒരു അശ്ലീല സായാഹ്ന പത്രത്തിലായിരുന്ന ഒരു ലേഖകന്‍ ചില പോലിസ് ഉദ്യോഗസ്ഥരുമായി സ്ഥാപിച്ച പിന്നാമ്പുറ ബന്ധങ്ങളാണ് പിന്നീട് ചില മലയാള പത്രങ്ങളില്‍ സ്‌ഫോടനാത്മക വാര്‍ത്തകളായി അച്ചടിമഷി പുരണ്ടത്. എന്നാല്‍, ഒരു വനിതാ കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പെട്ട വ്യാജരേഖാ വാര്‍ത്താക്കേസില്‍ പ്രതിയായി തിരുവനന്തപുരത്തെ മഞ്ഞപ്പത്ര ലേഖകന്‍ ഒളിവില്‍ പോവേണ്ടി വന്നു.കേസ് കഴിഞ്ഞ് പ്രത്യക്ഷപ്പെട്ട ഈ ലേഖകന്‍ തന്നെ ലൗജിഹാദ് കേസില്‍ ഐബിയുടെ പേരുപയോഗിച്ച് ഒരു കോട്ടയം പത്രത്തില്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. വ്യാജ പേരിലാണ് ഇയാള്‍ മുസ്‌ലിം വിരുദ്ധ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്ന് അക്കാലത്ത് തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. കോട്ടയം പത്രം ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചതോടെ ഇയാളെ ഇന്‍വെസ്റ്റിഗേഷന്‍ റിപോര്‍ട്ടിങ് മേധാവിയായി നിയമി ച്ചു. എന്നാല്‍, ഒരു മന്ത്രിക്കെതിരായ അശ്ലീലക്കെണിയില്‍ ചാനലിന്റെ ഒന്നാംദിനം തന്നെ ഇയാള്‍ അകപ്പെടുകയും ചെയ്തു.ജയില്‍ മോചിതനായ ശേഷം ഒരു മലയാള ദേശീയ പത്രവുമായി സഹകരിച്ചാണത്രെ ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. ബിജെപിയിലെ മെഡിക്കല്‍ കോളജ് അഴിമതി ഈ പത്രവും ചാനലും പ്രധാന വാര്‍ത്തകളാക്കിയതിനു പിന്നാലെ, ബിജെപി ദേശീയ നേതൃത്വത്തിലെ പ്രമുഖര്‍ ഈ പത്രത്തിന്റെ എംഡിയെയും മകനെയും സന്ദര്‍ശിച്ചിരുന്നു. എന്‍ഡിഎയുടെ സംസ്ഥാന വൈസ് ചെയര്‍മാന്റെ ചാനലിന് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പിന്തുണ കോഴിക്കോട് ദേശീയ പത്രത്തിന്റെ ചാനലിന് നല്‍കാമെന്ന് ബിജെപി സംസ്ഥാന നേതൃത്വവും അറിയിച്ചു എന്നാണ് വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss